
ദിവസവും രാവിലെ തുളസിച്ചെടിയെ തൊട്ടുപ്രാര്‍ഥിച്ചാല്‍
മഹാലക്ഷ്മിയുടെ അംശമായാണ് തുളസി ചെടിയെ കരുതുന്നത്. ശ്രീ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട ചെടിയാണ് ഇതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തുളസി വളര്‍ത്തി പൂജിക്കുന്ന വീടുകളില്‍ ലക്ഷ്മി ദേവിയുടെ വാസമുണ്ടാകുമെന്നും ഐശ്വര്യം ചൊരിയുമെന്നുമാണ് വിശ്വാസം.
ശുദ്ധമായ സ്ഥലത്ത് മാത്രമേ തുളസി വളരൂവെന്നത് അതിന്റെ പ്രത്യേകതയാണ്. എല്ലാ ദോഷങ്ങളും മാറി സന്തോഷവും സമൃദ്ധിയും നിറയുവാന്‍ ഇത് വീട്ടില്‍ വളര്‍ത്തുന്നതുവഴി സാധിക്കുമെന്നാണ് വിശ്വാസം. എന്നും രാവിലെ തുളസിച്ചെടിയെ തൊട്ടുവണങ്ങി പോയാല്‍ കാര്യസിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
തുളസിദാനം സവിശേഷമാണ്. വസ്തു ദാനം ചെയ്യുമ്പോള്‍ അതിന്റെ കൂടെ ഒരു തുളസി ദളം കൂടെ വച്ച് കൊടുക്കുന്നതിനെയാണ് തുളസി ദാനം എന്ന് പറയുന്നത്. ദാനം ചെയ്യുന്ന വസ്തുവിലും പ്രാധാന്യം ആ തുളസിക്കായിരിക്കും. ഇത് ഭാഗ്യസിദ്ധിക്കും ഐശ്വര്യലബ്ധിക്കും ഏറെ നല്ലതാണ്.