വർഷത്തിൽ 1 മാസം മാത്രം ദർശനം നൽകുന്ന ദേവി, കൂട്ടാല ഭദ്രകാളി ക്ഷേത്രത്തിലെ നടതുറപ്പ് 14ന്
ഒരു പ്രത്യേക കാലയളവിൽ മാത്രം തുറക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂട്ടാല ഭദ്രകാളി ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ ചെറുവാളൂർ ഗ്രാമത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രം ഉള്ളത്. അന്നമനടദേവസ്വത്തിന് കീഴേടമായ ഈ ക്ഷേത്രത്തിൽ കുംഭം 1 മുതൽ മുപ്പതുവരെയാണ് നട തുറക്കുക. ഈ വര്‍ഷത്തെ നടതുറപ്പ് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 14 വരെയാണ്. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2 മുതല്‍ ഇവിടെ മകം തൊഴലുണ്ട്. 14ന് രാത്രി 11.30ന് മുടിയേറ്റോടെ ഈ വര്‍ഷത്തെ നടതുറപ്പ് സമാപിക്കും.
മാളയ്ക്ക് അടുത്ത് ഐരാണിക്കുളം ക്ഷേത്രത്തിൽനിന്നു ലഭിച്ച അറുന്നൂറു വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളിൽ ഈ ക്ഷേതത്തെക്കുറിച്ച് പരാമർശമുണ്ട്. ചെറുവാളൂർ കൂട്ടാല ദേവിക്ഷേത്ര പരിസരത്തെത്തിയാൽ പ്രകൃതിപോലും ദേവിയോടു മൗനമായി പ്രാർത്ഥിക്കുകയാണെന്നു തോന്നും. ഒരു കിളിയുടെ പാട്ടുപോലും ക്ഷേത്ര പരിസരത്തു കേൾക്കാനില്ല. എങ്ങും ഭക്തിയുണർത്തുന്ന നിശബ്ദത മാത്രം. ഐരാണിക്കുളം ക്ഷേത്രത്തിലെ ദേവി കുംഭമാസത്തിൽ ക്ഷേത്രം വക വസ്തുവിലെ പാട്ടം പിരിക്കാൻ മുപ്പതുദിവസവും ഇവിടെ എത്തുന്നു എന്നാണ് ഐതിഹ്യം. അതു ശരിവയ്ക്കും പോലെ ഇപ്പോഴും ഈ പ്രദേശത്തെ അടിയാധാരങ്ങൾ മുഴുവനും ഐരാണിക്കുളം ദേവസ്വം വകയായാണ് രേഖകളിൽ കാണുന്നത്. ക്ഷേത്രസമീപവാസികൾ പറയുന്നു.
കുംഭത്തിലെ മുപ്പതുദിവസവും ക്ഷേതപൂജാ ചടങ്ങുകൾ ഉണ്ട്. രാവിലെ മഹാസരസ്വതി, ഉച്ചയ്ക്ക് മഹാലക്ഷ്മി, വൈകിട്ട് മഹാകാളി എന്നീ സങ്കല്പത്തിലാണ് ആരാധന. വൈകീട്ട് ഭദ്രകാളി കളംവരച്ച് ദേവി ചൈതന്യത്തെ കളത്തിലേക്ക് ആവാഹിച്ച് കളംപാട്ട് പാടി നടയടയ്ക്കുകയാണ് പതിവ്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് കളമെഴുത്തും പാട്ടുമാണ്. കുംഭത്തിലെ മകം നക്ഷത്രത്തിലാണ് ദേവിയുടെ പിറന്നാൾ. അതാണ് ക്ഷേത്രത്തിലെ പ്രധാന ദിവസവും. അന്നു പതിവിൽ നിന്നു വ്യത്യസ്തമായി പ്രഭാതപൂജകൾക്കു ശേഷം നടയടച്ചാൽ മകം തൊഴലിനായി ഉച്ചയ്ക്ക് രണ്ടിനു നട തുറക്കും. അന്യദേശങ്ങളിൽ നിന്നു പോലും ആളുകൾ മകം തൊഴാൻ എത്താറുണ്ട്. അന്നദാനത്തിൽ പങ്കെടുത്ത ശേഷം സ്ത്രീകൾ വെറ്റില മുറുക്കി സർവാഭരണ വിഭൂഷിതകളായി വേണം ദേവിയെ ദർശിക്കാൻ. മംഗല്യഭാഗ്യത്തിനായി പട്ടും താലിയും നടയ്ക്കൽ വയ്ക്കുന്ന പതിവുമുണ്ട്. മകം നാളിൽ ദേവിയെ ദർശിക്കുന്നവർക്ക് മംഗല്യഭാഗ്യവും സന്താനസൗഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. രാവിലെ അഞ്ചു മുതൽ പത്തു മണി വരെയും വൈകിട്ട് ആറു മുതൽ ഒൻപതു മണി വരെയുമാണ് മറ്റു ദിവസങ്ങളിൽ ദർശന സമയം.
മുപ്പതാം ദിവസം മുടിയേറ്റോടെയാണു നട അടയ്ക്കുന്നത്. മുടിയേറ്റു കഴിഞ്ഞാൽ മൂന്നു തവണ ശംഖു വിളിച്ച് നടയടക്കും. ദേവിക്ക് അവസാനമായി ചാർത്തിയ മഞ്ഞൾപ്പൊടി, കുങ്കുമം, പൂവ് ഇവയോടൊപ്പം ഒരു നാണയം കൂടി ഇലയിൽ പൊതിഞ്ഞ് കൈനീട്ടമായി ഭക്തർക്ക് നൽകും. ഇതു വീട്ടിൽ മുറിയിലോ ശുദ്ധിയുള്ള ഇടത്തോ സൂക്ഷിച്ചാൽ ദേവീചൈതന്യവും ഐശ്വര്യവും ഇഷ്ടകാര്യലബ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം.
ഒരു വർഷം നട അടച്ചിടുന്നതിനു പിന്നിലുമുണ്ട് വിശ്വാസം. അടുത്ത കുംഭത്തിനു മുൻപു നട തുറന്നാൽ ദേവി ഉഗ്രമൂർത്തിയാകുമത്രേ, അതുകൊണ്ട് കുംഭമാസം ആകും വരെ ആരും ക്ഷേത്രപരിസരത്തു പോലും കടക്കാറില്ല. പരിസരം വൃത്തിയാക്കുന്നതു പോലും നടതുറപ്പിനു തൊട്ടുമുൻപാണ്, വാൽക്കണ്ണാടി ബിംബമാണ് ഇവിടെ പൂജിക്കുന്നത്. പടിഞ്ഞാറു ദർശനമായാണ് ദേവിയുടെ പ്രതിഷ്ഠ. നടതുറക്കുന്ന നാളുകളിൽ ഒരു ദിവസമെങ്കിലും വന്നു തൊഴുതാൽ അന്നത്തിനു ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നാണു വിശ്വാസം. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 8281020470.