വൈക്കത്തഷ്ടമി തൊഴുതാല്‍; അറിയാം ഇത്തവണത്തെ വിശേഷങ്ങള്‍
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബര്‍ 23ന് നടക്കും. പുലര്‍ച്ചെ 4.30 മുതല്‍ അഷ്ടമിദര്‍ശനം ആരംഭിക്കും. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, തുടര്‍ന്ന് പുലര്‍ച്ചെ 2ന് അഷ്ടമിവിളക്ക്, വലിയ കാണിക്ക. 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. നവംബര്‍ 24ന് വൈകിട്ട് ആറിന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 11 ന് കൂടിപ്പൂജ, വിളക്ക് എന്നിവയും നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപന ദിവസം, അഷ്ടമിദിനത്തില്‍ ആയതിനാലാണ് വൈക്കത്തഷ്ടമി എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്. വൈക്കത്തഷ്ടമിയില്‍ പങ്ക് ചേരാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഭക്തര്‍ ഇവിടെ എത്തും. 12 ദിവസം ഭക്തിയുടെ നിറവില്‍ ശിവഭഗവാനെ ആരാധിച്ചാല്‍ പാപങ്ങളെല്ലാം മാറും എന്നാണ് വിശ്വാസം.
ക്ഷേത്ര ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കത്താണ് ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പരമേശ്വരനെ അന്നദാന പ്രഭു ആയിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. പരശുരാമന്‍ സ്ഥാപിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം എന്നാണ് വിശ്വാസം. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നുകൂടിയാണ് വൈക്കം മഹാദേവ ക്ഷേത്രം.
ഏകദേശം എട്ട് ഏക്കര്‍ സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ നാല് വശങ്ങളിലുമായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കേ ഗോപുരത്തിന് സമീപം ‘വ്യാഘ്രപാദ സ്ഥാനം’ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയില്‍ സ്തംഭന ഗണപതി പ്രതിഷ്ഠയും സ്ഥിതി ചെയ്യുന്നു. വില്വമംഗലത്തു സ്വാമിയാര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭഗവാനെ ദര്‍ശിച്ച സ്ഥലമാണ് മാന്യസ്ഥാനം. ഇതിനോട് ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ തിടപ്പള്ളി സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ഗണപതി, സുബ്രഹ്‌മണ്യന്‍, നാഗദൈവങ്ങള്‍, പനച്ചിക്കല്‍ ഭഗവതിഎന്നിവരാണ് ഉപദേവതമാര്‍. പ്രഭാതത്തില്‍ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരത മൂര്‍ത്തിയായും, വൈകിട്ട് പാര്‍വതി ദേവിയോട് കൂടെ അര്‍ദ്ധനാരീശ്വര രൂപത്തിലും ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കുന്നു. നിത്യേന അഞ്ചു പൂജകളും മൂന്ന് ശീവേലികളും ഇവിടെ നടന്നു പോരുന്നു.
വൈക്കത്തഷ്ടമി ഐതിഹ്യം
വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ് ഇവിടെ വൈക്കത്തഷ്ടമി ആയി കൊണ്ടാടുന്നത്. ഈ ദിവസം ശിവന്‍ ശ്രീ പരമേശ്വര രൂപത്തില്‍ ജഗദ് ജനനിയായ പാര്‍വതി ദേവിയുമായി വ്യാഘ്രപാദ മഹര്‍ഷിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹങ്ങള്‍ നല്‍കിയെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രന്‍ ഉദയനാപുരം ക്ഷേത്രത്തിലെ സുബ്രഹ്‌മണ്യന്‍ ആണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഷ്ടമിനാളില്‍ ഈ ക്ഷേത്രേശന്മാരുടെ എഴുന്നള്ളത്ത് പിതൃ പുത്ര സമാഗമമായി കണക്കാക്കുന്നു.
12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്. പ്രസിദ്ധമായ അഷ്ടമി ദര്‍ശനം പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിക്കും. വ്യാഘ്രപാദ അഹര്‍ഷിക്ക് ആ പുണ്യ മുഹൂര്‍ത്തത്തിലാണ് ഭഗവാന്‍ അഷ്ടമി ദര്‍ശനം നല്‍കിയത് എന്നാണ് വിശ്വാസം.
അഷ്ടമി ഉത്സവത്തിന്റെ ഏഴാം നാളില്‍ നടത്തുന്ന എഴുന്നള്ളത്താണ് ഋഷഭവാഹനം എഴുന്നള്ളിപ്പ്. വളരെ ശ്രദ്ദേയമാണ് ഇത്. വൈക്കത്തപ്പന്‍ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു എന്നാണ് ഇതിന്റെ വിശ്വാസം. അത്താഴ പൂജയും ശ്രീബലിയും, ശ്രീഭൂതബലിയും കഴിഞ്ഞ് ഋഷഭ വാഹനത്തില്‍ ഭഗവാന്‍ വിളക്കിന് എഴുന്നള്ളുന്നു. ഈ എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ 9 ആനകളും അകമ്പടി സേവിക്കും. ഇതില്‍ രണ്ട് ആനകള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടം ആകും അണിയുക. ഏഴ് പ്രദിക്ഷണം ഉള്ളതില്‍ ഓരോന്നിനും ഓരോ വാദ്യങ്ങളാണ് ഉപയോഗിക്കുക. വൈക്കം അഷ്ടമിയുടെ ഏറ്റവും ആര്‍ഭാട പൂര്‍ണമായ എഴുന്നള്ളിപ്പാണ് ഇത്.
ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമിവിളക്കിലെ പ്രധാന ചടങ്ങ്. ഇത് രാത്രിയാണ് നടത്തുന്നത്. താരകാസുരനെ കൊന്ന് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയായ സുബ്രഹ്‌മണ്യനെ പിതാവായ വൈക്കത്തപ്പനും ഉപദേവതമാരും ചേര്‍ന്ന് സ്വീകരിച്ചു എന്ന സങ്കല്‍പ്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വെക്കത്തെ വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയും ആണ് ഉദയനാപുരത്തപ്പനെ ഭക്തജനങ്ങള്‍ വരവേല്‍ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക്ക ആരംഭിക്കുന്നു. കറുകയില്‍ വലിയ കൈമള്‍ക്കാണ് അഷ്ടമി എഴുന്നള്ളി നില്‍ക്കുന്ന വൈക്കത്തപ്പന് കാണിക്ക അര്‍പ്പിക്കുവാനുള്ള ആദ്യ അവകാശം. ഇന്നും ആ പാരമ്പര്യം തുടര്‍ന്നു വരുന്നു. അതിനുശേഷം ഉദയനാപുരത്തപ്പന്‍ യാത്ര പറയുന്ന ചടങ്ങാണ്. ഇതിന് വിടപറച്ചില്‍ എന്നാണ് പറയുന്നത്.
അഷ്ടമിയുടെ തൊട്ടടുത്ത ദിവസം ഉദയനാപുരം ക്ഷേത്രത്തിലാണ് ആറാട്ട് നടത്തുന്നത്. ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാന് സമര്‍പ്പിക്കാനായി ഔഷധക്കൂട്ടുകള്‍ അടങ്ങിയ പച്ചമരുന്നുകള്‍ അരച്ചുരുട്ടി ശ്രീകോവിലില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ശാന്തിക്കാരന്‍ അതെടുത്ത് മുക്കുഴി ഉണ്ടാക്കി പന്തീരടി പൂജയ്ക്ക് ദേവന് നിവേദിച്ചതിനുശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും.