ക്ഷേത്ര വാർത്തകൾ
മണ്ഡലമഹോത്സവത്തിനായി ചോറ്റാനിക്കര ദേവീക്ഷേത്രം ഒരുങ്ങി

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2023 നവംബര്‍ 17 മുതല്‍ 2024 ജനുവരി 15 വരെയുള്ള ദിവസങ്ങളില്‍ നടക്കും. മഹോത്സവം നവംബര്‍ 16-ന് വൈകിട്ട് 6.30 ന് കിഴക്കേ നടപ്പുരയില്‍ വച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശ്രീ എം.ബി മുരളീധരന്‍, ശ്രീ പ്രേംരാജ് ചുണ്ടലാത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ മഹോത്സവ നാളുകളില്‍ മുറജപം, ദശലക്ഷാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, അഷ്ടദ്രവ്യ ഗണപതിഹോമം, നിറമാല, ചുറ്റ്‌വിളക്ക്, കീഴ്ക്കാവില്‍ പ്രത്യേക പൂമൂടല്‍, രുദ്രാഭിഷേകം, ശാസ്താവിന് അഷ്ടാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. തായമ്പക, നാദസ്വരം, അയ്യപ്പഭാഗവതം, ശ്രാമത്ഭാഗവതസപ്താഹം, നാരായണീയം, ശ്രീമദ് ദേവീമാഹാത്മ്യം, ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, ഭക്തിസംഗീത സന്ധ്യ, ഭരതനാട്യകച്ചേരി, നാദോത്സവം തുടങ്ങിയ പരിപാടികളും മണ്ഡല മഹോത്സവത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ദേവസ്വവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഭക്തര്‍ ക്ഷേത്രാചാരമര്യാദകള്‍ പാലിക്കുന്നതിനൊപ്പം, ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മണ്ഡലമഹോത്സവം മകരം 1 ന് നടക്കുന്ന ലക്ഷാര്‍ച്ചനയോടെ സമാപിക്കും.

 

 

Chottanikkara
chottanikkara amma
Chottanikkara Devi Temple
mandalamaholsavam chottaikkara temple
Related Posts