ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിന് തുടക്കമായി
ഏകാദശി മഹോത്സത്തിന് തുടക്കമായി. വിളക്ക് മാടങ്ങളിലെ എണ്ണായിരത്തോളം ഓട്ടു വിളക്കുകളില്‍ നിറശോഭയായി നെയ് വിളക്ക് തെളിഞ്ഞു.ഇനി മുപ്പത് നാള്‍ ഏകാദശി മഹോത്സവ കാലം. ഡിസംബര്‍ 11നാണ് ഗുരുവായൂര്‍ ഏകാദശി. എകാദശി വിളക്ക് ഒന്നാം ദിവസമായ ഇന്നലെ രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പ് ചിത്രങ്ങള്‍. കൊമ്പന്‍ ഗുരുവായൂര്‍ രാജശേഖരന്‍ കണ്ണന്റെ തങ്കത്തിടമ്പും കോലവുമേറ്റി.
ക്ഷേത്രത്തിലെ എണ്ണായിരത്തോളം ചുറ്റുവിളക്കുകള്‍ തിരിയിട്ട് തെളിച്ച് ഇടയ്ക്ക നാഗസ്വര വാദ്യത്തോടെ മൂന്നാനകളെ എഴുന്നള്ളിച്ചാണ് വിളക്ക് ആഘോഷം. പുരാതന കുടുംബങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വഴിപാടാണിത്. ചില ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, സന്ധ്യയ്ക്ക് തായമ്പക, മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയും പതിവുണ്ട്. പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബം വകയാണ് ആദ്യ വിളക്ക്.
ആഘോഷങ്ങള്‍ ഏറെയുള്ള വിളക്കുകളായ പോസ്റ്റല്‍ വിളക്ക് 14നും കോടതി വിളക്ക് 17നും പൊലീസ് വിളക്ക് 18നും ജി.ജി.കൃഷ്ണയ്യര്‍ വിളക്ക് 19നും മര്‍ച്ചന്റ്സ് വിളക്ക് 21നും നടക്കും. കാനറാ ബാങ്ക് വിളക്ക് 23നാണ്. എസ്ബിഐ വിളക്ക് 24നും അയ്യപ്പ ഭജന സംഘം ലക്ഷദീപം വിളക്ക് 25നും നാണു എഴുത്തച്ഛന്‍ സണ്‍സ് വിളക്ക് 26നും ക്ഷേത്രം പത്തുകാരുടെ വിളക്ക് 28നും തന്ത്രി വിളക്ക് 30നും ദേവസ്വം പെന്‍ഷനേഴ്സ്, എംപ്ലോയീസ് അസോസിയേഷന്‍ വിളക്ക് ഡിസംബര്‍ 2നും നടക്കും. പാരമ്പര്യ വിളക്കുകള്‍ ഡിസംബര്‍ 5ന് കപ്രാട്ട് കുടുംബത്തിന്റെ പഞ്ചമി വിളക്കോടെ ആരംഭിക്കും.
മാണിക്കത്ത് കുടുംബത്തിന്റെ ഷഷ്ടി വിളക്ക് 6നും നെന്മിനി മന വക സപ്തമി വെളിച്ചെണ്ണ വിളക്ക് 7നും നടക്കും. 8ന് പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമി വിളക്കു മുതല്‍ സ്വര്‍ണക്കോലം എഴുന്നള്ളിക്കും. 9ന് കൊളാടി കുടുംബത്തിന്റെ നവമി നെയ്വിളക്ക്. 10ന് ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ ദശമി വിളക്ക്. 11ന് ഏകാദശി. ചെമ്പൈ സംഗീതോത്സവം നവംബര്‍ 26ന് തുടങ്ങും. പഞ്ചരത്ന കീര്‍ത്തനാലാപനവും ഗജരാജന്‍ കേശവന്‍ അനുസ്മരണവും ഡിസംബര്‍ 10നാണ്.