സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍തന്നെ മെക്കാനിക്കായി വന്നതാണോ?; അനുഭവം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ഉണ്ടായ അനുഭവമാണ്. ഒരു ശനിയാഴ്ച വൈകുന്നേരം ഞങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി, അടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്ന് രാത്രി ദര്‍ശനം കഴിഞ്ഞു. അടുത്ത ദിവസം രാവിലെയും ഭഗവദ്ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ തയ്യാറെടുത്തു.

തിരിച്ചു ലോഡ്ജിലെത്തി, അമ്മ ഞങ്ങളുടെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്തു, ഞാന്‍ ബാഗുകള്‍ എടുത്ത് ഞങ്ങളുടെ മാരുതി കാറില്‍ വച്ചു. ബാക്കി ലഗേജ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ ഞാന്‍ കാര്‍ അബദ്ധത്തില്‍ ലോക്ക് ചെയ്തു. നിര്‍ഭാഗ്യവശാല്‍ കാറിന്റെ താക്കോല്‍ കാറിനുള്ളിലായിരുന്നു. ഞാന്‍ ഭയപ്പെട്ടു, കാറിന്റെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നു. കാര്‍ തുറക്കാന്‍ ഒരു വഴിയുമില്ല. കാറിന്റെ താക്കോല്‍ ഡ്രൈവര്‍ സീറ്റില്‍ കിടക്കുന്നത് എനിക്ക് കാണാം. വിവരമറിഞ്ഞ മാതാപിതാക്കളും വിഷമത്തിലായി. അവര്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഇരുന്നു.
ഞായറാഴ്ച ആയതിനാല്‍ ഒരു മെക്കാനിക്കിനെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ലോഡ്ജുകാര്‍ പക്ഷേ ഞങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് മാര്‍ഗമില്ലെന്ന് അറിയിച്ചു.

മറ്റൊരു കാറിന്റെ താക്കോല്‍ ഉപയോഗിച്ച് ശ്രമിക്കാന്‍ ചിലര്‍ ഞങ്ങളോട് പറഞ്ഞുവെങ്കിലും, ഞങ്ങള്‍ സമീപിച്ച ആരും സഹായിക്കാന്‍ തയ്യാറല്ലായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറുക എന്നത് മാത്രമാണ് ഇനിയുള്ള വഴി.
അതേ ലോഡ്ജിന്റെ പുറത്ത് ഒരു ചെറിയ ടൂറിസ്റ്റ് വാന്‍ പാര്‍ക്ക് ചെയ്തിരുന്നു. പോകാനൊരുങ്ങുന്ന വാനില്‍ ആളുകള്‍ കയറുന്നത് ഞങ്ങള്‍ കണ്ടു. ആ വാനില്‍ ഉണ്ടായിരുന്ന ക്ലീനര്‍ ഞങ്ങളുടെ അടുത്ത് വന്ന് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. ഞാന്‍ അവനോട് വിവരം പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, അവന്‍ പുഞ്ചിരിക്കാന്‍ തുടങ്ങി, അവന്‍ വീണ്ടും വാനിലേക്ക് തിരിച്ചു പോയി, ഒരു ഹാക്‌സോ ബ്ലേഡുമായി വന്നു.

അവന്‍ എന്ത് ചെയ്യാന്‍ പോകുകയാണ് ? പക്ഷെ അവന്‍ ഒരു വിദഗ്ദ്ധനായിരുന്നു… കാറിന്റെ ഗ്ലാസിനും വാതിലിനുമിടയില്‍ ഒരു റബ്ബര്‍ ഉണ്ട്. ആ വിടവിലൂടെ ബ്ലേഡ് ഇട്ടു നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ വാതില്‍ തുറന്നു. ഇത് കണ്ട് ഞങ്ങള്‍ അദ്ഭുതപ്പെട്ടു. ഞങ്ങള്‍ക്ക് നന്ദി പറയാന്‍ പോലും അവസരം ലഭിക്കുന്നതിന് മുന്‍പ് അയാള്‍ വാനിലേക്ക് തിരിച്ചു പോയി, നിമിഷങ്ങള്‍ക്കകം വാന്‍ ഓടിച്ചു പോയി.

യാദൃശ്ചികമായി തോന്നാമെങ്കിലും, ഈ വ്യക്തിയെ ഞങ്ങളുടെ അടുത്തേക്ക് അയച്ചത് ഗുരുവായൂരപ്പനാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അതല്ല ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ടു കണ്ണന്‍ തന്നെ മെക്കാനിക്കായി വന്നതാണോ ?

കടപ്പാട്: ഫേബ്ബുക്കില്‍ ഒരുഭക്തന്‍ എഴുതിയത്‌

Related Posts