![](https://www.jyothishavartha.in/wp-content/uploads/2023/04/krishnanattam.jpg)
മെയ് മാസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം നടക്കുന്ന ദിവസങ്ങള്‍
കൃഷ്ണനാട്ടത്തിന്റെ ഐതിഹ്യം
കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പ ഭക്തനുമായിരുന്ന ശ്രീ മാനദേവസാമൂതിരിപ്പാടിന് ഭഗവാനെ നേരിൽ കാണുവാനുള്ള ആഗ്രഹത്തെ സാക്ഷാത്ക്കരിക്കുന്നതിനായി ശ്രീ വില്വംമംഗലത്തുസ്വാമിയാരെ സമീപിച്ചു. ശ്രീ വില്വമംഗലത്തുസ്വാമിയാർക്ക് ഭഗവാനെ നേരിൽ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. ഗുരുവായൂർ അമ്പലത്തിൽ ഇപ്പോൾ കൂത്തമ്പലം സ്ഥിതി ചെയ്തിരുന്നിടത്ത് ഒരു ഇലഞ്ഞിമരം ഉണ്ടായിരുന്നു. സാമൂതിരിപ്പാടിന്റെ ആഗ്രഹം ഭഗവാനോട് ചോദിച്ച് പറയാമെന്ന് വില്വമംഗലത്ത് സ്വാമിയാർ പറയുകയും അപ്രകാരം കാണുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഭക്ത പണ്ഡിതനായ വില്വമംഗലത്തുസ്വാമികൾ പറഞ്ഞപ്രകാരം അമ്പലത്തിൽ നട അടച്ചശേഷം ഭഗവാന്റെ ബാലരൂപം കാണാൻ മാനവേദരാജന് സാധിച്ചു. പരവശനായി എല്ലാം മറന്ന ബാലരൂപത്തെ കെട്ടിപ്പിടിക്കുവാൻ തുടങ്ങിയപ്പോൾ ഭഗവാൻ, ദർശനം മാത്രമേ വില്വമംഗലം പറഞ്ഞിട്ടുള്ളു. സ്പർശനം പറഞ്ഞിട്ടില്ലെന്ന് അരുളിചെയ്ത് അപ്രത്യക്ഷനായി. ആസമയം ഭഗവാന്റെ ശിരസ്സിൽ നിന്നും ഒരു പീലീദളം കൊഴിഞ്ഞുവീണു. സാമൂതിരി ആ പീലിയെടുത്ത് ഭക്തിയോടെ ഒരു കാവ്യം രചിച്ചു. ആ കാവ്യമാണ് കൃഷ്ണഗീതി, ഈ കാവ്യത്തെയാണ് പിന്നീട് കൃഷ്ണനാട്ടം ആക്കിയത്. എട്ടുകഥകൾ എട്ടുദിവസമായാണ് കൃഷ്ണനാട്ടം കളിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ രാത്രി തൃപ്പുക കഴിഞ്ഞ് നട അടച്ചശേഷമാണ് കളി തുടങ്ങുക.
അവതാരം കഥ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്നതിനും, കാളിയ മർദ്ദനം വിഷബാധാശമനത്തിനും, രാസക്രീഡ കന്യകമാരുടെ ശ്രേയസ്സ്, ദമ്പതികലഹം തീരുവാനും, കംസവധം ശത്രുനാശനത്തിന്, സ്വയംവരം വിവാഹം നടക്കുന്നതിനും, ബാണയുദ്ധം അഭീഷ്ടപ്രാപ്തിക്കും, വിവിധതരം കൃഷി അഭിവൃദ്ധി, ദാരിദ്ര്യശമനം എന്നിവയ്ക്കും, സ്വർഗ്ഗാരോഹണം മോക്ഷപ്രാപ്തിക്കും വേണ്ടിയാണ് വഴിപാടായി നടത്തുന്നത്. സ്വർഗ്ഗാരോഹണം കളിച്ചാൽ അവതാരം കളി കളിക്കണം എന്ന നിബന്ധനകൂടിയുണ്ട്. അമ്പലത്തിൽ ഒരു ദിവസം ഒരു കളി വഴിപാടിന് മൂവായിരം രൂപയാണ്. നിരവധി പേരുടെ വഴിപാട് ഒരു ദിവസം ഉണ്ടാകും. കളി ഒന്നുമാത്രമാണ്.
അവതാരകഥ
ദുഷ്ടന്മാരുടെ ദുഷ്ടവർത്തനം സഹിക്കവയ്യാതെ ഭൂമി ദേവി ബ്രഹ്മാവിനോട് സങ്കടം പറഞ്ഞു. താമസിയാതെ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണൻ ജനിക്കുമെന്നും ബ്രഹ്മാവ് പറഞ്ഞ് സമാധാനിപ്പിക്കുന്നു. രണ്ടാമത്തെ രംഗത്തിൽ കംസൻ ദേവകി-വസുദേവരുടെ വിവാഹം നടത്തുകയും തേരിൽ വരുന്ന വഴിമദ്ധ്യേ ഒരു അശരീരി കേൾക്കുകയും ചെയ്തു (ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കുമെന്ന്). ഇതുകേട്ട് കംസൻ ദേവകിയെ വധിക്കുവാൻ ഒരുങ്ങിയപ്പോൾ വസുദേവർ തടഞ്ഞു. ദേവകിക്ക് ഉണ്ടാകുന്ന എല്ലാ പുത്രന്മാരെയും കംസന് വധിക്കാമെന്ന വസുദേവരുടെ വാക്കിൽ കംസന്റെ കോപം അടങ്ങുകയും വസുദേവരെ തുറങ്കല്ലിൽ അടയ്ക്കുകയും ചെയ്തു. മൂന്നാമത്തെ രംഗത്തിൽ ദേവകി ഗർഭിണിയായി തോഴിമാരോടൊപ്പം അമ്പാടിയിലേക്ക് പുറപ്പെടുന്നു. നാലാമത്തെ രംഗത്തിൽ കൃഷ്ണൻ ജനിക്കുകയും വിശ്വരൂപം മാതാപിതാക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഇതിനിടയിൽ കംസൻ ദേവകി പ്രസവിച്ച എല്ലാ കുഞ്ഞുങ്ങളെയും പാറപ്പുറത്ത് എറിഞ്ഞ് കൊല്ലുകയായിരുന്നു. ഏഴാമത്തെ കുഞ്ഞ് കംസന്റെ കയ്യിൽ നിന്ന് മോചിതനായി നിന്നെ കൊല്ലുവാനുള്ള ആൾ ഉടൻ പിറക്കും എന്നുപറഞ്ഞ് അപ്രത്യക്ഷമാവുന്നു. ഇതറിഞ്ഞ കംസൻ ക്രോധം കൊണ്ട് മഥുരയിലെ എല്ലാ കുഞ്ഞുങ്ങളെയും കൊല്ലുവാൻ ഉത്തരവിടുകയും അപ്രകാരം നടത്തുകയും ചെയ്തു. എന്നിട്ടും മതിവരാതെ പൂതന എന്ന രാക്ഷസിയെ ലളിത എന്ന നാമധേയത്തിൽ അമ്പാടിയിലേക്ക് അയയ്ക്കുന്നു. തന്റെ സ്തനങ്ങളിൽ കാളകൂട വിഷം പുരട്ടി കണ്ണനെ കയ്യിലെടുത്ത് കൊഞ്ചിക്കുകയും അതിനുശേഷം തന്റെ മുലപ്പാൽ കൊടുക്കുകയും ചെയ്യുന്നു. വേഷം മാറി വന്ന പൂതനയുടെ മുലപ്പാൽ കുടി നിർത്താതെ തുടരുകയും വേദനസഹിക്കവയ്യാതെ തന്റെ സ്വരൂപം പ്രദർശിപ്പിച്ച് കണ്ണനെ മുലപ്പാൽ കുടിക്കുന്നിടത്തുനിന്നും തള്ളി മാറ്റാൻ ശ്രമിച്ച പൂതന പരാജിതയാകുന്നു. അവസാനം കണ്ണൻ രക്തം വരെ ഊറ്റികുടിച്ച് പൂതന എന്ന രാക്ഷസ്സിയെ കാലപുരിയിലേക്ക് അയയ്ക്കുന്നു. അതിനുശേഷമുള്ള രംഗത്തിൽ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരെ ഗോപസ്ത്രീകൾ ലാളിക്കുന്നു. അവസാനരംഗത്തിൽ കൃഷ്ണൻ വെണ്ണ കട്ടു തിന്നുന്നു എന്ന് ആരോപിച്ച് ഗോപസ്ത്രീകൾ യശോദയോട് പരാതി പറയുകയും അതുകേട്ട് കണ്ണനെ പീലി കൊണ്ട് അടിക്കുകയും തത്സമയം ഗോപ സ്ത്രീകൾ ദേവകിയെ തടയുന്നു. അതിനു ശേഷം എല്ലാവരും സന്തോഷത്തോടെ നൃത്തം ചെയ്യുന്നു. ഇത്രയുമാണ് അവതാരത്തിന്റെ ചുരുക്കം. രണ്ടരമണിക്കൂർ നീളമുള്ള കഥയാണിത്. ധനാശിപാടിയശേഷം കേളികൊട്ടി കളിക്ക് തിരശ്ശീല വീഴുന്നു.
കാളിയമർദ്ദനം
കാളിയമർദ്ദനത്തിൽ കൃഷ്ണൻ ബഗാസ്സുരനെ നിഗ്രഹിക്കുന്നു. കാളിയന്റെ വിഷം എല്ലാ വെള്ളത്തിലും ചേർന്ന് നിരവധി പശുക്കൾ മൃത്യുവരിക്കുകയും ഈ വിവരം കൃഷ്ണൻ അറിഞ്ഞ് കാളിയന്റെ ഫണത്തിൽ നൃത്തം ചവിട്ടി നിഗ്രഹിക്കുന്നതുമാണ് കഥ. ചെറിയ രംഗങ്ങളോടുകൂടിയതാണ് ഇത്.
രാസക്രീഡ
ഈ കഥയിൽ നൃത്തത്തിനാണ് പ്രാധാന്യം. ഗോപസ്ത്രീകളുമായി മുല്ലപ്പൂ ചുറ്റൽ എന്ന അതിമനോഹരമായ രംഗം ഇതിലുണ്ട്. ശംഖുചൂഡൻ ഗോപസ്ത്രീകളെ ശല്യം ചെയ്യുന്നു. ഗോപ സ്ത്രീകൾ പേടിച്ച് കരയുന്നതുകേട്ട് വന്ന കൃഷ്ണൻ ശംഖുചൂഡന്റെ കഴുത്തിലുള്ള മർമ്മ സ്ഥാനത്തിൽ ഒളിപ്പിച്ച് ജീവൻ പുറത്തെറിഞ്ഞ് വധിക്കുന്നു.
കംസവധം
ശ്രീകൃഷ്ണന്റെ വളർച്ച കംസനെ ആകുലപ്പെടുത്തുന്നു. ആദ്യരംഗത്തിൽ കംസൻ ദേവകിയെയും വസുദേവരെയും നിഗ്രഹിക്കാൻ ഒരുങ്ങവെ നാരദമഹർഷി തടയുന്നു. പിന്നീട് അക്രൂരരെ ദൂതനായി കംസൻ പറഞ്ഞയയ്ക്കുന്നു. അക്രൂരനിലെ കൃഷ്ണഭക്തി കംസന് അറിയുകയില്ല. അക്രൂരൻ കൃഷ്ണനെ സ്തുതിച്ച് വന്നിരിക്കുന്നു. കംസന്റെ കുലയാപീഡം എന്ന ആനയെക്കൊണ്ട് കൃഷ്ണനെയും ബലരാമനെയും വധിക്കാൻ ഒരുങ്ങവെ ആനയുടെ കൊമ്പുകൾ പിഴുതെടുത്ത് കംസന്റെ മുന്നിലേക്ക് എറിയുന്നു. അതുകണ്ട കംസനും അംഗരക്ഷകനായ മല്ലന്മാരും ഞെട്ടുന്നു. മല്ലന്മാരെ യുദ്ധത്തിനായി പറഞ്ഞയച്ച് കംസൻ മാറിനിൽക്കുന്നു, നിമിഷങ്ങൾക്കകം മല്ലന്മാരെ കൃഷ്ണൻ കീഴ്പ്പെടുത്തി. ഇത് കണ്ട് ഭയന്ന കംസൻ ജീവനുവേണ്ടി കൃഷ്ണനോട് യാചിക്കുന്നു. കൃഷ്ണൻ കംസന്റെ നെഞ്ചിൽ കയറി മർദ്ദിച്ച് കംസനെ നിഗ്രഹിക്കുകയും കാരാഗൃഹത്തിലുള്ള വസുദേവരെയും ദേവകിയേയും മോചിപ്പിക്കുകയും ചെയ്യുന്നു.
സ്വയംവരം
സാന്ദീപനി മഹർഷിക്ക് നഷ്ടപ്പെട്ടുപോയ മക്കളെ ധർമ്മരാജാവിൽ നിന്ന് വാങ്ങി സാന്ദീപനി മഹർഷിക്ക് തിരിച്ചുനൽകുന്നു. ശ്രീകൃഷ്ണനെ മഹർഷി ആശീർവദിക്കുന്നു. അടുത്ത രംഗത്തിൽ ഉദ്ധവർ കൃഷ്ണനെ സ്തുതിക്കുന്നു. അതിനുശേഷം യവനൻ എന്ന കഥാപാത്രവുമായി കൃഷ്ണൻ യുദ്ധം ചെയ്യുന്നു. ക്രോധത്താൽ യവനനെ ഭസ്മമാക്കുകയും കൃഷ്ണൻ തന്റെ വിശ്വരൂപം ധരിക്കുകയും അതുകണ്ട് ഉദ്ധവർ സ്തുതിക്കുകയും ചെയ്യുന്നു. പിന്നീട് ബലരാമൻ രേവതിയെ വിവാഹം കഴിക്കുന്നു. (തന്നെക്കാൾ ഉയരമുള്ള രേവതിയെ തന്റെ കലപ്പ കൊണ്ട് ഒപ്പമാക്കി), തുടർന്നുള്ള രംഗത്തിൽ ശിശുപാലന്റെ രാജസദസ്സാണ്. രുഗ്മിണിയുടെ ക്ഷണമനുസരിച്ച് അവിടെ എത്തിയ കൃഷ്ണനെ രുഗ്മിയും ശിശുപാലനും കൂടി കളിയാക്കുന്നു. ശിശുപാലനും രുഗ്മിയുമായി കൃഷ്ണൻ യുദ്ധം ചെയ്യുന്നു. ഇതുകണ്ട് രുഗ്മിണി തന്റെ സഹോദരൻ രുഗ്മിയെ വധിക്കരുതെന്ന് അപേക്ഷിക്കുന്നു. കൃഷ്ണൻ അതനുസരിക്കുകയും പകരം തന്നെ കളിയാക്കിയതിന് ശിക്ഷയായി രുഗ്മിയുടെ തലമുടി മുറിച്ച് എടുത്തശേഷം പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. തുടർന്നുള്ള രംഗത്തിൽ ജാംബവാനുമായിട്ടുള്ള യുദ്ധമാണ്. കഴിഞ്ഞ അവതാരത്തിൽ ശ്രീരാമനോട് ഹനുമാൻ തന്നെക്കാൾ കഴിവുള്ള യോദ്ധാവുമായി യുദ്ധം ചെയ്യുവാൻ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് ആ ആഗ്രഹം ജാംബവാനിലൂടെ നിറവേറ്റുമെന്ന മുഹൂർത്തമായിരുന്നു. ഈ യുദ്ധം ദിവസങ്ങളോളം നീണ്ടു. യുദ്ധത്തിൽ തളർന്ന ജാംബവാൻ തന്നെ തോൽപ്പിക്കുന്നത് ആരാണെന്നറിയുവാൻ കണ്ണുകൾ വിടർത്തി നോക്കിയപ്പോഴാണ് അത് കൃഷ്ണനാണെന്ന് മനസ്സിലാക്കിയത്. തന്റെ അപരാധം പൊറുക്കണമെന്ന് പറയുകയും സ്യമന്തകമണിയും തന്റെ പുത്രി ജാംബവതിയേയും കൃഷ്ണന് സമ്മാനമായി നൽകുകയും ചെയ്തു.
ബാണയുദ്ധം
ആദ്യരംഗത്തിൽ കൃഷ്ണൻ, സത്യഭാമ, ഗരുഡൻ എന്നിവരുടെ പുറപ്പാട്. അതിനുശേഷം മുരകാസുരൻ എന്ന അസുരനെ കൃഷ്ണൻ വധിക്കുന്നു. ഇതറിഞ്ഞ നരകാസുരൻ കൃഷ്ണനുമായി യുദ്ധം ചെയ്യുന്നു. ഇടയ്ക്ക് നരകാസുരന്റെ അമ്പുകൊണ്ട് കൃഷ്ണൻ മോഹാലസ്യപ്പെട്ട് വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം ഗരുഡനും സത്യഭാമയും നരകാസുരനുമായി യുദ്ധം ചെയ്യുന്നു. മോഹാലസ്യത്തിൽ നിന്ന് ഉണർന്ന കൃഷ്ണൻ സത്യഭാമയെ ആശ്ലേഷിപ്പിക്കുന്നു. ഇതുകണ്ട് നരകാസുരൻ പുച്ഛിച്ച് കളിയാക്കുന്നു. അതിനുശേഷം ഇരുവരും വീണ്ടും യുദ്ധം തുടരുന്നു. അവസാനം സുദർശനചക്രം കൊണ്ട് നരകാസുരനെ വധിക്കുന്നു. ഇതിനുശേഷം ശിവനും, കൃഷ്ണനും കണ്ടുമുട്ടുന്നു. തന്റെ ഭൂതഗണങ്ങളായ ശിവഭൂതങ്ങൾ പലവിധ ചേഷ്ടകൾ കാണിക്കുന്നു. കൃഷ്ണനും ശിവനും പരസ്പരം സ്തുതിച്ച് വണങ്ങുന്നു. ഇതിനിടയിൽ നാരദമഹർഷി വന്ന് ശിവനെ കൃഷ്ണനെക്കുറിച്ച് പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. അതുകേട്ട ശിവൻ ബാണനുമായി ചേർന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. കൃഷ്ണന്റെ അമ്പേറ്റ് ശിവൻ ബോധംകെട്ട് വീഴുന്നു. ബാണന്റെ കൈകൾ കൃഷ്ണൻ അമ്പെയ്ത് അറുത്തുമാറ്റുന്നു. ബോധം വീണുകിട്ടിയ ശിവൻ ബാണനെ നിഗ്രഹിക്കരുതെന്ന് കൃഷ്ണനോട് പറയുന്നു. കൃഷ്ണൻ ബാണനെ വെറുതെ വിടുന്നു. ബാണൻ തന്റെ മകൾ ഉഷയെ കൃഷ്ണന് വിവാഹം കഴിച്ചുകൊടുക്കുന്നു.
വിവിധവധം
ബലരാമൻ ഗോപസ്ത്രീകളുമായി വനത്തിൽ ഇരിക്കവെ ഒരു ചെത്തുകാരൻ കൊടുത്ത സോമ രസം കഴിച്ച് മയങ്ങിപോകുന്നു. ഈ സമയം വിവിധൻ എന്ന വാനരൻ ബലരാമനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഗോപസ്ത്രീകളെ പറഞ്ഞയച്ചശേഷം ബലരാമൻ വിവിധനെ യുദ്ധം ചെയ്ത് നിഗ്രഹിക്കുന്നു. അടുത്ത രംഗത്തിൽ കൃഷ്ണൻ, അർജ്ജുനൻ, ഭീമൻ, രുഗ്മി എന്നിവരുമായുള്ള യുദ്ധം. പിന്നീട് കുചേലവൃത്തമാണ്. കുചേലനെ കണ്ട കൃഷ്ണൻ സന്തോഷത്താൽ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. കുചേലൻ കൊണ്ടുവന്ന അവൽ പൊതി കണ്ട കൃഷ്ണൻ അത് എടുത്ത് രണ്ടുതവണ കഴിക്കുന്നു. മൂന്നാമത്തേത് കഴിക്കുവാൻ തുടങ്ങുമ്പോൾ രുഗ്മിണി തടയുന്നു. അതിനുശേഷം സന്തോഷത്തോടെ കുചേലനെ യാത്രയാക്കുന്നു.
സ്വർഗ്ഗാരോഹണം
അരങ്ങത്ത് മഹാവിഷ്ണു, ശിവൻ, ബ്രഹ്മാവ്, ഗരുഡൻ, ശ്രീദേവി, ഭൂമിദേവി, നാരദൻ എന്നിവരുമായുള്ള പുറപ്പാട്. അതിനുശേഷം ഉദ്ധവരും കൃഷ്ണനും തമ്മിലുള്ള സ്തുതിയാണ്. അവസാനരംഗത്തിൽ കാട്ടാളന്റെ അമ്പേറ്റ കൃഷ്ണൻ മൃത്യുവരിക്കുന്നു. അതിനുശേഷം വൈകുണ്‌ഠത്തിൽ മഹാവിഷ്ണു അനന്തശയനത്തിൽ കിടക്കുന്ന രംഗം. ഈ രംഗത്ത് ബ്രഹ്മാവ്, ഭൂമിദേവി, ശ്രീദേവി, ശിവൻ, നാരദൻ, ഗരുഡൻ എന്നിവരുമുണ്ട്. ഇതോടെ കൃഷ്ണനാട്ടത്തിന്റെ എട്ട് കഥയ്ക്ക് തിരശ്ശീല വീഴുന്നു.
കൃഷ്ണനാട്ടത്തിന്റെ പ്രത്യേകത എന്നത് പാട്ട് സംസ്കൃതകാവ്യമാണ്. ചെണ്ട കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കാറില്ല. അതിനുപകരം തൊപ്പി മദ്ദളമാണ് ഉപയോഗിക്കുന്നത്. ചെണ്ട അസുരവാദ്യമായതിനാലാണ് കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കാത്തത് എന്ന് പറയപ്പെടുന്നു.
മെയ്മാസത്തില്‍ കൃഷ്ണനാട്ടം നടക്കുന്ന ദിവസങ്ങള്‍
അവതാരം- 5,6,8,11,17,21,26
കാളിയ മര്‍ദ്ദനം- 4,15,24,29
രാസക്രീഡ- 1,14,22
കംസവധം- 7,19
സ്വയംവരം- 3,13,18,27
ബാണയുദ്ധം- 12,25,28,31
വിവിദവധം- 20
സ്വര്‍ഗാരോഹണം- 10
Summary: Krishnanaattam, which is the most important art form of Guruvayoor temple, is performed in the temple as an offering. This artform deals with the stories of Lord Krishna.