സ്പെഷ്യല്‍
ഇവിടെ ജന്മനക്ഷത്രദിവസം മണ്ഡലപൂജ നടത്തിയാല്‍

അഭയം തേടുന്നവരെ കൈവിടാതെ, അമ്മയായി ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുന്ന ഭഗവതിയാണ് വെട്ടിക്കാവിലമ്മ. ശരണം തേടുന്നവര്‍ക്കെല്ലാം രോഗശമനം, ദാരിദ്രദുഖശമനം, മൃത്യുഭയത്തില്‍നിന്നുള്ള മോചനം എന്നിവ നല്‍കുന്ന അഭയ വരദായികയാണ് ഭഗവതി. കേരളത്തിലെ തന്നെ അത്യപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നായ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന വെട്ടിക്കാവ് ക്ഷേത്രത്തില്‍ മണ്ഡലകാല ദര്‍ശനം അതീവപ്രാധാന്യമുള്ളകാര്യമാണ്. നവഗ്രഹങ്ങളില്‍ പ്രധാനിയായ ചൊവ്വയുടെ അധിപതിയാണ് കാളിഭഗവതി. അതിനാല്‍ ചൊവ്വയുടെ രാശിയായ വൃശ്ചിക മണ്ഡലം വളരെ പ്രാധാന്യമുളളതും ദര്‍ശനപ്രദാനവുമാണ്.

മണ്ഡലകാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന മണ്ഡലപൂജ അതിവിശേഷമാണ്. ഭക്തരുടെ ജന്മനക്ഷത്രദിവസം മണ്ഡലപൂജ വഴിപാടായി നടത്താവുന്നതാണ്. മണ്ഡലപൂജ ജന്മനക്ഷത്രദിവസം വഴിപാടായി നടത്തുന്നത് സകലബാധാ, ശത്രുദോഷങ്ങള്‍ മാറുന്നതിനും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.

മണ്ഡലകാലത്ത് നടത്തുന്ന മറ്റൊരു പ്രധാനവഴിപാടാണ് കളമെഴുതിപാട്ട്. വൃശ്ചികം ഒന്ന് മുതല്‍ 41 ദിവസം ക്ഷേത്രത്തില്‍ കളമെഴുതിപ്പാട്ട് നടക്കും. ഈ വര്‍ഷത്തെ കളമെഴുതിപാട്ടിനും മണ്ഡലപൂജയ്ക്കുമുള്ള ബുക്കിംഗ് ക്ഷത്രത്തില്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755.

വെട്ടിക്കാവിലമ്മയ്ക്ക് കളമെഴുതിപാട്ട് വഴിപാട് നടത്തുകവഴി അകാരണമായ ഭയം, രോഗദുരിതം, ന്യായമായി ആര്‍ജ്ജിച്ച ധനം ചോര്‍ന്നു പോവുക, കുടുംബ കലഹം, കുടുംബത്തില്‍ സ്വസ്ഥത നശിക്കുക തുടങ്ങിയ ദുരിതങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ദാരികവധത്തിനുശേഷം കാളീമാതാവിന് ഭഗവാന്‍ പരമശിവന്‍ നല്‍കിയ ഒരനുഗ്രഹമുണ്ട്. അത് ഇങ്ങനെയാണ്- നിന്റെ രൂപം കളമെഴുതി പൂജിക്കുന്നവര്‍ക്ക് സര്‍വ്വമംഗളങ്ങളും സിദ്ധിക്കുമെന്നാണത്. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവര്‍ധനവ് എന്നിവയ്ക്കാണ് കളമെഴുത്തും പാട്ടും നടത്തുന്നത്.

കളമെഴുത്തും പാട്ടിലെയും ആദ്യ ചടങ്ങാണ് കെട്ടിവിതാനം. കുരുത്തോല, ആലില, വെറ്റില, പൂക്കുല, മാവില എന്നിവ ഉപയോഗിച്ചാണ് കെട്ടിവിതാനം. ഇതിന് ശേഷം ഉച്ചപ്പാട്ട്, പിന്നീട് കളം കുറിക്കല്‍ എന്നിവ നടക്കും. ആദ്യം നടുവില്‍ ആയുര്‍രേഖ വരയ്ക്കും. ഇതില്‍ നിന്നാണ് ബാക്കി വരകള്‍ ആരംഭിക്കുന്നത്. കരിപ്പൊടി, അരിപ്പൊടി എന്നിവ കൊണ്ടാണ് കളം കുറിക്കല്‍. ശേഷം കളം കാണല്‍, തുടര്‍ച്ചയായി കളംപാട്ടും നടക്കും. ഏറ്റവും അവസാന ചടങ്ങായി കളംമായ്ക്കലും നടക്കും.

പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്.

പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് മൂര്‍ത്തിയുടെ രൂപം വരച്ചതിന് ശേഷം നന്തുണി മീട്ടി ദേവതാ സ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യും.

ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യമാണ്. ഈ സന്നിധിയില്‍ കളമെഴുതിപാട്ട് വഴിപാട് നടത്തുവഴി ഫലം ഇരട്ടിയാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് വിശേഷാല്‍ അവസരങ്ങളില്‍. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

 

Related Posts