
ഡിസംബര്‍ 18 കുചേലദിനം; ഇത്തവണ ചെയ്യേണ്ട കാര്യങ്ങള്‍
ദാരിദ്ര്യദുഖം വേട്ടയാടുന്ന മനസുമായി എത്രയോ ആളുകള്‍ നമുക്കിടയിലുണ്ടാകും. ഇവിടെയാണ് അവില്‍ സമര്‍പ്പണത്തിന്റെ പ്രാധാന്യം ഹൈന്ദവര്‍ അറിയേണ്ടത്. കുചേല ദിനത്തിലെ അവില്‍ സമര്‍പ്പണം ദാരിദ്ര്യ ദുഃഖത്തില്‍ നിന്ന് മോചനം നല്‍കുമെന്നാണ് ഭക്തവിശ്വാസം.
ധനുമാസത്തിലെ ആദ്യത്തെ (മുപ്പെട്ടു) ബുധനാഴ്ചയാണ് കുചേല ദിനം (ഈ വര്‍ഷത്തെ കുചേലദിനം ഡിസംബര്‍ 18).കുചേല ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രമടക്കമുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളില്‍അവില്‍സമര്‍പ്പണം നടക്കും. സതീര്‍ത്ഥ്യനായ കുചേലനെ ദാരിദ്ര്യദുഃഖത്തില്‍ നിന്ന് ശ്രീകൃഷ്ണന്‍ കരകയറ്റിയ സുദിനം എന്നാണ് കുചേല ദിനത്തെവാഖ്യാനിക്കുന്നത്.
ഈശ്വരന്‍ നല്‍കിയ ദാരിദ്ര്യത്തെപ്പോലും പ്രസാദമായി സ്വീകരിച്ച് സന്തോഷത്തോടെയും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ജീവിക്കുന്നുവോ അവനാണ് യഥാര്‍ത്ഥ ഭക്തനെന്ന പാഠമാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്നു സുദാമാവ്. പഠനാനന്തരം ഇരുവരും രണ്ടു വഴിയ്ക്കായി. സുദാമാവെന്ന സാധു ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമിയുമായി. വേദം ഓതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സുദാമാവും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. കീറിയചേല ഉടുത്തിരുന്നതിനാലാണ് സുദാമാവിന് കുചേലന്‍ എന്ന് പേരുവന്നതെന്നും വിശ്വാസം. ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ സുദാമാവിന്റെ ധര്‍മ്മപത്നി ആത്മസുഹൃത്തായ ദ്വാരകാധിപന്‍ ശ്രീകൃഷ്ണനെ നേരില്‍കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെയാണ് ചിരകാലസുഹൃത്തും സഹപാഠിയുമായ ഭഗവാനെ കാണാനൊരുങ്ങിയത്. കൃഷ്ണനുസമ്മാനിക്കാനായി കുചേലന്‍ കൈയില്‍ കരുതിയതാകട്ടെ ഒരു കിഴി അവല്‍ മാത്രമാണ്.
അവില്‍ക്കിഴിയും ഓലക്കുടയുമായി കുചേലന്‍ ക്ഷീണിതനായി നടന്ന് ദ്വാരകയിലെത്തി. ആത്മസതീര്‍ത്ഥ്യനെ അത്യുത്സാഹത്തോടെ ഭഗവാനും പ്രിയപത്നി രുഗ്മിണി ദേവിയും ചേര്‍ന്ന് സ്വീകരിച്ചു. നേരില്‍ കണ്ട മാത്രയില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ആത്മ സുഹൃത്തിനെ മാറോടു ചേര്‍ത്ത് ആശ്ലേഷിച്ചു. തല്‍ക്ഷണം തന്നെ ദാരിദ്ര്യം സുദാമാവില്‍നിന്നും വിട്ടൊഴിഞ്ഞുവെന്നാണ് പറയുന്നത്.
ശ്രീകൃഷ്ണഭഗവാന്റെ മാറില്‍ മഹാലക്ഷ്മിയാണല്ലോ വസിക്കുന്നത്. ഭഗവാന്‍ തന്നെ കുചേലന്റെ കക്ഷത്തിലെ അവില്‍പ്പൊതി തപ്പിയെടുത്തു. അവില്‍ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ് ഒരു പിടി അവില്‍ വായ്ക്കകത്താക്കി. അടുത്ത പിടിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ രുഗ്മിണി ദേവി അതു വിലക്കി. ഒന്നാമത്തെ പിടിയില്‍ സുദാമാവിന്റെ ഗ്രാമവും ഗൃഹവും ഐശ്വര്യ സമൃദ്ധമായിയെന്നറിഞ്ഞ ലക്ഷ്മീദേവീയായ രുഗ്മിണിയാണ്, അമിത സമ്പത്തു കാരണം സുദാമാവിന് അഹങ്കാരമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ രണ്ടാമത് കഴിപ്പിക്കാതിരുന്നത്.
ദ്വാരകയില്‍ ഒരു ദിവസം ശ്രീകൃഷ്ണനൊപ്പം തങ്ങിയ ശേഷം തന്റെസങ്കടമൊന്നും ഉണര്‍ത്തിയ്ക്കാതെ കുചേലന്‍ തിരിച്ചു യാത്രയായി. ഗ്രാമത്തിലെത്തിയപ്പോഴാണ് സുദാമാവ് ഭഗവാന്‍ തനിയ്ക്കേകിയ അനുഗ്രഹം തിരിച്ചറിഞ്ഞതെന്നും ഐതിഹ്യം.
ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങള്‍ അവില്‍ സമര്‍പ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവില്‍ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു. ഗുരുവായൂര്‍, തൃശ്ശൂരിലെ തിരുവമ്പാടി, കൊല്ലം തേവലക്കര തെക്കന്‍ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ വിശേഷമായ ചില ചടങ്ങുകളുമുണ്ട്. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ സമ്പല്‍സമൃദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.