ക്ഷേത്രായനം
ഭദ്രകാളീരൂപം പൂണ്ട പരാശക്തിഭാവം; കൊടുങ്ങല്ലൂരമ്മയെ ദർശിക്കും മുൻപ് അറിയേണ്ടതെല്ലാം

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും താന്ത്രിക വിധികളും നിലനിര്‍ത്തി പോരുന്ന ഏറ്റവും ശക്തിചൈതന്യവത്തായ ദേവീ ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം. പുരാതനകാലത്ത് തന്ത്രശാസ്ത്ര ദൃഷ്ടിയിൽ ദേവ്യാരാധനയുടെ പ്രാധാന്യം കൊണ്ട് ‘സുന്ദരീപീഠം’ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ആദ്യത്തെ കാളീക്ഷേത്രം മാത്രമല്ല, ആദ്യ ഭഗവതി ക്ഷേത്രം തന്നെ കൊടുങ്ങല്ലൂരായിരുന്നു എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

ഭദ്രകാളീരൂപം പൂണ്ട പരാശക്തിഭാവത്തെ ഒരിടത്തും കുടിയിരുത്താൻ കഴിയാത്ത കാലഘട്ടത്തിൽ അതിനിഗൂഢമായ താന്ത്രിക വിദ്യകൾ പ്രയോഗിച്ച് ആദ്യമായി കുടിയിരുത്താൻ കഴിഞ്ഞത് കൊടുങ്ങല്ലൂരായിരുന്നുവെന്ന് ‘മാതൃസദ്ഭാവം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നങ്ങോട്ടാണ് കേരളത്തിൽ അനേകം ഭഗവതീക്ഷേത്രങ്ങളും, ഭദ്രകാളീക്ഷേത്രങ്ങളും രൂപപ്പെട്ടത്.

കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളതും, കൊടുങ്ങല്ലൂരമ്മയുടെ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുള്ളതുമായ ക്ഷേത്രങ്ങളായിരുന്നു ഇവയിൽ മിക്കതും. ഈ ഭദ്രകാളി പീഠങ്ങളുടെയെല്ലാം മൂലസ്ഥാനം കൊടുങ്ങല്ലൂരാണെന്ന് ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും പൂജാ വിധികളുമെല്ലാം വ്യക്തമാക്കുന്നുണ്ട്. അത്തരത്തിൽ പ്രധാനമായും 64 ക്ഷേത്രങ്ങളെ പറ്റി പറയുന്നുണ്ടെങ്കിലും അതിനുപുറമേ കൊടുങ്ങല്ലൂരമ്മയെ സങ്കൽപ്പിച്ചു പ്രതിഷ്ഠിച്ചിട്ടുള്ള നൂറുകണക്കിനു ക്ഷേത്രങ്ങൾ വേറെയുമുണ്ട്.

ഐതിഹ്യം

സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതും, കോടിക്കണക്കിനു ഭക്തജനങ്ങളുടെ ആശാകേന്ദ്രവും അഭയകേന്ദ്രവുമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തെക്കുറിച്ച് പലവിധത്തിലുള്ള ഐതിഹ്യങ്ങളും, കഥകളുമുണ്ട്. ഐതിഹ്യങ്ങളിൽ പറയുന്നത് കേരളം സൃഷ്ടിച്ച പരശുരാമൻ കേരളത്തിൽ ആകെ 192 ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നും, അതിൽ 64 എണ്ണം ദേവീക്ഷേത്രങ്ങളും 64 ശിവക്ഷേത്രങ്ങളും 64 വിഷ്ണുക്ഷേത്രങ്ങളും ആയിരുന്നു എന്നും, അതിൽ കേരളത്തിന്റെ രക്ഷയ്ക്കായി പ്രപഞ്ചമാതാവായ ആദിപരാശക്തിയെ നാലു ദിക്കുകളിൽ പ്രതിഷ്ഠിച്ചു എന്നുമാണ്. ദേവിയെ ലോകാംബികയായി പടിഞ്ഞാറുഭാഗത്ത് കൊടുങ്ങല്ലൂരിലും, മൂകാംബികയായി വടക്ക് കൊല്ലൂരിലും, ഹേമാംബികയായി കിഴക്ക് പാലക്കാട്ടും, ബാലാംബികയായി തെക്ക് കന്യാകുമാരിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വസിക്കുന്നത്. എന്നാൽ പ്രസിദ്ധമായ 108 ദുർഗ്ഗാലയങ്ങളിൽ കൊടുങ്ങല്ലൂരിനെക്കുറിച്ചു പറയുന്നില്ല. 108 ശിവാലയങ്ങളിലാണ് കൊടുങ്ങല്ലൂർ ഉൾപ്പെടുന്നത്.

കോടിലിംഗപുരം എന്ന സ്ഥലനാമം ശിവപ്രധാനമായ ക്ഷേത്രനഗരമായിരുന്നു എന്ന സൂചനയും നൽകുന്നു. ശിവപ്രധാനമായ ക്ഷേത്രം പിന്നീട് ദേവി ചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തിയതുകൊണ്ട് ദേവിപ്രധാനമായി മാറിയതാകാം എന്നു കരുതുന്നു.

ക്ഷേത്രനാഥൻ ശിവൻ

മൂകാസുരനെ വധിച്ച് ആദിപരാശക്തിയെ, ആ ശക്തിയുടെ അതിതീഷ്ണമായ പ്രഭാവം കൊണ്ട് മറ്റെങ്ങും കുടിയിരുത്താൻ കഴിയാതെ വന്നപ്പോൾ കോലമഹർഷി, താൻ പൂജിച്ചിരുന്ന ശിവലിംഗത്തിലേക്ക് ആവാഹിച്ചു കുടിയിരുത്തിയതാണ് മൂകാംബികയെന്ന് ‘മലയാചലരഹസ്യ’ത്തിൽ പറയുന്നുണ്ട്. പിന്നീട് ശങ്കരാചാര്യ സ്വാമികൾ ആചാരവിധാനങ്ങൾ ക്രമപ്പെടുത്തി ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം തന്നെ മറ്റൊരുതരത്തിൽ കൊടുങ്ങല്ലൂരും, ശിവപ്രധാനമായ ക്ഷേത്രത്തിൽ ദേവീചൈതന്യത്തെ നിഗൂഢമായ താന്ത്രിക വി ദ്യകളോടെ ആവാഹിച്ച് പ്രതിഷ്ഠിച്ചതാണെന്ന് പല താന്ത്രിക വിദഗ്ധന്മാരും കരുതുന്നു. ഇവിടെയും ആചാരവിധാനങ്ങൾ ക്രമപ്പെടുത്തി ശക്തി വർദ്ധിപ്പിച്ചത് ശങ്കരാചാര്യ സ്വാമികൾ തന്നെയാണെന്നതും ഈ നിഗമനങ്ങളെ സാധൂകരിക്കുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രമാണെങ്കിലും, ക്ഷേത്ര നാഥൻ ശിവനാണ്. നിവേദ്യ പൂജകൾ ഉൾപ്പെടെയുള്ള പൂജകളെല്ലാം ശിവന് നടത്തിയ ശേഷമേ മറ്റു മൂർത്തികൾക്ക് നടത്തുകയുള്ളൂ. ആചാരവൈവിധ്യങ്ങൾ കൊണ്ടും പൂജാക്രമങ്ങൾ കൊണ്ടും, പ്രതിഷ്ഠാവിശേഷങ്ങൾ കൊണ്ടും, അത്യന്തം സങ്കീർണവും നിഗൂഢവുമാണ് കൊടുങ്ങല്ലൂരിലെ തന്ത്രവിധികൾ, രുരുജിത്ത് സമ്പ്രദായത്തിലുള്ള താന്ത്രിക വിദ്യകളാണ് ഇവിടെയുള്ളത് എന്നതാണ് അതിനു കാരണം.

ആറടി ഉയരമുള്ള ദാരുവിഗ്രഹം

കൊടുങ്ങല്ലൂരിൽ, ചണ്ഡികയെ പ്രതിഷ്ഠിച്ച് പഴയ ശ്രീകോവിൽ അടച്ച് വടക്കോട്ടു ദർശനമായി മറ്റൊരു ശ്രീകോവിലും അതിനോട് ചേർന്ന് സപ്ത മാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട് ചണ്ഡികയുടെ ശ്രീകോവിലിൽ ശങ്കരാചാര്യർ മേരുചക്രം സ്ഥാപിച്ച ശേഷമാണ് ഈ സമ്പ്രദായം ഏർപ്പെടുത്തിയതെന്നു കരുതുന്നു. മൂലപ്രതിഷ്ഠയല്ലെങ്കിൽ പോലും ആ ചൈതന്യത്തെ ആവാഹിച്ചു കൊണ്ടു നിൽക്കുന്ന വടക്കോട്ടു ദർശനമായുള്ള ശ്രീകോവിലിലെ ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹം കൊടുങ്ങല്ലൂരമ്മയുടെ സമസ്ത ചൈതന്യത്തെയും ജ്വലിപ്പിച്ചു നിർത്തുന്ന തരത്തിലുള്ളതാണ്. വരിക്കപ്ലാവിലാണ് ശില്പഭംഗിയാർന്ന ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തിൽ വിശ്വരൂപദർശന ഗാംഭീര്യം പകർന്നുകൊണ്ടുള്ള മഹാമായയുടെ ഈ പ്രതിഷ്ഠ അനിർവചനീയമായ അനുഭൂതിയാണ് ഭക്തർക്കു നൽകുന്നത്.

പുറത്തെ ദീപസ്തംഭത്തിനരികെ നിന്നു ദർശനം നടത്തുന്ന ഭക്തനുപോലും ദേവിയുടെ മുഖം വ്യക്തമായി കാണാൻ കഴിയും. എട്ടു കൈകൾ ഉള്ളതിൽ, വലതുവശത്തെ നാലു കൈകളിൽ ത്രിശൂലം, ഖട്വാംഗം, നന്ദകം എന്ന വാൾ, രുരുവിന്റെ തല എന്നിവയും, ഇടതുവശത്തെ നാലു കൈകളിൽ സർപ്പം, ഗ്രന്ഥം, വട്ടക, മണി എന്നിവയുമാണ് ധരിച്ചിട്ടുള്ളത്. എട്ടു കൈകളും വ്യക്തമാണെങ്കിലും ആയുധങ്ങൾ പുറത്തേക്കു കാണാൻ കഴിയുകയുമില്ല. ഒതുങ്ങി അരക്കെട്ടും വടിവൊത്ത ദേഹവും, ദംഷ്ടകളോടുകൂടിയ ഗംഭീര മുഖവുമാണ് അത്യാകർഷകമായ ദേവീപ്രതിഷ്ഠയ്ക്കുള്ളത്. രാജകീയമായ കിരീടവും ധരിച്ച് വലതുകാൽ മടക്കിവെച്ചു ഇടംകാൽ താഴേക്ക് തൂക്കിയിട്ടാണ് ദേവി ഇരിക്കുന്നത് എന്നും രാവിലെ പൂജ തുടങ്ങുമ്പോൾ മഹാമേരുചക്രം സ്ഥാപിച്ച ശ്രീകോവിലിൽ നിന്നും ശക്തിയെ മൂലസ്ഥാനത്ത് നിന്നെന്നപോലെ ഇവിടേക്ക് ആവാഹിക്കുകയും രാത്രി പൂജ കഴിഞ്ഞ് തിരികെ പഴയസ്ഥാനത്തേക്ക് ഉദ്ധ്വസിക്കുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലെ യഥാർത്ഥ ചൈതന്യം മഹാമേരുചക്രം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ തന്നെയാണ്. അവിടുന്നുള്ള ചൈതന്യമാണ് കേ രളത്തിലെ എണ്ണമറ്റ ക്ഷേത്രങ്ങളിലേക്ക് പകർന്നു പടർന്നിട്ടുള്ളത്.

ഐശ്വര്യദായിനി ശ്രീകുരുംബാ

ശ്രീകുരുംബാ ഭഗവതി എന്നാണ് കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. ശ്രീയെന്നാൽ ഐശ്വര്യമെന്നും, കുരു എന്നാൽ പ്രദാനം ചെയ്യുന്നതെന്നുമാണ് അർത്ഥം. എല്ലാവിധ ഐശ്വര്യവും പ്രദാനം ചെയ്യുന്ന, ഐശ്വര്യദായിനിയായതിനാൽ ശ്രീകുരുംബാ ഭഗവതിയെന്ന് കൊടുങ്ങല്ലൂരമ്മയെ വിളിക്കുന്നു. ഗുരുവിനോടു ചേർന്നുള്ള അംബ എന്നും പറയുന്നുണ്ട്. ഋഷീശ്വരന്മാർക്കു വിദ്യ പകർന്നു കൊടുക്കുന്ന ദക്ഷിണാമൂർത്തിയായ ശിവനാണ് ഗുരു. ശിവനോടു ചേർന്നുള്ള പാർവ്വതി, ഗുരുവിനോടു ചേർന്നുള്ള അംബയാകുന്നു.

കൊടുങ്ങല്ലൂർ ഭരണി

കുംഭമാസത്തിലെ ഭരണി നക്ഷത്രദിവസം കൊടുങ്ങല്ലൂരമ്മയുടെ ഉത്സവമായ മീനഭരണിക്ക് കൊടി കയറും. കൊടിമരമില്ലാത്ത ഈ ക്ഷേത്രത്തിൽ ആൽവൃക്ഷത്തിലാണ് കൊടികയറുന്നത്. കുംഭഭരണിനാൾ ഉച്ചക്കുമുൻപാണ് കൊടിയേറ്റം. ചെറുഭരണി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഉത്സവഭാഗമായി മീനത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്ന ചടങ്ങുണ്ട്. ഭദ്രകാളി ദാരിക യുദ്ധത്തിൽ അസുരന്മാരെ കൊന്നൊടുക്കുന്നതിന്റെ പ്രതീകമായി ദിവസം തോറും ഓരോ അങ്കക്കോഴിയെ മുൻപ് ബലികൊടുത്തിരുന്നു. അന്ന് കോഴിവെട്ടിന് ഉപയോഗിച്ചിരുന്ന രണ്ടു കല്ലുകളാണ് കോഴിക്കല്ലുകൾ. കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ ഭരണിപ്പാട്ട് തുടങ്ങും. 41 ദിവസത്തെ വ്രതമെടുത്ത് കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഭരണിപ്പാട്ട് പാടുന്നത്. അഹല്യാമോക്ഷം തുടങ്ങിയ പുരാണകഥകളെ ആസ്പദമാക്കിയാണ് ഭരണിപ്പാട്ട് രചിച്ചിരിക്കുന്നത്. ദേവീസന്നിധിയിൽ വച്ച് മനസ്സിലെ മാലിന്യം മുഴുവൻ അകറ്റി പരിശുദ്ധമാകുക എന്നതാണ് ഈ അനുഷ്ഠാനത്തിന്റെ ലക്ഷ്യം.

രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്ത്, അശ്വതി കാവുതീണ്ടൽ തുടങ്ങിയവയും മീനഭരണിയുടെ വിശേഷങ്ങളാണ്. രേവതി ദിവസം ഭഗവതിക്ക് ഏറ്റവും വിശേഷമാണ്. അന്ന് സന്ധ്യക്ക് ഭഗവതിയെ ദർശിച്ച് തൊഴുത് പ്രാർത്ഥിച്ചാൽ സർവ്വദോഷങ്ങളും അകലും; ഭഗവതിയുടെ അനുഗ്രഹവും ഒപ്പം ആഗ്രഹസാഫല്യവും കൈവരും.

ക്ഷേത്രത്തിലെത്താൻ

 

Summary: Sree kurumba bhagavathi devi temple is a Hindu temple at Kodungallur, Thrissur District, Kerala state, India. It is dedicated to the goddess Bhadrakali, a form of Maha Kali or Parashakthi worshipped in Kerala. This Maha Kali temple is one of the oldest functioning temples in India. The goddess is known also by the names “Sri Kurumba”” (The Mother of Kodungallur). This temple is the head of 64 Bhadrakali temples in Kerala. The goddess of the temple represents the goddess in her fierce (‘Dugra’) form, facing North, featuring eight hands with various attributes.

Kodungallur Bhagavathy Temple
Related Posts