സ്പെഷ്യല്‍
ആമലകി ഏകാദശി നാളെ; വിഷ്ണു പ്രീതിക്കായി ഇക്കാര്യങ്ങള്‍ ചെയ്‌തോളൂ

ഒരുമാസത്തില്‍ വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും ഏകാദശികളുണ്ട്. അതായത് ഒരുമാസം രണ്ട് ഏകാദശികള്‍വരും. ഒരു വര്‍ഷം 24 ഏകാദശികള്‍. ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇത്തവണത്തെ ഏകാദശിയായ ആമലകി ഏകാദശി മാര്‍ച്ച് 10 തിങ്കളാഴ്ചയാണ്. ഈ ഏകാദശി വ്രതമെടുക്കുന്നതെങ്ങമെയെന്ന് നോക്കാം.

ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്.

വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും.കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂര്‍ണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവന്‍ ഭക്ഷണം ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കല്‍ അര്‍പ്പിക്കുക.(ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്..ഈ പൂജ വൃതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കില്‍ അതി ഉത്തമം).

ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് വിശ്വാസം.

Related Posts