സ്പെഷ്യല്‍
Bhadrakali | നിത്യവും ഭദ്രകാളിയെ ഇങ്ങനെ ഭജിച്ചാല്‍

ഒരു ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ചുള്ള എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഭദ്രകാളീ ഭജനം. ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഭദ്രകാളിയുടെ ധ്യാനസങ്കല്‍പത്തെയാണ് ദോഷപ്രീതിക്കായി ആരാധിക്കേണ്ടത്. ജാതകത്തില്‍ ചൊവ്വ, യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം,മകരം, മീനം എന്നീ രാശികളിലേതിലെങ്കിലും നിന്നാല്‍ ചൊവ്വയുടെ ദശാകാലത്തും ചൊവ്വാപ്രീതിക്കായും ഭദ്രകാളിയെ ഭജിക്കേണ്ടതാണ്. ഈ ജാതകര്‍ ചൊവ്വാഴ്ച തോറും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നതു നന്നായിരിക്കും. മകരമാസത്തിലെ ചൊവ്വാഴ്ചകളിലും ചൊവ്വ മകരംരാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ചൊവ്വാഴ്ചകളിലും ഭദ്രകാളീ ക്ഷേത്രദര്‍ശനം നടത്തുന്നതു കുജദോഷശാന്തിക്ക് പ്രത്യേകം ഫലപ്രദമാണ്.

ആരാധനയ്ക്കായി ഭദ്രകാളി സങ്കല്‍പ്പത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ചൊവ്വായുടെ സ്ഥാനമനുസരിച്ചുള്ള വിധിയിങ്ങനെയാണ്.  ഗ്രഹനിലയനുസരിച്ച്  സാത്ത്വികഭാവങ്ങളായ ഒന്ന്, നാല്, അഞ്ച്, ഒന്‍പത് എന്നിവയിലേതെങ്കിലുമൊന്നില്‍ ചൊവ്വ നിന്നാല്‍ ജാതകന്‍ ശാന്തഭാവത്തിലുള്ള ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമമാണ്. രാജസ്വഭാവങ്ങളായ രണ്ട്, ഏഴ്, പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ സുമുഖികാളിയെയോ, ഭദ്രകാളിയെയോ ഭജിക്കണം. തമോഭാവങ്ങളായ മുന്ന്, ആറ്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ഭാവങ്ങളില്‍ കുജന്‍ വന്നാല്‍ കൊടുങ്കാളി, കരിങ്കാളി തുടങ്ങി പൂര്‍ണ തമോഭാവത്തിലുള്ള കാളിയെവേണം ഭജിക്കേണ്ടത്.

യുഗ്മരാശിസ്ഥിതനായ കുജനെപ്പോലെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ മൂലമുള്ള ദോഷങ്ങളെ പരിഹരിക്കുന്നതിനും ഭദ്രകാളീഭജനം ഉത്തമമാണ്. പക്ഷബലമില്ലാത്ത ചന്ദ്രന്റെ ദശാകാലങ്ങളിലും ചന്ദ്രദോഷപരിഹാരത്തിനായും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നതു ഉചിതമായ പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

ജന്മനക്ഷത്രദിവസം, തിങ്കളാഴ്ചകള്‍, ജനിച്ച തിഥി എന്നീ ദിനങ്ങളിലെ കാളീഭജനം കൂടുതല്‍ ഫലപ്രദമാണ്. അമാവാസി ദിനങ്ങളും ഭദ്രകാളീഭജനത്തിന് ഉചിതമാണ്. ഇവയില്‍ ഒന്നിലധികം ദിനങ്ങള്‍ ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നതു ശുഭഫലങ്ങള്‍ നല്‍കും.

ജാതകത്തിലെ പക്ഷബലരഹിതനായ ചന്ദ്രന്റ ദശാകാലം മനോദുരിതങ്ങള്‍ക്ക് കാരണമാവാം. ഇതു പരിഹരിക്കുന്നതിനു ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ തിങ്കളാഴ്ചകള്‍, ജന്മനക്ഷത്രം എന്നിവയില്‍ ഉപവാസം, വ്രതം എന്നിവയനുഷ്ഠിക്കുന്നതും പരിഹാരമാണ്. ചന്ദ്രദശാകാലത്ത് സാത്ത്വികാഹാരം ശീലിക്കുന്നതും ഉത്തമമാണ്.

നിത്യേന ഭദ്രകാളീ സ്‌തോത്രങ്ങള്‍ ജപിക്കുന്നതും മനോബലമുണ്ടാകുന്നതിന് അത്യധികം ഫലപ്രദമാണ്. ഇവര്‍ ഭദ്രകാളീയന്ത്രം ധരിക്കുന്നതും നന്നായിരിക്കും. മീനം രാശി ലഗ്‌നമായി ജനിച്ചവര്‍, ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍, ചന്ദ്രന് പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്‌നത്തില്‍ ജനിച്ചവര്‍ എന്നിവരൊക്കെ പതിവായി ഭദ്രകാളിയെ ഭജിച്ചാല്‍ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നു.

കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക് കുജദശാകാലം അശുഭമായിരിക്കും. ജാതകത്തില്‍ കുജന്‍ യുഗ്മരാശിസ്ഥിതനാണെങ്കില്‍ ഇവര്‍ ആ കാലയളവില്‍ ഭദ്രകാളീഭജനം നടത്തുന്നതു ദോഷശാന്തിക്ക് ഉത്തമമാണ്. ഭരണി, പുൂരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണര്‍തം, വിശാഖം, പുരുട്ടാതി നക്ഷത്രക്കാര്‍ ചന്ദ്രനു പക്ഷബലമില്ലാത്തപ്പോള്‍ ജനിച്ചവരാണെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് പതിവായി ഭദ്രകാളീ ഭജനം നടത്തേണ്ടതാണ്.

bhadrakali-puja
Related Posts