
ജനനസംഖ്യ പറയും നിങ്ങളുടെ ഭാഗ്യം
സംഖ്യാജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജനനദിവസം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാനഘടകമാണ്. ജനനതീയതി കണക്കാക്കി കുട്ടികള്‍ക്ക് പേര് നിശ്ചയിക്കുന്നത് പോലും സര്‍വസാധാരണമാണ്. ആചാര്യന്മാരുടെ ഉപദേശങ്ങളും ഇത്തരം സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.
3, 12, 21, 30 തീയതികളില്‍ ജനിച്ചാല്‍ പ്രശസ്തി, ആദരവ്, വിജ്ഞാനം ഇവയെല്ലാം സുനിശ്ചിതമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. 3, 12, 21, 30 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യഗ്രഹം വ്യാഴമെന്നാണ് വിശ്വാസം. പേരിലെ അക്ഷരങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ 3 തന്നെയായി വന്നാല്‍ ഗുണകരം എന്നും പറയുന്നു. 6, 9 എന്നീ സംഖ്യകള്‍ ഗുണം ചെയ്യും. 6, 15, 24 എന്നിവ ശുക്രന്റെ സംഖ്യകളും 9, 18, 27 എന്നിവ ചൊവ്വയുടെ സംഖ്യകളുമാണ്. വ്യാഴാഴ്ചയും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ഏറ്റവും അനുകൂല ദിവസങ്ങള്‍.
3 ജന്മസംഖ്യയായിട്ടുള്ളവര്‍ ജീവിതവിജയത്തിന് കുറുക്കുവഴികള്‍ സ്വീകരിക്കുകയില്ല എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.ഏതു കാര്യവും അടുക്കും ചിട്ടയും പാലിച്ച് ചെയ്യും എന്നത് ഇവരുടെ മുഖമുദ്രയാണ്. ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. പൊതുവേ നന്മയുടെ വശത്ത് ചായുന്ന മനസ്സായിരിക്കും. ശത്രുവിന്റെ ശക്തിയോ പരാജയബോധമോ കര്‍മ്മം ചെയ്യുന്നതില്‍ നിന്ന് ഇവരെ പിറകോട്ടു വലിക്കാറില്ല. അദ്ധ്യാപനം, രാഷ്ട്രീയം, വക്കീല്‍പ്പണി, ഉപദേശജോലി, കാര്യ നടത്തിപ്പ് തുടങ്ങിയവയില്‍ ഇവര്‍ തിളങ്ങുമെന്നാണ് വിശ്വാസം.
അതേസമയം ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് ആചാര്യന്മാര്‍ പറയുന്നു. പുതിയതരം ജീവിതശൈലി രോഗങ്ങളും ഇവരില്‍ കണ്ടുവരുന്നു. ഈശാനകോണ് (വടക്ക് കിഴക്ക്) ആണ് ഇവര്‍ക്ക് ഗുണപ്രദമായ ദിക്ക്.
നിറങ്ങളില്‍ ഊത, റോസ്, മേഘനിറം എന്നിവ ഗുണപ്രദങ്ങളാണ്. പുഷ്യരാഗം, നീലക്കല്ല് എന്നിവയാണ് ഭാഗ്യരത്‌നങ്ങള്‍.3 ജന്മസംഖ്യയായി വരുന്നവര്‍ ഭജിക്കേണ്ടത് വ്യാഴത്തെയും വ്യാഴത്തിന്റെ അധിദേവതയായ മഹാവിഷ്ണുവിനെയുമാണ്.
ഏകാദശി വ്രതം ഗുണകരമായിരിക്കും. സി,ജി,എല്‍,എസ് എന്നിവ ഇവരുടെ പേരിന്റെ ആദ്യാക്ഷരമോ, ഇനിഷ്യലോ പേരിലെ കൂടുതല്‍ അക്ഷരങ്ങളായി വരുന്നത് നല്ലതാണ്. ഫെബ്രുവരി 21, മാര്‍ച്ച് 21, നവംബര്‍ 21,ഡിസംബര്‍ 21 എന്നിവ ക്രിയാപരിപാടികളും പുതിയ സംരംഭങ്ങളും ആസൂത്രണം ചെയ്യാന്‍ നല്ല കാലമാണ്.
ജ്യോതിഷപ്രകാരം മീനം,ധനു രാശികള്‍ കൂറോ ലഗ്‌നമോ ആയി വരുന്ന മൂന്നുകാര്‍ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളില്‍ ജനിക്കുന്ന മൂന്നുകാര്‍ക്ക് വിജയസാധ്യത കൂടുതലാണെന്നും വിശ്വാസമുണ്ട്. ജന്മസംഖ്യ അനുസരിച്ച് സ്വന്തം പേരോ വീട്ടുപേരോ സ്ഥാപനത്തിന്റെ പേരോ മാറ്റാന്‍ കഴിയുന്നത് നല്ലതാണ്.