രാമായണം പാരായണം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാരായണവിധി ഇങ്ങനെ
രാമമന്ത്രം എങ്ങും മുഴങ്ങുന്ന പുണ്യ കാലമാണ് കർക്കടകമാസം. രാമമന്ത്ര ജപത്തിന്റെ അത്ഭുതശക്തി മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഓർമ്മപുതുക്കാനും, കുടുംബസാമൂഹിക ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാനുമുള്ള പ്രാർത്ഥനകൾക്കും തയ്യാറെടുപ്പിനും ഈ മാസം ഏറ്റവും പ്രധാനമാണ്. കർക്കടകം ഒന്നാം തീയതി മുതൽ മാസം മുഴുവനും പാരായണം ചെയ്താണ് രാമായണപാരായണം പൂർത്തിയാക്കേണ്ടത്.
പാരായണവിധി
രാവിലെ കുളിച്ച് പൂജാമുറിയിലോ ശുദ്ധമായ ഒരു സ്ഥലത്തോ നിലവിളക്ക് കൊളുത്തി വയ്ക്കുക, നെയ്യോ എണ്ണയോ ഒഴിച്ച് വിളക്ക് കൊളുത്താം. വെറും നിലത്ത് ഇരിക്കരുത്. പലകയിലോ പട്ട് വിരിച്ചോ പായയിലോ ഇരിക്കാം. ശുഭവസ്ത്രം ധരിച്ചാണ് പാരായണം ചെയ്യേണ്ടത്. ഗുരുക്കന്മാരെയും ഇഷ്ട ദേവതമാരെയും സങ്കല്പിച്ച് പ്രാർത്ഥിച്ച് ശ്രദ്ധയോടെ ഏകാഗ്രതയോടെ പാരായണം ചെയ്യണം. അക്ഷരത്തെറ്റ് ഉണ്ടാകാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുക. വാക്കുകൾ മുറിയരുത്. വളരെ ഉച്ചത്തിലോ മൗനമായോ പാരായണം പാടില്ല. മിതമായും ഭംഗിയായും പാരായണം ചെയ്യണം. ഗ്രന്ഥം താഴെ വയ്ക്കരുത്. സരസ്വതി പീഠം, വ്യാസപീഠം എന്നൊക്കെ വിവിധനാമത്തിൽ അറിയപ്പെടുന്ന ഗ്രന്ഥ പീഠത്തിൽ വക്കുന്നത് ഉത്തമം. ഗ്രന്ഥപീഠം ഇല്ലാത്തവർക്ക് ഒരു തളികയിലോ പലകയിലോ ഗ്രന്ഥം വയ്ക്കാം. പാരായണത്തിനിടയ്ക്ക് ചുമയ്ക്കുക, തലചൊറിയുക, കൈകടിക്കുക, തുമ്മുക എന്നിവയൊന്നും പാടില്ല. യാദൃച്ഛികമായി സംഭവിച്ചാൽ തന്നെ കൈകഴുകി വേണം വീണ്ടും പാരായണം തുടരാൻ. പല ദിനങ്ങളിലായി വായിക്കുന്നവർ ഓരോ ഭാഗങ്ങൾ അഥവാ കഥ പൂർത്തിയാക്കി മാത്രമേ അതാത് ദിവസം നിർത്താൻ പാടുള്ളൂ. എങ്ങുമെങ്ങും എത്താതെ അനിശ്ചിതമായി പാരായണം നിർത്തരുത്. പുല, വാലയ്മയുള്ളപ്പോഴും അശുദ്ധിയായി ഇരിക്കുമ്പോഴും പാരായണം പാടില്ല. രാമായണപാരായണത്തിന് മുമ്പും പിമ്പും യഥാശക്തി രാമനാമജപം ചെയ്യുന്നത് നല്ലതാണ്. മൂലമന്ത്രം ജപിച്ചാൽ ഏറ്റവും നന്ന്.
ഗ്രന്ഥപൂജ
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആണ് കേരളത്തിൽ കൂടുതൽ പാരായണം ചെയ്യുന്നത്. ഗ്രന്ഥം ശ്രീരാമ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ നൽകി പൂജിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് പൂജാരിക്ക് ദക്ഷിണ കൊടുത്ത് ഗ്രന്ഥം സ്വീകരിക്കുക. മൂലമന്ത്രവും യഥാശക്തി രാമനാമങ്ങളും ജപിച്ച് രാമായണപാരായണം ആരംഭിക്കുക. ഗ്രന്ഥം പട്ടിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഉത്തമമാണ്.
മൂലമന്ത്രജപം
ഓം രാം രാമായ നമഃ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം. നിത്യേന ഈ മന്ത്രം 108 വീതം 2 നേരം ജപിക്കുന്നത് പാപദുരിതങ്ങളകറ്റും. ഗുരുവിൽ നിന്ന് ശ്രീരാമഭഗവാന്റെ മൂലമന്ത്രം ഉപദേശമായി സ്വീകരിച്ച് ജപിക്കുന്നത് ഏറെ ശ്രേയസ്കരമാണ്. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതചര്യയോടെ 64 ദിവസം 2 നേരം 108 വീതം ജപിക്കുന്നത് ഭാഗ്യം തെളിയുന്നതിന് ഏറ്റവും ഗുണകരമാണ്. ധനലബ്ധിക്കും കിട്ടുന്ന ധനം നിലനിൽക്കുന്നതിനും ഉത്തമം. 21 ദിവസം 2 നേരം 108 വീതം മൂലമന്ത്രം ജപിക്കുന്നത് ദൃഷ്ടിദോഷത്തിന് പരിഹാരമാണ്. ദൃഷ്ടിദോഷം മൂലമുള്ള ദൗർഭാഗ്യം നീങ്ങി ശാന്തിയും ഐശ്വര്യവും ലഭിക്കും.
ഗൃഹത്തിൽ എല്ലാവർക്കും രാമായണം വായിക്കാം. മുതിർന്നവർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും എല്ലാം ആകാം എന്നർത്ഥം. ഒരാൾക്കു മാത്രമായി പാരായണം ചെയ്യാം. പലർ മാറിമാറി തുടർച്ചയായി വായിച്ച് പൂർത്തിയാക്കിയാലും മതി.