സ്പെഷ്യല്‍
42 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ഏകാദശിക്ക് ഗുരുവായൂരപ്പന്റെ ശ്രീകോവില്‍ സ്വര്‍ണ്ണശ്രീകോവിലായി!

എഴുത്ത്- രാമയ്യര്‍പരമേശ്വരന്‍

നവംബര്‍ 29! ഗുരുവായൂരപ്പന്റെ ഭക്തന്‍മാര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുദിനം… അഗ്‌നിദേവന്‍ അഗ്‌നിശുദ്ധിവരുത്തിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രദിനം.!… എങ്കിലോ…. ഇന്ന്…. ഗുരുപവനപുരം…. ഗുരുവായൂര്‍ ക്ഷേത്രം ലോകഭൂപടത്തില്‍ തന്നെ ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായിമാറിയിരിക്കുന്നു !. 1970 നവംബര്‍ 29 ! ഒരശനിപാതം.. ഉണ്ടായെങ്കിലും. 54 വര്‍ഷം പിന്നിടുമ്പോള്‍ … സാധാരണക്കാരന്റെ മനസ്സില്‍ ഇന്ന് കത്തിക്കയറിയ ഗുരുവായൂര്‍ ക്ഷേത്രം!..സ്വര്‍ണ്ണശ്രീകോവിലും,സ്വര്‍ണ്ണശ്രീലകവാതിലും,സ്വര്‍ണ്ണവിളക്കുകളും, അങ്ങിനെ എന്തെല്ലാം….എല്ലാം സുവര്‍ണ്ണമയം… 1978 ലെ ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിന് ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ എത്തിയ ഭക്തന്‍മാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം പൊന്നമ്പലമായി മാറിയസന്തോഷം!.

യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിന് മേല്‍പ്പുര സ്വര്‍ണ്ണം പൊതിയാന്‍ ആലോചന തുടങ്ങിയത് 1967 ല്‍. ഈ പദ്ധതിക്ക് മാത്രമായി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സംഭാവനകള്‍ക്ക് വേണ്ടി കൊടിമരത്തിനു വടക്കുവശത്ത് ഒരു പ്രത്യേക ഭണ്ഡാരവും സ്ഥാപിച്ചിരുന്നു. കോഴിക്കോട് സാമൂതിരിരാജ മാനേജിംഗ് ട്രസ്റ്റിയും, ഗുരുവായൂര്‍ മല്ലിശ്ശേരി നമ്പൂതിരി കൊ.ട്രസ്റ്റിയുമായി ക്ഷേത്രഭരണം നടന്നുവന്ന കാലഘട്ടത്തില്‍ തന്നെ നടപടികള്‍ പുരോഗമിച്ചുവന്നു.

തൃപ്പൂണിത്തുറ ഈശ്വരവാരിയരും, മറ്റ് പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും സ്വര്‍ണം പൂശല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വന്നിരുന്നു. ഇതിനിടയിലാണ് 1970 നവംബര്‍ 29 ന് അര്‍ദ്ധരാത്രിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായ ഒരഗ്‌നിബാധ…. മേല്‍പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു. എന്നാല്‍ ഗുരുവായൂരപ്പന്റെ ഇച്ഛയെന്നൊണം ഈ സംഭവം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രചോദനമായി ഭവിച്ചു. ലോകമെമ്പാടുമുള്ള ഭക്തജനം ഗുരുവായൂര്‍ ക്ഷേത്രനവീകരണത്തിന്നായി അകമഴിഞ്ഞ സംഭാവനകളുമായി ആത്മസമര്‍പ്പണം നടത്തി. അതൊരു ചരിത്രസംഭവമായി. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രഭരണ സംവിധാനം തന്നെ മാറി. ജനാധിപത്യവ്യവസ്ഥിതിയിലുള്ള കേരള സര്‍ക്കാരിന്റെ അധീനതയില്‍ 1971 ല്‍ ഒരു പുതിയഭരണസംവിധാനംതന്നെ നിലവില്‍ വന്നു. 1978 ല്‍ നിലവിലുണ്ടായിരുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി,പണ്ട് നിര്‍ത്തി വെച്ച ശ്രീകോവില്‍ സ്വര്‍ണ്ണംപൂശല്‍ പ്രവര്‍ത്തിക്ക് വീണ്ടും മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ചു.

നടപടികള്‍ ദ്രുതഗതിയിലായി. 1978 സെപ്റ്റംബര്‍ 7 ന് ക്ഷേത്രം ശ്രീകോവില്‍ മേല്‍പ്പുരയിലെ ചെമ്പുതകിടുകളും, കഴുക്കോലും, തേക്ക് പലകകളും നീക്കം ചെയ്യാന്‍ തുടങ്ങി. നേരത്തെ തയ്യാറാക്കിയ കഴുക്കോലുകളും, ദാരുശില്‍പ്പങ്ങളും ഉത്തരങ്ങളും അതിനു മീതെ തേക്ക് പലകകള്‍ നിരത്തി 1200 ഓളം സ്വര്‍ണ്ണപ്പലകകള്‍ നിരത്തി. മഴയും വെയ്‌ലും കൊള്ളാതിരിക്കാന്‍ തൂത്തനാകം കൊണ്ടൊരു പന്തലും ശ്രീകോവിലിനു മീതെ തയ്യാറാക്കി. പതിവിലും നേരത്തെ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുമായിരുന്നു. വൈകുന്നേരം നട തുറക്കും മുന്‍പേ പുണ്യാഹം കഴിഞ്ഞ് പതിവുചടങ്ങുകള്‍ ക്രമം തെറ്റാതെ നടക്കും. ഇതായിരുന്നു സംപ്രദായം.. ശ്രീകോവിലിന്റെ ആദ്യനില സ്വര്‍ണ്ണത്തകിടടിക്കല്‍ പ്രവര്‍ത്തികള്‍ 1978 ഡിസംബര്‍ 7 ന് പൂര്‍ത്തിയായി. ഗുരുവായൂര്‍ ഏകാദശിക്ക് ഭക്തജനങ്ങള്‍ക്കെല്ലാം ഗുരുവായൂരപ്പന്റെ പൊന്നമ്പലം ദര്‍ശിക്കാനായതില്‍ സന്തോഷമായി. തുടര്‍ന്ന്ശ്രീകോവിലിന്റെ രണ്ടാംനിലയും, മുഖമണ്ഡപവും സ്വര്‍ണം പൂശി. 1981 ല്‍ ജനവരി 14 ന് 80 പവന്‍ സ്വര്‍ണവും,5 കിലൊ വെള്ളിയും കൊണ്ട് തേക്ക് തടിയില്‍ മനോഹരമായി തയ്യാറാക്കിയ ശ്രീകോവിലിന്റെ വാതില്‍ ഒരു ഭക്തന്റെ വകയായി സ്വര്‍ണം പൊതിഞ്ഞു സമര്‍പ്പിച്ചു. വീണ്ടും ഭക്തന്‍മാരുടെ വകയായി ഗര്‍ഭ ഗൃഹത്തിന്റെ വാതിലും ഇടനാഴിയിലെ വാതിലും സ്വര്‍ണം പൊതിഞ്ഞു. ഗുരുവായൂരപ്പന്റെ പൂജാ പാത്രങ്ങളും,ശീവേലിക്കുള്ള വിളക്കും,കൊമ്പും,കുഴലും സ്വര്‍ണം കവചംചെയ്തിട്ടുണ്ട്.

എ.ഡി1866 ല്‍ ശ്രീകോവിലിന്റെ അകത്തു 3293 പണവും, മൂന്ന് പലം സ്വര്‍ണ്ണവും,എട്ടുപലംവെള്ളിയും വരവുള്ളതായും,കൊടിമരത്തിന്റെ 7431 പണം വരവുള്ളതായും ചരിത്രകാരനായ ഡോ.എന്‍.എം.നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്ര ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.മാത്രമല്ല കൂത്തമ്പലത്തില്‍ 1353 പണം വരവുണ്ടെന്ന് പറയുമ്പോള്‍ ഇത് തീര്‍ച്ചയായും ദ്വാദശിപ്പണം വകയാണെന്നും അനുമാനിക്കാം. ഭണ്ഡാരമണ്ഡപത്തില്‍ 6131 പണം,ആകെ സ്വര്‍ണം പലം 7,വെള്ളി പലം 10 കൂടാതെ കടുക്,മത്തന്‍, കയ്പക്ക എളവന്‍, ഇടിച്ചക്ക കദളിക്കുല അമരക്ക,മുളക് ,മാങ്ങ എന്നിവയും ധാരാളമായി വരവുണ്ടത്രെ…. അന്നത്തെ ഗുരുവായൂര്‍ ഏകാദശിക്കാലം അങ്ങനെയെങ്കില്‍ ഇന്നോ, ഒരഗ്‌നിബാധയില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രം സംപൂര്‍ണ്ണമായും പുനരുദ്ധാരണം നടന്ന 1974 നു,ശേഷം,സ്വര്‍ണ്ണംപൊതിഞ്ഞ ശ്രീകോവിലും, പ്രതിമാസം ശരാശരി 5 കോടി നടവരവും,38 ആനകളും,അനവധി ഗോക്കളും, അങ്ങനെ എല്ലാംകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു മഹാക്ഷേത്രമായി മാറിയിരിക്കുന്നു.ഹന്ത! ഭാഗ്യം ജനാനാം.

കടപ്പാട്: ഗുരുവായൂര്‍ ദേവസ്വം ഫേസ്ബുക്ക് പേജ്‌

Related Posts