
ചോറ്റാനിക്കര മകം 2025; ദേവീ കടാക്ഷത്തിന് ഇതിലും മികച്ച സമയം വേറെയില്ല
‘ആദിപരാശക്തി’യായ ജഗദംബിക മഹാവിഷ്ണുവിനൊപ്പം കുടികൊള്ളുന്ന ക്ഷേത്രമാണ് പ്രശസ്തമായ ചോറ്റാനിക്കര ദേവിക്ഷേത്രം. ശബരിമലയും ഗുരുവായൂരും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന, 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രമാണ് ചോറ്റാനിക്കര.
മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്. വെള്ളവസ്ത്രത്തില്‍ വിദ്യാദേവിയായ ‘സരസ്വതി'(മൂകാംബിക)യായി പ്രഭാതത്തിലും, കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ ‘മഹാലക്ഷ്മി’യായി ഉച്ചയ്ക്കും, നീലവസ്ത്രത്തില്‍ ദുഖനാശിനിയായ ‘ദുര്‍ഗാദേവി’യായി വൈകീട്ടും ആരാധിക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര അമ്മ ‘രാജരാജേശ്വരി’ സങ്കല്പത്തിലാണ് ആരാധിക്കപ്പെടുന്നത്.
മഹാലക്ഷ്മി വിഷ്ണുസമേതനായി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ പ്രാര്‍ഥിച്ചാല്‍ ദാരിദ്ര്യവും കടങ്ങളും അകന്ന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. മാനസിക രോഗങ്ങളും സ്വഭാവദൂഷ്യങ്ങളും അമ്മ സുഖപ്പെടുത്തും. ബ്രാഹ്മണിപ്പാട്ടും ഗുരുതിയും നടത്തിയാല്‍ തടസങ്ങള്‍ മാറി ഇഷ്്ടകാര്യസിദ്ധി കൈവരും.
മാണിക്യവീണാം ഉപലാളയന്തിം മദാലസാം മഞ്ജുള വാഗ് വിലാസാം
മഹേന്ദ്ര നീല ദ്യുതി കോമളാംഗി മാതംഗ കന്യാം മനസാസ്മരാമി
ചതുര്‍ഭുജെ ചന്ദ്ര കലാവതം സേ സുചോന്യതെ കുങ്കുമരാഗശോണേ
പുന്‍ഡ്രെശു പാശാംകുശ പുഷ്പബാണ ഹസ്തേ നമസ്തേ നമസ്തേ
നമസ്തേ ജഗതേക മാതാ:
ഐതിഹ്യങ്ങളിലൂടെ
ജഗത്ഗുരു ആദിശങ്കരന്‍ സരസ്വതിചൈതന്യം (ജ്യോതിസ്) തന്റെ ജന്മദേശത്തേക്ക് കൊണ്ടുവന്നു. ജ്യോതിസ് ആനയിച്ച കര ജ്യോതിയാനിക്കരയും പിന്നീട് ചോറ്റാനിക്കരയും ആയി എന്നാണ് ഒരു ഐതിഹ്യം. സരസ്വതി (ചാമുണ്ടേശ്വരി) കേരളത്തിലേക്ക് വരാമെന്ന് ആദി ശങ്കരനോട് സമ്മതിച്ചത്രേ. ഒരു വ്യവസ്ഥ മാത്രം’ശങ്കരന്‍ മുന്‍പില്‍ നടക്കുക, ഞാന്‍ പിന്‍പേ വരാം. തിരിഞ്ഞുനോക്കരുത്. എന്റെ പദനിസ്വനം മാത്രം ശ്രദ്ധിച്ചാല്‍ മതി. തിരിഞ്ഞു നോക്കിയാല്‍ പിന്നെ ഞാന്‍ വരില്ല’. സംഗീതാത്മകമായ ചിലങ്കനാദം ശ്രവിച്ചു ശങ്കരന്‍ നടന്നു. കുറേ ചെന്നപ്പോള്‍ ചിലങ്കനാദം കേള്‍ക്കാതെയായി. ശങ്കരചാര്യര്‍ തിരിഞ്ഞു നോക്കിയതോടെ വ്യവസ്ഥ പാലിച്ചില്ലെന്ന് പറഞ്ഞു ദേവി അവിടെ ഇരുന്നു. ശങ്കരചാര്യര്‍ അതീവ ദുഖിതനായി. മനസ്സലിഞ്ഞ ദേവി ചോറ്റാനിക്കരയില്‍ അതിരാവിലെ വരാം എന്ന് പറഞ്ഞു.
ദേവിയുടെ ചിലങ്ക മൂകമായ സ്ഥലം മൂകാംബിക. അങ്ങനെ ബ്രാഹ്മ മുഹുര്‍ത്തത്തില്‍ ദേവി ചോറ്റാനിക്കരയില്‍ എത്തും. ശേഷം മൂകാംബികയിലും. ചോറ്റാനിക്കരയില്‍ നിര്‍മാല്യം കഴിഞ്ഞേ കൊല്ലൂര്‍ മൂകാംബികയില്‍ നട തുറക്കു എന്ന പതിവും അതുകൊണ്ടാണത്രേ.
ചോറ്റാനിക്കര ക്ഷേത്രോല്‍പ്പത്തിയെ കുറിച്ചുള്ള മറ്റൊരു ഐതിഹ്യം: വളരെ പണ്ട് ഈ സ്ഥലം നിബിഡവനമായിരുന്നു. പുളിമരങ്ങള്‍ (ചിഞ്ച വൃഷം) ധാരാളം ഉണ്ടായിരുന്നു. ചിഞ്ചകള്‍ ഉള്ള വനം (ആരണ്യം) ചിഞ്ചാരണ്യം. അങ്ങനെ ചിഞ്ചാരണ്യക്കര ചോറ്റാനിക്കരയായി. ചിഞ്ചാരണ്യത്തിലെ കാട്ടുജാതിക്കാരുടെ മൂപ്പനായിരുന്നു കണ്ണപ്പന്‍. കണ്ണപ്പന്റെ ഒരേയൊരു മകളായിരുന്നു തേവി. അന്ന് മൃഗബലി സാധാരണമായിരുന്നു. ബലിയ്ക്ക് കൊണ്ടുവന്ന ഒരു പശുകിടാവിനെ തേവിയ്ക്ക് ഇഷ്ടപ്പെട്ടു. അതിനെ ബലി അര്‍പ്പിക്കാന്‍ തേവി സമ്മതിച്ചില്ല. അച്ഛനും മകളും തമ്മിലുള്ള സംവാദത്തിനു ഒടുവില്‍ കണ്ണപ്പന്‍ സാത്വികനായി മൃഗബലി ഉപേക്ഷിച്ചു. അന്നുരാത്രി തന്നെ തേവിയും പശുകിടാവും അപ്രത്യക്ഷരായി. പകരം തൊഴുത്തില്‍ രണ്ടു ശിലകള്‍ മാത്രം. കണ്ണപ്പന്റെ കരച്ചില്‍കേട്ട് മറ്റുള്ളവര്‍ ഓടി വന്നു. കൂടെ ഒരു മുനിവര്യനും (പരാശ്വര മഹര്‍ഷി). ‘കണ്ണപ്പാ നിന്റെ കണ്ണഴതുറപ്പിക്കാന്‍ വേണ്ടി ലക്ഷ്മി നാരായണ മൂര്‍ത്തികളാണ് തേവിയായിട്ടും പശുകിടാവായിട്ടും അവതരിച്ചത്. ഈ പശുതൊഴുത്തും കുടിലും അശരണര്‍ക്ക് അഭയമേകുന്ന ഒരു മഹാ ക്ഷേത്രമാകും. നിന്റെയും ഇഹജന്മ കര്‍മ്മം കഴിഞ്ഞു അടുത്ത ജന്മം നീ വില്വമംഗലത്ത് സ്വാമിയാര്‍ എന്ന് അറിയപ്പെടും. പെട്ടെന്ന് തന്നെ നീയും അനുചരരും ഇവിടെനിന്നും പോയ്കൊള്ളുക’മഹര്‍ഷി സൂചനകള്‍ നല്കി. പിന്നീട് ആയിരക്കണക്കിനു വര്‍ഷം ചോറ്റാനിക്കര ജനവാസം ഇല്ലാത്ത കൊടുംകാടായി കിടന്നു.
പതുക്കെ പതുക്കെ ജനങ്ങള്‍ ആ കാട്ടിലേക്ക് വന്നു തുടങ്ങി. ഒരു ദിവസം ഒരു ബാലിക പുല്ലരിയാന്‍ എത്തി. അരിവാളിന്റെ മൂര്‍ച്ചകൂട്ടാന്‍ ഒരു കല്ലില്‍ ഉരച്ചു. പൊടുന്നനെ കല്ലില്‍നിന്ന് രക്തംവരാന്‍ തുടങ്ങി. ബാലികയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ ആളുകളുടെ കൂട്ടത്തില്‍ എടാട്ട് നമ്പുതിരിയും ഉണ്ടായിരുന്നു. അദ്ദേഹത്തിനു ദൈവിക ചൈതന്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ദേവത്പ്രീതിയ്ക്കു വേണ്ടി എന്താണ് നിവേദിക്കാന്‍ പറ്റിയതെന്നു നോക്കിയപ്പോള്‍ ബാലിക കഴിക്കുവാന്‍ ചിരട്ടയില്‍ കൊണ്ടുവന്ന മലര്‍ കണ്ടു. ബാലികയുടെ സമ്മതത്തോടെ ആ മലര്‍ നേദിച്ചു. അങ്ങനെ ദേവിയുടെ ചിരട്ടമലര്‍ നേദ്യം ലോകം മുഴുവന്‍ പ്രശസ്തമായി. പുലര്‍ച്ചെ നാല് മണിക്കാണ് ദേവിക്ക് ചിരട്ടമലര്‍ നേദിക്കുന്നത്. കണ്ണപ്പന്റെ കുടില്‍ ഇരുന്ന സ്ഥലം ക്ഷേത്രവും പശുതൊഴുത്ത് ഇരുന്ന സ്ഥലം ശ്രീമൂലസ്ഥാനമായ പവിഴമല്ലി തറയുമായി.
പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള തോട്ടറ എന്ന സ്ഥലത്ത് കഥകളി ഭ്രാന്തനായ ഗുപ്തന്‍ എന്ന ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഒരിക്കല്‍ തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ കഥകളി കണ്ടു പാതിരാ കഴിഞ്ഞപ്പോള്‍ ഗുപ്തന്‍ നമ്പൂതിരി വീട്ടിലേക്കു തിരിച്ചു. അദ്ദേഹത്തിന്റെ കൈയ്യില്‍ ഗുരുവായ കൊമ്പപ്പിള്ളി മനയിലെ കാരണവര്‍ക്ക് കൊടുക്കുവാനുള്ള ദേവി മാഹാത്മ്യം ഉണ്ടായിരുന്നു. വഴിയില്‍ എവിടെയോവച്ച് സുന്ദരിയായ ഒരു സ്ത്രീ കൂടെ കൂടി. അവര്‍ നടന്നു കൊമ്പപ്പിള്ളി മനയുടെ പടിപുരയില്‍ എത്തി. ദേവി മാഹാത്മ്യം ഗുരുവിനെ എല്പ്പിക്കുവാന്‍ വേണ്ടി ഗുപ്തന്‍ നമ്പൂതിരി അകത്തേക്കു കയറി. ഗുരുവിനു ഉടന്‍ സംഭവം പിടികിട്ടുകയും ശിഷ്യനെ അറിയിക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന സ്ത്രീ ഒരു യക്ഷി ആയിരുന്നത്രേ. ദേവി മാഹാത്മ്യം കൈയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പിടിക്കാതിരുന്നത്. ഇനി ശരണം ചോറ്റാനിക്കര അമ്മ മാത്രമേയുള്ളൂ ഉടന്‍ ചോറ്റാനിക്കര അമ്പലത്തിലേക്ക് പോയ്ക്കൊള്ളാന്‍ ഗുരു പറഞ്ഞു. അതനുസരിച്ച് ഗുപ്തന്‍ നമ്പൂതിരി ചോറ്റാനിക്കരയിലേക്ക് ഓടി. പിറകേ യക്ഷിയും. ഒടുവില്‍ ക്ഷേത്രനടയില്‍ എത്തിയപ്പോള്‍ യക്ഷി നമ്പൂതിരിയുടെ കാലില്‍ പിടികൂടി. പെട്ടെന്ന് ആര്‍ത്തത്രാണയായ ദേവി അവിടെ പ്രത്യക്ഷപ്പെടുകയും യക്ഷീനിഗ്രഹം നടത്തുകയും ചെയ്തു. അപ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിരുന്നു. ചിരട്ടമലര്‍ നിവേദ്യത്തിന് തിരിച്ചുചെന്ന മേല്‍ശാന്തി കണ്ടത് രക്താഭിഷിക്തയായ ദേവിയെയാണ്. ഇതുകണ്ടു പരിഭ്രമിച്ച മേല്‍ശാന്തിയോട്, ‘ഉടന്‍ തന്നെ ഒരു അഭിഷേകവും കൂടി ചെയ്യുക’യെന്ന് ദേവി അരുള്‍ചെയ്തു. അങ്ങനെയാണ് ചിരട്ടമലര്‍ നിവേദ്യത്തിനുമുന്‍പ് രണ്ടു തവണ ദേവിക്ക് അഭിഷേകം നടത്തി തുടങ്ങിയതത്രേ.
മേല്‍ക്കാവിലെ ശാസ്താവ്
മേല്‍ക്കാവില്‍ നാലമ്പലത്തിനു അകത്ത്, ശ്രീകോവിലിനു ഇടത്തുവശത്തായി പൂര്‍ണ്ണ പുഷക്കല സമേതനായി ശാസ്താവ് വാഴുന്നു. രാജരാജേശ്വരി കിഴക്കോട്ടും ശാസ്താവ് പടിഞ്ഞാട്ടും ദര്‍ശനമായാണ് പ്രതിഷ്ഠ. കിഴക്കേനടയില്‍ നിന്ന് ദേവിയേയും പടിഞ്ഞാറേനടയില്‍നിന്ന് കുറച്ചു ഇടത്തോട്ടുമാറി നോക്കിയാല്‍ അയ്യപ്പനെയും ദര്‍ശിക്കാം.
ക്ഷേത്രത്തിലേക്ക്
ഒരു ചെറിയ കുന്നിന്‍ മുകളിലാണ് ചോറ്റാനിക്കര ക്ഷേത്രം. പടിഞ്ഞാറു ഭാഗത്താണ് പ്രധാന കവാടം. പ്രധാന കവാടം കടന്നു ചെല്ലുമ്പോള്‍ വലതു വശത്തായി മഹാശിവന്റെയും ശ്രീ ഗണപതിയുടെയും നാഗ ദൈവങ്ങളുടെയും ഉപക്ഷേത്രങ്ങള്‍ കാണാം. മേല്‍ക്കാവില്‍ ദേവിയുടെ മുന്‍പില്‍ സാധാരണ പോലെ പെരുമാറുന്ന ബാധ ഉപദ്രവമുള്ളവര്‍ ശിവന്റെ മുന്‍പില്‍ അലറി നിലവിളിക്കുന്നത് കാണാം. വെള്ളിയാഴ്ച വലിയ ഗുരുതി സമയത്ത് ബാധോപദ്രവം ഉള്ളവര്‍ തുള്ളുകയും മോചിതരാവുകയും ചെയ്യും. കീഴ്കാവിനോട് ചേര്‍ന്നുള്ള പാല മരത്തില്‍ തറച്ച ആയിരക്കണക്കിന് ആണികള്‍ ഇതിന്റെ സാക്ഷ്യങ്ങളാണ്.
പടിഞ്ഞാറേ നടയിലെ പ്രധാന കവാടം കടന്നു അയ്യപ്പനെ കണ്ടു പ്രദിക്ഷണം വച്ച് കിഴക്കേനടയില്‍ ചെന്ന് മേല്‍ക്കാവില്‍ അമ്മയെ തൊഴുതു പടികള്‍ ഇറങ്ങിയാല്‍ കീഴ്ക്കാവില്‍ അമ്മയെ തൊഴാം. തിരിച്ചുകയറി വലതു വശത്തുള്ള അയ്യപ്പനെയും ഹനുമാന്‍ സ്വാമിയെയും വന്ദിച്ച് പ്രദക്ഷിണം പുര്‍ത്തിയാക്കി, പവിഴമല്ലിത്തറ കണ്ടു ശിവ ഗണപതി നാഗത്താന്മാരെ തൊഴുകയാണ് പതിവ്. ശിവ ഗണപതി നാഗത്താന്‍ പ്രതിഷ്ഠകള്‍ക്കടുത്തു ബ്രഹ്മരക്ഷസ് അഥവാ പുളിയാംപ്പിള്ളില്‍ വല്യച്ചന്റെ(മധ്യകേരളത്തില്‍ ബ്രഹ്മരക്ഷസിനെ വിളിക്കുന്ന പേര്) പ്രതിഷ്ഠ ഉണ്ട്.
ക്ഷേത്രത്തിന്റെ ഇടതും വലതുമായി ഉള്ളിലേക്ക് കയറി വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉണ്ട്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍നിന്ന് നേരിട്ടും അല്ലെങ്കില്‍ മെയിന്‍ റോഡില്‍ നിന്ന് പടികള്‍ കയറിയും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം.
ഐശ്വര്യത്തിനായി മകംതൊഴാം
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തില്‍ എത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ഉത്സദിവസങ്ങളില്‍ നിര്‍മാല്യദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളില്‍ ക്ഷേത്രനട രാവിലെയും വൈകിട്ടും അഞ്ചുമണിക്കാണ് തുറക്കുക. മകം തൊഴല്‍ 12ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയാണ്.
വിവാഹം വൈകുന്നവര്‍, പരീക്ഷകളില്‍ ഉന്നത വിജയം കാംക്ഷിക്കുന്നവര്‍, രോഗദുരിതങ്ങളില്‍ കഷ്ടപ്പെടുന്നവര്‍, ബാധ ഉപദ്രവമുള്ളവര്‍. ഇവരെല്ലാം മകം തൊഴുന്നത് ഐശ്വര്യപ്രദമെന്നാണ് വിശ്വാസം.
സ്ത്രീകളാണ് ഏറ്റവും കുടുതലായി മകം തൊഴാന്‍ എത്തുന്നത്.കണ്ണപ്പന്റെ അടുത്ത ജന്മം വില്വമംഗലത്ത് സ്വാമിയാര്‍ ആയിരിക്കും എന്നായിരുന്നല്ലോ ഗുരുവാക്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമിയാര്‍ മകംനാളില്‍ ചോറ്റാനിക്കരയില്‍ എത്തി. അന്നുരാത്രി ദേവി സ്വപ്നദര്‍ശനത്തില്‍, ‘കിഴക്കേ തീര്‍ത്ഥത്തില്‍ എന്റെ ഒരു വിഗ്രഹം കിടപ്പുണ്ട്. അത് മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠ നടത്തുക. എന്റെ രൗദ്ര ഭാവം കാരണം ഭക്തര്‍ക്ക് വിഷമം ഉണ്ടാകുന്നു. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ എന്നിലെ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് കൊണ്ടുപോകുക എന്നു ദേവി അരുള്‍ചെയ്തു. അങ്ങനെയാണ് മേല്‍കാവില്‍ സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്ര രൂപവും ഭഗവതി കൈകൊണ്ടത്. തല്‍സമയം ശംഖുചക്രവരദാഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയായ ദേവി നിറചിരിയോടുകൂടീ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഈ ദിവസത്തിന്റെ ഓര്‍മയ്ക്കായാണ് മകം തൊഴല്‍ ആഘോഷിക്കുന്നത്.
പരമഭക്തനായ സ്വാമിയാര്‍ക്ക് വിശ്വരുപ ദര്‍ശനം നല്‍കിയത് പോലെ മകം നാളില്‍ സര്‍വ്വസ്വവും അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് അമ്മ വിശ്വരുപ ദര്‍ശനം നല്‍കുമെന്നാണ് വിശ്വാസം. കുംഭത്തിലെ മകം നക്ഷത്രദിവസം മകം തൊഴല്‍ എന്ന പേരില്‍ പ്രശസ്തമാകുമെന്നും ഈ ദിവസവും തന്റെ അവതാരദിനമായ തൃക്കാര്‍ത്തികയ്ക്കും മാത്രം ദേവി ഭക്തര്‍ക്ക് വലതുകൈകൊണ്ട് അനുഗ്രഹം നല്‍കുമെന്നും ഈ ദിവസങ്ങളില്‍ തന്റെ ദര്‍ശനം നേടുന്നവര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നും ദേവീ വില്വമംഗലത്ത് സ്വാമിയാരോട് അരുള്‍ ചെയ്തതായാണ് ഐതിഹ്യം. സ്വാമിയാര്‍ കീഴ്ക്കാവിലാണ് ദേവിയെ പ്രതിഷ്ഠിച്ചതെങ്കില്‍ പ്രധാന പ്രതിഷ്ഠ മേല്‍ക്കാവിലാണ്. നാരായണ (മഹാവിഷ്ണു) സമേതയായ (ലക്ഷ്മി) ദേവിയാണ് മേല്‍ക്കാവിലെ പ്രതിഷ്ഠ. ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രം ഉരുവിടുന്നത് അതുകൊണ്ടാണത്രേ. മറ്റു സ്ഥലങ്ങളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നുവെങ്കില്‍ ചോറ്റാനിക്കരയില്‍ ആറോട്ടോടെയാണ് പത്തുദിവസത്തെ ഉത്സവാരംഭം എന്ന പ്രത്യേകതയുണ്ട്.