ഏറ്റുമാനൂരപ്പന്റെ അപൂർവ്വ ദർശനം ഈ വർഷം ഫെബ്രുവരി 28ന്, Ettumanoor Mahadevar Temple Ezhara Ponnana
ശൈവ വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന.
പ്രസിദ്ധമായ കെടാവിളക്കും ഏഴര പൊന്നാന ദർശനവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നൊന്തു പ്രാർഥിച്ചാൽ ഏറ്റുമാനൂരപ്പന്‍ വിളികേൾക്കും എന്നാണ് വിശ്വാസം. വലിയ വിളക്കിൽ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതിയാൽ നേത്രരോഗങ്ങൾ ശമിക്കും. പന്ത്രണ്ടു ദിവസം മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ടകാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ഏഴരപ്പൊന്നാന ദർശനം
പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം. കുംഭമാസത്തിലെ ചതയദിനത്തിൽ കൊടിയേറി തിരുവാതിര ദിനത്തിൽ ആറാട്ടോടുകൂടി പത്തുദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ഇത്തവണ ഫെബ്രുവരി 21 (1198 കുംഭം 9) ചൊവ്വാഴ്ചയാണ് കൊടിയേറ്റം.
ഭഗവാന്റെ എട്ടാം ഉത്സവദിനത്തിൽ അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഈ വർഷത്തെ ഏഴരപ്പൊന്നാന ദർശനം ഫെബ്രുവരി 28 (1198 കുംഭം 16) ചൊവ്വാഴ്ചയാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ് ഏഴരപ്പൊന്നാന. വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്ക സമർപ്പണവും സാധ്യമാവുക. ഏഴരപ്പൊന്നാന ദർശനത്തിലൂടെ സർവൈശ്വര്യവും ഭക്തന് സിദ്ധിക്കുമെന്നാണ് വിശ്വാസം.
ഏറ്റുമാനൂരപ്പനെ ശ്രീകോവിലിൽ നിന്ന് ക്ഷേത്രമതിൽക്കെട്ടിന്റെ പടിഞ്ഞാറെ മൂലയിലുള്ള ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലും സ്വർണ്ണ പൊന്നാനകളെ അണിനിരത്തും. നാല് പൊന്നാനകളെ ഇടതുവശത്തും മൂന്ന് പൊന്നാനകളെ വലതുവശത്തും തിടമ്പിന് താഴെ മുൻഭാഗത്തായി അരപ്പൊന്നാനയെയും വയ്ക്കുന്നു. ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. ഇതിൽ വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയായി. ഈ അരപ്പൊന്നാനയ്ക്ക് പുറത്താണ് മണ്ഡപത്തിൽ ഭഗവാന്റെ ഇരിപ്പിടം.
കുംഭമാസത്തിലെ രോഹിണി നാളിൽ അർദ്ധരാത്രിയിൽ ഭഗവാൻ ശരഭമൂർത്തിയായി അവതരിക്കുകയും ഇന്ദ്രദേവന്റെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നുമാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ഈ സമയത്തു ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഇരിക്കുന്ന ഭഗവാനെ വണങ്ങി കാണിക്ക അർപ്പിക്കുന്നത് ഭാഗ്യദായകമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവ് നടയ്ക്ക് സമർപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപ്പൊന്നാനയെ കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
കൊടിയേറ്റം കഴിഞ്ഞു പത്താം ദിവസമാണ് ആറാട്ട് നടക്കുന്നത്. ഇക്കൊല്ലം മാ൪ച്ച് 2 (1198 കുംഭം 18) വ്യാഴാഴ്ചയാണ് ആറാട്ട്. ഏറ്റുമാനൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന മീനച്ചിലാറ്റിലെ പേരൂർ പൂവത്തുംകടവിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോൾ പേരൂർ ചാലയ്ക്കൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇറക്കിപ്പൂജയുമുണ്ട്. ഈ സമയത്ത് ഭഗവാൻ ശൈവ-വൈഷ്ണവചൈതന്യങ്ങൾ നിറഞ്ഞ ശങ്കരനാരായണനായി സങ്കല്പിയ്ക്കപ്പെടുന്നു. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തർ നിറപറയും നിലവിളക്കും നൽകി ഭഗവാനെ സ്വീകരിക്കുകയും തുടർന്ന്, ക്ഷേത്രത്തിനുചുറ്റും ഏഴുതവണ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. പ്രദക്ഷിണത്തിനുശേഷം കൊടിയിറങ്ങുന്നതോടെ പത്തുദിവസത്തെ ഉത്സവം സമാപിക്കും.
Summary: Ettumanoor Mahadeva temple is an ancient Shiva temple in Kottayam, Kerala, India. One of the elegant sights associated with the temple festivals of Kerala is the ‘Ezhara Ponnana’ procession held during the annual festival at Ettumanoor Sree Mahadeva Temple in Kottayam. ‘Ezhara’ means seven-and-half and ‘Ponnana’ means golden elephant.