സ്പെഷ്യല്‍
മെയ് 9 ന്‌ വൈശാഖ മാസാരംഭം: വിഷ്ണു ഭജനത്തിലൂടെ സർവൈശ്വര്യങ്ങളും നേടാം

വൈശാഖമാസത്തിന്റെ പ്രാധാന്യത്തെ അറിഞ്ഞവരാണ് ഭാരതീയർ. പുരാതന കാലം മുതൽ തന്നെ ഓരോ മാസവും എങ്ങനെ ആചരിക്കണമെന്ന് ഗുരുകാരണവന്മാർ അടുത്ത തലമുറകൾക്ക് പകർന്നു നൽകിയിരുന്നു എന്ന് വേണം കരുതാൻ. ഓരോ മാസത്തിലും ഓരോ ദേവതയ്ക്കാണ് പ്രാധാന്യം. വൈശാഖമാസത്തിന്റെ അധിപൻ ഭഗവാൻ മഹാവിഷ്ണുവാണ്. സർവ മംഗളങ്ങളും നൽകുന്ന ഭക്തപ്രിയനാണ് മഹാവിഷ്ണു. ഈ വർഷം മെയ് 9 നാണ്‌
വൈശാഖമാസാരംഭം.

മാഘ, വൈശാഖ, കാർത്തിക മാസങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പഞ്ചാംഗത്തിൽ വിശദമായി പറയുന്നുണ്ട്. വൈശാഖമാസം മുഴുവൻ വിഷ്ണുഭഗവാനായി മാറ്റിവെച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ആരാധന നടത്തുന്നത് പൂർണവിശ്വാസത്തോടും അർപ്പണ മനോഭാവത്തോടും കൂടിയായിരിക്കണം.

വൈശാഖ പൂർണിമ പൂജ

വൈശാഖ പൂർണിമ ദിവസം പ്രാർത്ഥന നടത്തുന്നതും ഉപവസിക്കുന്നതും പാപവിമുക്തി നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വിഷ്ണുവിനെ ഭജിക്കുന്നവർക്ക് ഐശ്വര്യവും നേട്ടങ്ങളും ഉണ്ടാകും എന്നാണ് പൂർവപിതാമഹർ എഴുതിവെച്ചിരിക്കുന്നത്. ഭവിഷ്യ പുരാണം അനുസരിച്ച് മഹാവിഷ്ണു തന്റെ 24 അവതാരങ്ങളിലൊന്നായ കൂർമാവതാരം എടുത്ത ദിവസമാണിത്. അതുകൊണ്ടു തന്നെ വൈശാഖ പൂർണിമ ദിവസം മഹാവിഷ്ണുവിനെ ഈ രൂപത്തിൽ ആണ് പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിക്കുന്ന ആൾ എള്ളും എണ്ണയും ദാനമായി നൽകണം. മാത്രമല്ല സുഗന്ധം നൽകുന്ന പൂജാവസ്തുക്കളായ കർപ്പൂരം പോലുള്ള വസ്തുക്കളും സ്വർണം, വെള്ളി, പിത്തള ഇവയിൽ ഏതെങ്കിലും കൊണ്ട് നിർമിച്ച പാത്രത്തിൽ വെള്ളവും നൽകണം.
ഈ ദിവസം മഹാവിഷ്ണുവിനെ നെയ്യ്, പഞ്ചസാര, എള്ള് എന്നിവ കൊണ്ട് പൂജിക്കുക. പഞ്ചസാരയും നെയ്യും കൊണ്ട് ഹോമം നടത്താം. എള്ളും തേനും ദാനം നൽകാം. പാപവിമുക്തിക്കായി ഗംഗ, നർമദാ തുടങ്ങിയ പുണ്യ നദികളിൽ സ്നാനം നടത്താം.

വിഷ്ണുവിനെ ഭജിക്കുന്ന സമയത്ത് “ഓം നമോ ഭഗവതേ വാസുദേവായ” എന്ന മന്ത്രം ചൊല്ലാം. സത്യനാരായണവ്രതം അനുഷ്ഠിച്ച് ഉപവസിച്ചാൽ കുടുംബത്തിൽ ഐശര്യവും ഭാഗ്യവും കൈവരും. ഒരു പാത്രം എടുത്ത് വെള്ളം നിറച്ച് സൂര്യാസ്തമനത്തിനു ശേഷം ദേവന്റെ പ്രതിബിംബം ആ വെള്ളത്തിൽ കാണണം. ഇത് കുടുംബത്തിന് ഐശ്വര്യം പ്രദാനം ചെയ്യും.

ബുദ്ധ പൂർണിമ

വൈശാഖ പൂർണിമ ലോകമെമ്പാടും ബുദ്ധ പൂർണിമ എന്ന പേരിലാണ് ആഘോഷിക്കുന്നത്. മൂന്നു വിധത്തിൽ പാവനമായ ദിവസമാണിത്. ലുംബിനിയിൽ ബുദ്ധൻ ജനിച്ചദിവസവും, ബോധോദയം ഉണ്ടായ ദിവസവും നിർവാണം പ്രാപിച്ച ദിവസവും ആണിത്. ഈ ദിവസം ബുദ്ധമതക്കാർ തങ്ങളുടെ വീട്ടിൽ വിളക്കുകൾ കത്തിക്കുകയും വീട് പുഷ്പ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്ത് ബുദ്ധനെ ആരാധിക്കും.
ആളുകൾ ക്ഷേത്രങ്ങളിലും വീടുകളിലുമുള്ള ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ പൂക്കൾ അർച്ചിക്കുകയും ചിരാതുകൾ കൊളുത്തുകയും ചെയ്യുന്നു. ബോധിവൃക്ഷത്തെയും ഈ ദിവസം ആരാധിക്കുന്നു. ബോധഗയയിൽ വെച്ച് ബുദ്ധന് ബോധോദയം ഉണ്ടായ ദിവസവും കുശിനഗറിൽ വെച്ച് ബുദ്ധൻ നിർവാണം പ്രാപിച്ച ദിവസവുമായതിനാലാണ് വൈശാഖ പൂർണിമ ബുദ്ധപൂർണിമയായി ആഘോഷിക്കുന്നത്.
വൈശാഖ പൂർണിമയുടെ പ്രാധാന്യം
പഞ്ചാംഗം അനുസരിച്ച് രണ്ടാമത്തെ മാസമാണ് വൈശാഖം. സ്കന്ദപുരാണം അനുസരിച്ച് വൈശാഖ മാസത്തേക്കാൾ വിശേഷപ്പെട്ട ഒരു മാസമില്ല. ഈ മാസത്തിൽ സൂര്യോദയത്തിനു മുൻപ് കുളിക്കുന്നവർക്ക് പാപവിമോചനം ലഭിക്കും എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിക്ക് തീർത്ഥാടനം, ദാനം എന്നിവയിൽ നിന്ന് നേടാവുന്ന പുണ്യം വൈശാഖ പൂർണിമയിൽ ജലം നല്കുന്നതുകൊണ്ടു ലഭിക്കും.
ഈ ദിവസത്തിൽ ദാഹിക്കുന്ന ഒരാൾക്ക് ജലം നൽകുന്നത് രാജസൂയ യാഗത്തെക്കാൾ ഗുണം ചെയ്യും. ഈ ദിവസം പുലർച്ചെ ഗംഗ, നർമദ തുടങ്ങിയ പുണ്യ നദികളിൽ സ്നാനം ചെയ്ത് ഹോമം, ഉപവാസം, ആരാധന എന്നിവ നടത്തുന്നവരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

 

 

Vaishakh Month is considered to be the ideal month to perform charity, homas, fasts etc. Hindu Panchang mentions the significance of Magh, Vaishakh and Kartik months. Vaishakh month is one of the most auspicious months and is dedicated to Lord Vishnu.

 

Related Posts