സ്പെഷ്യല്‍
ഇത്തവണ തൈപ്പൂയം ഇങ്ങനെ ആചരിച്ചോളൂ! വ്രതാനുഷ്ടാനം, ജപിക്കേണ്ട മന്ത്രങ്ങൾ | Thaipooyam 2025

മകരമാസത്തിലെ പൂയം നാളിലാണ് ശിവപാർവതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ ജനനം. തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാൽ ഈ ദിനം തൈപ്പൂയം എന്ന പേരിൽ ആചരിക്കുന്നു. ഷഷ്ഠി പോലെതന്നെ ഏറെ പ്രാധാന്യമുള്ളതാണ് തൈപ്പൂയവും. ഇത്തവണ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് തൈപ്പൂയം.

ശിവബീജോസൂതനായ ഭഗവാൻ ശരവണപ്പൊയ്കയിൽ ജനിച്ചതിനാൽ ശരവണൻ എന്നും ആറുമുഖങ്ങളോടുകൂടി ജനിച്ചതിനാൽ അറുമുഖനെന്നും ആറ് കൃത്തികമാർ (ദേവസ്ത്രീകൾ) മുലയൂട്ടി വളർത്തിയതിനാൽ കാർത്തികേയൻ എന്നും കുമാരൻ എന്ന നാമത്തിൽ ഗംഗയുടേയും സ്കന്ദൻ എന്ന പേരിൽ പാർവ്വതിയുടേയും ഗുഹൻ എന്ന പേരിൽ കൈലാസനാഥന്റെയും മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും പുത്രനായി അറിയപ്പെടുന്നു.

അറുമുഖന്റെ ആറുമുഖങ്ങളെയും പരാശക്തിയായ പാർവ്വതി മുലയൂട്ടിയപ്പോൾ ശിശുവിന്റെ എല്ലാ തലകളും ലയിച്ച് ഒന്നായി മാറി. അത് യോഗശാസ്ത്രപ്രകാരം ഷഡാധാരങ്ങളെ പരാശക്തിയായ കുണ്ഡലിനി ഒന്നായി മാറ്റി സഹസ്രാരപത്മത്തിൽനിന്ന് അമൃതവർഷമാകുന്ന പാൽ ചൊരിഞ്ഞ് അനുഗ്രഹിച്ചതാണെന്നും ഇതിനാലാണ് ഓങ്കാരതത്ത്വം ഉപദേശിച്ച ദണ്ഡപാണിയായി ആ ബാലയോഗിമാറിയതെന്നും വിശ്വസിക്കുന്നു.

തൈപ്പൂയവ്രതം

thaipuyam kavadi

തൈപ്പൂയത്തിന് എല്ലാവിധ സുബ്രഹ്മണ്യ ആരാധനയേക്കാൾ ശ്രേഷ്ഠമാണ് കാവടിയാട്ടം. കാവടിയെടുക്കുന്ന ഭക്തർ അവരുടെ ഗുരുസ്വാമി നിർദ്ദേശിക്കുന്നവിധം ഒരു മണ്ഡലനേരത്തെ വ്രതമെങ്കിലും അനുഷ്ഠിക്കണം. കാവടിയെ അനുഗമിക്കുന്നവരും തൈപ്പൂയ വ്രതമെടുക്കുന്നവരും തൈപ്പൂയത്തിന് തൊട്ടുമുമ്പ് വരുന്ന ചൊവ്വാഴ്ച മുതലോ കുറഞ്ഞപക്ഷം തലേന്നാൾ മുതലോ വ്രതമനുഷ്ഠിക്ക ണം. അരിയാഹാരം ഒഴിവാക്കിയാൽ ഉത്തമം. ഫലമൂലാദികൾ, ഗോതമ്പ്, പാൽ, ഇളനീർ തുടങ്ങി ലഘുഭക്ഷണ ക്രമമാണ് ഗുണകരം. രണ്ടുനേരവും കുളിച്ച് ശുദ്ധവൃത്തിയോടെ സുബ്രഹ്മണ്യക്ഷേത്രദർശനം, ജപം ഇവ നിർബന്ധം.

ചൊവ്വാദോഷം തീർക്കാനും സുബ്രഹ്മണ്യൻ

ജ്യോതിഷത്തിൽ ചൊവ്വയുടെ അധിദേവനാണ് ഷൺമുഖൻ. കൂടാതെ കടബാദ്ധ്യത, മംഗല്യതടസ്സം, കോടതി വ്യവഹാരം, രക്തസംബന്ധമായ അസുഖങ്ങൾ, കടുത്ത ശത്രുദോഷം, കലഹം, കർമ്മതടസ്സം, സ്വഭാവദൂഷ്യം, ക്രിമിനൽ സ്വഭാവം, രഹസ്യ ഇടപാടുകൾ, സന്താനദുഃഖം, സന്താനഭാഗ്യഹാനി എന്നിവയുടെ പ്രധാനകാരണവും ചൊവ്വയുടെ ജാതകത്തിലെ അനിഷ്ടസ്ഥിതിയാണ്. ചൊവ്വാദോഷത്താൽ മംഗല്യതടസ്സം വരുന്ന ജാതകക്കാർക്ക് സുബ്രഹ്മണ്യവ്രതനിഷ്ഠയാൽ ദോഷശാന്തിവരുത്തി നല്ലജീവിതം നേടാൻ കഴിയും.

സുബ്രഹ്മണ്യപ്രീതിക്കായി

അഗ്നിസ്വരൂപനായ ചൊവ്വയുടെ പ്രീതി ലഭിക്കാൻ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എണ്ണ സമർപ്പണം, കുമാരസ്കന്ദാർച്ചന, മൂലമന്ത്രാർച്ചന, അഷ്ടോത്തരാർച്ചന, ഭസ്മാഭിഷേകം, പനിനീർ അഭിഷേകം, പഞ്ചാമൃതം ഇവ നടത്താവുന്നതാണ്. സുബ്രഹ്മണ്യഭുജംഗം, സുബ്രഹ്മണ്യപഞ്ചരത്നസ്തോത്രം ഷഷ്ഠികവചം, പോറ്റിപത്ത് തുടങ്ങിയ സ്തുതികൾ ജപിക്കാം.

സുബ്രഹ്മണ്യധ്യാനം

ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യസൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

സുബ്രഹ്മണ്യമൂലമന്ത്രങ്ങൾ

ഓം വചത്ഭുവേ നമഃ
ഓം സം സുബ്രഹ്മണ്യായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം ശരവണഭവ നമഃ

വിശിഷ്ടമായ സുബ്രഹ്മണ്യനാമാവലി

ഓം ജ്ഞാനശക്ത്യാത്മനേനമഃ
ഓം സ്കന്ദായ നമഃ
ഓം അഗ്നിഗർഭായ നമഃ
ഓം ബാഹുലേയായ നമഃ
ഓം ഗാംഗേയായ നമഃ
ഓം ശരവണോത്ഭവായ നമഃ
ഓം കാർത്തികേയായ നമഃ
ഓം കുമാരായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം കുക്കുടധ്വജായ നമഃ
ഓം സേനാന്യേ നമഃ
ഓം ഗുഹായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ശിവ തേജസേ നമഃ
ഓം ക്രൗഞ്ചദാരിണേ നമഃ
ഓം ശിഖി വാഹനായ നമഃ

ജാതകാൽ ചൊവ്വാദോഷത്താൽ മംഗല്യതടസ്സം, ശത്രു ദോഷം, കടബാദ്ധ്യത, ജോലിയിൽ പ്രശ്നം, സന്താനദുഃഖം ഇവയാൽ കഷ്ടപ്പെടുന്നവർ ഈ നാമാവലി നിത്യപാരായണം നടത്തുക. കുറഞ്ഞത് 27 ഉരുവീതം 27 ചൊവ്വാഴ്ച തികയുന്നതുവരെ ജപിച്ചാൽ ദോഷശാന്തി കൈവരുന്നതായി കണ്ടുവരുന്നു. ഒപ്പം ഷഷ്ഠിവ്രതാനുഷ്ഠാനം കൂടിയായാൽ ക്ഷിപ്രഫലം.

The name “Thaipooyam” is a mix of the words “Pooyam,” which refers to the Pooyam Nakshatram (Star), and “Thai,” one of the Tamil months. This Thaipooyam, let’s rejoice in the triumph of good over evil and purify our bodies by thinking positively.

thaipooyam
thaipusam
Related Posts