മന്ത്രങ്ങള്‍
അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം നിത്യവും ജപിച്ചാൽ, ജപിക്കേണ്ട രീതി, ജപഫലങ്ങൾ
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

ഹൈന്ദവമന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായി കരുതുന്ന മന്ത്രമാണ് ഗായത്രീമന്ത്രം (Gayatri Mantram). ഈ മഹാമന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രീ ഛന്ദസ്സില്‍ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സൂര്യദേവനോടുള്ള പ്രാർത്ഥനയായതിനാല്‍ ഗായത്രി മന്ത്രത്തെ സാവിത്രി മന്ത്രം എന്നും പറയുന്നു.

അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ഏതു മന്ത്രജപവും മൂന്നു തവണ ഗായത്രി ജപിച്ചശേഷം ആരംഭിക്കുന്നത് ഇരട്ടി ഫലദായകമാണ്.

സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ. സ്‌നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. ബുദ്ധിക്ക് ഉണർവ് നൽകുന്ന മന്ത്രമാണിത്. ഏതു പ്രായത്തിലുള്ളവർക്കും ഗായത്രി മന്ത്രം ജപിക്കാം. സകല ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ നിത്യവും ഉള്ള ഗായത്രീ മന്ത്രോപാസന ഉത്തമമാണ്.

108 തവണ ജപിക്കുന്നത് ശ്രേഷ്‌ഠം. കുറഞ്ഞത് ഒരു നേരം 10 തവണ എങ്കിലും അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു.

ഗായത്രീ ജപം ക്ഷേത്ര ദർശന വേളയിലായാൽ നാലിരട്ടി ഫലദായകമെന്നാണ് വിശ്വാസം . ഉറക്കെ ജപിക്കുന്നതിലും നല്ലത് മനസ്സിൽ ഉരുവിടുന്നതാണ്. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രി ജപം സഹായിക്കും. ഈ മന്ത്രം വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം.

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

പദാനുപദ വിവര്‍ത്തനം

ഭൂഃ – ഭൂമി
ഭുവസ് – അന്തരീക്ഷം
സ്വർ – സ്വർഗം
തത് – ആ
സവിതുർ – സവിതാവിന്റെ / സൂര്യന്റെ
വരേണ്യം – ശ്രേഷ്ഠമായ
ഭർഗസ് – ഊർജപ്രവാഹം / പ്രകാശം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങൾ ധ്യാനിക്കുന്നു
യഃ – യാതൊന്ന്
നഃ – ഞങ്ങളുടെ / നമ്മളുടെ
ധിയഃ – ബുദ്ധികളെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ

സാരം

സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.

ഗായത്രിയുടെ ശബ്ദാര്‍ഥം: ‘ഗായന്തം ത്രായതേ ഇതി ഗായത്രി’ – ‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’.

അഷ്ടസിദ്ധികള്‍

ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികളും നേടിത്തരുമെന്നാണ് വിശ്വാസം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ് അഷ്ടസിദ്ധികള്‍.

അണിമ – ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവ്.
മഹിമ – ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവ്.
ലഘിമ – ഭാരമില്ലാത്തവനായി മാറാനുള്ള കഴിവ്.
ഗരിമ – ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവ്.
ഈശിത്വം – ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവ്.
വശിത്വം – എല്ലാവരേയും വശീകരിക്കാനുള്ള കഴിവ്.
പ്രാപ്തി – മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്ത വസ്തുക്കളെ സ്പര്‍ശിക്കാന്‍ ഉള്ള കഴിവ്.
പ്രകാശ്യം – ഭൂമിയുടെ ഉള്ളിലേക്ക് അന്തര്‍ന്താനം ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ പുറത്തേക്കുവരാനും ഉള്ള കഴിവ്.

ഗായത്രീ ജപഫലം (Benefits of Chanting Gayatri Manthram)

ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങള്‍ ലഭിക്കുന്നെന്നാണ് വിശ്വാസം. നിഷ്‌കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി കൈവരും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം.

 

Summary: Gayatri Mantram Malayalam Meaning, Benefits of Gayatri Mantram, How to Chant Gayathri Mantram, Gayatri Mantram in Malayalam, Importance of Gayatri Mantram, Gayathri Mantram Lyrics in Malayalam

gayathri manthram
Related Posts