ആയിരം പൂജകളുടെ ഫലം തരും, കർക്കിടക മാസത്തിൽ സ്ത്രീകൾ ചെയ്യേണ്ടത്
ഇഷ്ടകാര്യസിദ്ധിക്കും പിതൃദോഷങ്ങളകലാനും സ്ത്രീകൾ കർക്കിടക മാസത്തിൽ ചെയ്യേണ്ട പൂജയാണ് ഹനുമാന് പൊട്ടുകുത്തൽ. ആയിരം പൂജകളുടെ ഫലം തരുന്ന ഈ ക്രിയ നിഷ്ഠയോടെ ചെയ്താൽ തീർച്ചയായും ഫലം ലഭിക്കും. വാൽ പൂജ, സിന്ദൂര വന്ദ്യപൂജ എന്നീ പേരുകളിലുമിതറിയപ്പെടുന്നു. നെറ്റിയിൽ സിന്ദൂരമണിഞ്ഞ സീതാദേവിയെ കണ്ട് അതെന്തിനാണെന്ന് ചോദിച്ച ഹനുമാനോട് ശ്രീരാമഭഗവാന്റെ ദീർഘായുസിനാണെന്ന് പറഞ്ഞത് കേട്ട ഉടൻ, ഉടലാകെ ഹനുമാൻ സിന്ദൂരം പൂശിയെന്നാണ് ഐതിഹ്യം. അതോടെ സിന്ദൂരം ഹനുമാന് പ്രിയപ്പെട്ടതായി.
ബ്രാഹ്മമുഹൂർത്തത്തിലാണ് സ്ത്രീകൾ ഈ പൂജ ചെയ്യേണ്ടത്, വലതു ഭാഗത്ത് ഹനുമാന്റെ വാൽ കാണുന്ന ചിത്രത്തിന് മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി ‘ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്ന വദനം ധ്യായേത് സർവ്വ വിഘ്‌നോപശാന്തയേ’ എന്ന ശ്ലോകം ചൊല്ലണം. അടക്കയും വെറ്റിലയും ദക്ഷിണയായി സമർപ്പിക്കുകയും ചന്ദനത്തിരി, കർപ്പൂരം എന്നിവ കത്തിച്ച് ആഗ്രഹങ്ങൾ ഹനുമാനോട് പറയുകയും വേണം. വെറ്റിലയോടും അടയ്ക്കയോടുമൊപ്പം അരിയും ശർക്കരയും പൂക്കളും സമർപ്പിക്കുന്നതും നല്ലതാണ്.
വലതു കൈയ്യിലെ മോതിരവിരലാൽ ആദ്യം കുങ്കുമവും പിന്നീട് മഞ്ഞൾ, ചന്ദനം, എണ്ണ എന്നിവ ചേർന്ന മിശ്രിതവുമാണ് ഹനുമാന്റെ ചിത്രത്തിൽ വാൽ പൊട്ടായി കുത്തേണ്ടത്. മുപ്പതോ, നാൽപ്പതോ പൊട്ടുകൾ വരെ ദിവസവും കുത്താം. അങ്ങനെ 41 ദിവസം, പൊട്ടുകുത്തൽ പൂജക്കായി തിരഞ്ഞെടുക്കാം.
‘ശ്രീരാമജയം’ എന്ന് പത്ത് തവണ ചൊല്ലി ‘ശ്രീരാമ ഭഗവാന്റെ ഭക്തവത്സലാ അങ്ങയുടെ കൃപയാൽ ദോഷങ്ങളകറ്റി, സർവ്വ ഐശ്വര്യങ്ങളും നൽകേണമേ’ എന്ന പ്രാർത്ഥനയോടെ വേണം പൂജ അവസാനിപ്പിക്കാൻ. അവസാന നാളിൽ പൂജയവസാനിപ്പിക്കുമ്പോൾ 21 വടമാലയും വെറ്റിലമാലയും സമർപ്പിക്കണം.