ശ്രീപദ്മനാഭ സ്വാമിക്ക് ഓണവില്ല് സമര്‍പ്പണം; അറിയാം വിശേഷങ്ങള്‍
ശ്രീപദ്മനാഭ സ്വാമിക്കു മുന്നില്‍ ഓണവില്ല് സമര്‍പ്പിയ്ക്കാതെ തിരുവിതാംകൂറിലെ ഓണക്കാഴ്ചകള്‍ പൂര്‍ണമാകില്ല. നൂറ്റാണ്ടുകളായി അനുഷ്ഠാനമായി നടന്നു വരുന്ന ചടങ്ങാണിത്. കേരളത്തില്‍ വളരെ മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദ്യോപകരണമനാണ് ഓണവില്ല്. ഈ ഓണവില്ലിന്റെ രൂപത്തില്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ച് ചേര്‍ത്താണ് ഓണവില്ല് നിര്‍മ്മിയ്ക്കുന്നത്. ആചാരാനുഷ്ഠാനങ്ങളോടെ തിരുവോണദിവസം പുലര്‍ച്ചെയാണ് ശ്രീപദ്മനാഭസ്വാമിക്ക് മുന്നില്‍ ഓണവില്ല് സമര്‍പ്പിക്കുക.
ഈ ആചാരപ്പെരുമ ഇന്നും മുറ തെറ്റാതെ നടക്കുമ്പോള്‍ ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ല് സമര്‍പ്പണത്തിന്. വില്ല് എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി മഹാവിഷ്ണുവിന്റെ അവതാരരൂപങ്ങള്‍ പ്രത്യേകരൂപത്തില്‍ തയ്യാറാക്കിയ തടിയില്‍ ചിത്രങ്ങളായി ആലേഖനം ചെയ്ത് ഇരു ഭാഗത്തും കുഞ്ചലം കെട്ടി സമര്‍പ്പിക്കുന്നതാണ് ഓണവില്ല്.
വാമനാവതാരവുമായി ബന്ധപ്പെട്ടതാണ് ഓണവില്ല്. വാമനന് തന്റെ പക്കലുള്ളതെല്ലാം സമര്‍പ്പിക്കുന്ന മഹാബലിയുടെ ആഗ്രഹസാഫല്യത്തില്‍ നിന്ന് ഓണവില്ലിന്റെ ഐതിഹ്യം തുടങ്ങുന്നു. വര്‍ഷത്തിലൊരിക്കല്‍ പത്മനാഭസ്വാമിയെ ദര്‍ശിക്കാന്‍ വരുമ്പോള്‍ ഭഗവാന്റെ അവതാരങ്ങളും ലീലകളും ഓരോ വര്‍ഷവും കാണണമെന്നുള്ള ആഗ്രഹം വിഷ്ണു ഭക്തനായ മഹാബലി ഭഗവാനോട് പ്രകടിപ്പിക്കുന്നു.
ആ സമയം മഹാവിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുന്നു. ദേവന്റെ ആള്‍ക്കാരെകൊണ്ട് കാലാകാലങ്ങളിലുള്ള തന്റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് തന്നെ കാണാന്‍ വരുന്ന മഹാബലിക്ക് നല്‍കണമെന്ന് വിഷ്ണുഭഗവാന്‍ അറിയിക്കുന്നു. ഇതുപ്രകാരം മുറതെറ്റാതെ നടക്കുന്ന ഒരു ചടങ്ങായാണു പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഓണവില്ല് സമര്‍പ്പണം ആരംഭിച്ചത്.
ആറ് തരത്തിലൂള്ള വില്ലുകളാണു സമര്‍പ്പിക്കുന്നത്. ദേവഗണത്തില്‍പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയാണ് വില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് മൂന്ന് തരം വലിപ്പത്തിലുള്ള വില്ലുകള്‍ തയ്യാറാക്കുന്നു. നാലര അടി വലിപ്പമുള്ള അനന്തശയനം ചിത്രീകരിക്കുന്ന വില്ലാണ് ഇതില്‍ വലുത്. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തില്‍ സമര്‍പ്പിക്കുന്നത് ഈ വില്ലാണ്.
നാലടി നീളമുള്ള ദശാവതാരം, ശ്രിരാമപട്ടാഭിഷേകം, ശാസ്താവ് മൂന്നര അടി നീളത്തില്‍ വിനായകന്‍, ശ്രികൃഷ്ണലീല എന്നിങ്ങനെ ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്. കൃത്രിമ ചായങ്ങളില്ലാതെ പരമ്പരാഗതമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ചാണ് വില്ലില്‍ നിറം പിടിപ്പിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഇതിലേക്കായി ഉപയോഗിക്കുന്നു. നീല അമരി പോലുള്ള ഇലച്ചാറുകള്‍ ഉപയോഗിച്ചായിരുന്നു മൂന്‍കാലങ്ങളില്‍ ചായക്കൂട്ട് ഒരുക്കിയിരുന്നത്. പ്രത്യേകതരം ഇലകള്‍ കിട്ടാതായതോടെ മഞ്ഞള്‍പ്പൊടിയും കോലപ്പൊടിയും കരിക്കട്ടയും ഉപയോഗിച്ചാണ് നിലവില്‍ ചായക്കൂട്ടുകള്‍ തയ്യാറാക്കുന്നത്.
ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുന്ന ഓണവില്ല് ഐതിഹ്യത്തിന്റെയും പാരമ്പര്യത്തിന്റെയും നേര്‍കാഴ്ചയാണ്. പാരമ്പര്യത്തിന്റെ കരവിരുതില്‍ ഓണവില്ലുകള്‍ തയ്യാറാക്കുന്നത് രാജകൊട്ടാരത്തിലെ ക്ഷേത്രശില്‍പികളായിരുന്നവരുടെ പിന്‍തുടര്‍ച്ചക്കാരാണ്. കരമന മേലാറന്നൂര്‍ വാണിയം മൂല വിളയില്‍ കുടുംബത്തിനാണ് ഓണവില്ല് നിര്‍മാണത്തിനുള്ള പരമ്പരാഗത അവകാശം.
തിരുവോണ ദിവസം പുലര്‍ച്ചെ ഓണവില്ല് സമര്‍പ്പിക്കാന്‍ പ്രത്യേകം മുഹൂര്‍ത്തം കുറിക്കുന്നു. തുടര്‍ന്ന് ഓണവില്ലുകള്‍ ക്ഷേത്രനടപ്പന്തലില്‍ എത്തിക്കും. തുടര്‍ന്ന് ആചാര പ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന വില്ലുകള്‍ പെരിയ നമ്പി ഏറ്റുവാങ്ങി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹത്തില്‍ അനന്തശയനം വില്ല് ചാര്‍ത്തും. തുടര്‍ന്ന് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, നരസിംഹ മൂര്‍ത്തി ക്ഷേത്രം, ശാസ്താക്ഷേത്രം, വിനായക ക്ഷേത്രം എന്നിവിടങ്ങളില്‍ യഥാക്രമമുള്ള വില്ലുകള്‍ സമര്‍പ്പിക്കുന്നു. വില്ല് ചാര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യദര്‍ശനത്തിനുള്ള അവകാശവും ശില്‍പ്പികള്‍ക്കാണ്. അതുകഴിഞ്ഞേ രാജകുടുംബാംഗങ്ങള്‍ വില്ല് ചാര്‍ത്തിയ ദേവന്മാരെ ദര്‍ശിക്കാറുള്ളൂ.