
ആമലകി ഏകാദശി; ഇന്ന് ജപിക്കേണ്ട മന്ത്രങ്ങള്‍
കാര്‍ത്തികേയന്‍
ഇന്ന് (മാര്ച്ച് 10) ആമലകി ഏകാദശിയാണ്. ഇന്ന് 33 തവണയെങ്കിലും വിഷ്ണുഭഗവാന്റെ നാമങ്ങളും മന്ത്രങ്ങളും ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമമാണ്. ഈ ഏകാദശി വ്രതമെടുത്തവരും ഇനി എന്തെങ്കിലും കാരണത്താല്‍ വ്രതമെടുക്കാന്‍ സാധിക്കാത്തവരും ഇന്നേ ദിവസം ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ദ്വാപരയുഗം അവസാനിക്കാറായപ്പോള്‍ നാരദമഹര്‍ഷി ബ്രഹ്‌മദേവന്റെയടുത്തെത്തി വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്‌മാവ് ഉപദേശിച്ചു. അത് ഏതെല്ലാമാണെന്ന നാരദന്റെ ചോദ്യത്തിന് ഉത്തരമായി ബ്രഹ്‌മദേവന്‍ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ ഹരേ
കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ
ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്‌മഭക്തന്മാര്‍ ബ്രഹ്‌മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം. മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. മുന്‍ജന്മപാപങ്ങളെ നീക്കുന്ന ഈ മന്ത്രം ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്നാണ് വിശ്വാസം.
ഏപ്പോള്‍വേണമെങ്കിലും ജപിക്കാവുന്ന മന്ത്രമാണെങ്കിലും ഏകാദശിദിനത്തില്‍ ഇത് ജപിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. അത് ഭഗവാന് ഏറെ പ്രിയപ്പെട്ട ഹരിവാസര സമയത്തെങ്കില്‍ അതീവശ്രേഷ്ഠവുമാണ്.
ഏകാദശി ദിനത്തില്‍ ജപിക്കാവുന്ന മറ്റ് മന്ത്രങ്ങളാണ്;
വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
‘ഓം നമോ ഭഗവതേ വാസുദേവായ’