ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രത്തിൽ പൊങ്കാല, ഫെബ്രുവരി 28 മുതല്‍
മഹാദേവനും പാര്‍വതി ദേവിയും കിരാത ഭാവത്തില്‍ തുല്യ പ്രാധാന്യത്തോട് കൂടി ഒരു ശ്രീകോവിലില്‍ രണ്ടു പീഠങ്ങളിലായി കിഴക്ക് ദര്‍ശനത്തില്‍ കുടി കൊള്ളുന്ന കേരളത്തിലെ അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ആനിക്കാട്ടിലമ്മ ശിവപാര്‍വതി ക്ഷേത്രം.
മനം നൊന്തു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അനുഗ്രഹദായിനിയാണ് ആനിക്കാട്ടിലമ്മ. വളരെ അപൂര്‍വമായ വിഗ്രഹസങ്കല്പ്പം ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ശ്രീകോവിലിലെ അടുത്തടുത്തുള്ള പീഠങ്ങളിലാണ് ശിവപാര്‍വതിമാരുടെ പ്രതിഷ്ഠകള്‍.
മല്ലപ്പള്ളി ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രത്തിലെ അമ്മയുടെ പിറന്നാള്‍ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 28 ചൊവ്വ മുതല്‍ മാര്‍ച്ച് 7 ചൊവ്വ (1198 കുംഭം 16 മുതല്‍ 23 വരെ തന്ത്രിമുഖ്യന്‍ കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട്, ആനന്ദ് നാരായണ ഭട്ടതിരിപ്പാട് ക്ഷേത്രം മേല്‍ശാന്തി കാളകാട്ടില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുകയാണ്.
ക്ഷേത്രോല്പത്തി മുതല്‍ നടക്കുന്ന പൊങ്കാല വഴിപാട് മാറാരോഗങ്ങള്‍ അകറ്റാനും ദുഃഖനിവാരണത്തിനും ഏറെ പ്രസിദ്ധമാണ്. മംഗല്യ സൗഭാഗ്യത്തിനായി സ്ത്രീകള്‍ വെള്ളിയാഴ്ചകള്‍ തോറും നാരങ്ങാവിളക്ക് പൂജ നടത്തുന്നു. ജീവിതത്തില്‍ സമാധാനം കെടുത്തുന്ന പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും ആതിനു ദൈവികമായ ഒരു പരിഹാരം ഉണ്ട്.
ശനിയാഴ്ചകള്‍ തോറും ത്രിശൂലപൂജ ക്ഷേത്രസന്നിദിയില്‍ നടത്തപ്പെടുന്നു. ആധി,വ്യാധി തുടങ്ങിയ മഹാരോഗങ്ങള്‍ മാറുന്നതിനും കുടുംബദുരിതത്തില്‍ കിടന്നുഴലുന്ന അശരണരായ ഭക്തജനങ്ങള്‍ സമാധാനത്തിനു വേണ്ടിയും വിദ്യ,വിവാഹം,ഉദ്യോഗം,സന്താനലബ്ധി എന്നിവയ്ക്കായും ജാതിമതഭേദമില്ലാതെ ധാരാളം ഭക്തര്‍ അമ്മയുടെ സന്നിധിയില്‍ എത്തിച്ചേരുന്നു.
ചുറ്റുവിളക്ക്,കടും പായസം, നെയ്പായസം, ഉഷ;പായസം, തെരളി, നാരങ്ങവിളക്ക്, ത്യശൂലപൂജ, പൊങ്കാല തുടങ്ങിയവയാണ് മുഖ്യവഴിപാടുകള്‍.
ക്ഷേത്രത്തിലെ ഫോൺ നമ്പർ: 0469 2685068, 9188745068