ശബരിമലയില്‍ ഇനി ഉത്സവനാളുകള്‍; അറിയേണ്ടതെല്ലാം!
ശബരിമല: പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറി. കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലും മേല്‍ ശാന്തി എസ് ജയരാമന്‍ പോറ്റിയുടെ സഹ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് 5നാണ് തുറന്നത്. ഏപ്രില്‍ 5 ന് പമ്പാനദിയില്‍ തിരു ആറാട്ട് നടക്കും.
കൊടിയേറ്റ് ദിനമായ ഇന്ന് (മാര്‍ച്ച് 27) പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും, 5.30 ന് മഹാഗണപതിഹോമം, തുടര്‍ന്ന് 7 മണി വരെ നെയ്യഭിഷേകം, 7.30 ന് ഉഷപൂജ, 9.45 നും 10.45 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് എന്നിങ്ങനെയായിരുന്നു ചടങ്ങുകള്‍. 12.30 ന് കലശാഭിഷേകം തുടര്‍ന്ന് ഉച്ചപൂജ. 1 മണിക്ക് തിരുനട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് നട തുറക്കും. 6.30 നാണ് ദീപാരാധന.
തുടര്‍ന്ന് മുളയിടല്‍. അത്താഴപൂജയും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. രണ്ടാം ഉത്സവ ദിവസമായ 28 മുതല്‍ ഉത്സവം ആരംഭിക്കും. 28 മുതല്‍ ഏപ്രില്‍ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതല്‍ ഏപ്രില്‍ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ 4ന് രാത്രിയിലാണ് പള്ളിവേട്ട നടക്കുക. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രില്‍ 5 ന് 11.30 ന് പമ്പയില്‍ പൈങ്കുനി ഉത്രം ആറാട്ട് നടക്കും. ഉച്ചകഴിഞ്ഞു 3 വരെ പമ്പയില്‍ ദര്‍ശനത്തിന് അവസരം ഉണ്ട്. 3.30 ന് സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും.
Photo Credits: Abhilash