സ്പെഷ്യല്‍
പത്താമുദയം; ഇന്ന്‌ ചെയ്യേണ്ട കാര്യങ്ങളും, ജപിക്കേണ്ട മന്ത്രങ്ങളും

കാര്‍ഷികവൃത്തി ഈശ്വരകര്‍മ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് മേടപ്പത്ത് അഥവാ പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പത്ത് അഥവാ പത്താമുദയം സൂര്യപ്രീതികരവുമാകുന്നു. ഈ വര്‍ഷത്തെ പത്താമുദയം ഏപ്രില്‍ 23നാണ്.

പത്താമുദയം പൊതുവെ രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാല്‍ നമ്മുടെ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂര്‍ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് പ്രാധാന്യം കൂടുതലായി കണ്ടുവരുന്നു. എന്നാല്‍ മലബാര്‍ ഭാഗത്ത് തുലാപ്പത്ത് വിശേഷമായി കൊണ്ടാടുകയും ചെയ്തുവരുന്നുണ്ട്.
കടുത്ത വേനല്‍ കഴിഞ്ഞ്, സൂര്യന്‍ ഉച്ചരാശിയിലെ പരമോച്ചത്തില്‍ എത്തിനില്‍ക്കുന്ന കാലമാണ് പത്താമുദയം. വേനല്‍മഴയും ലഭിക്കുന്ന കാലമാണ്. കൃഷി സംബന്ധം അഥവാ ഭൂമി സംബന്ധം, ഭവന സംബന്ധം എന്നിത്യാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ഉത്തമം പത്താമുദയം ആകുന്നു. മേടവിഷുവിന്റെ അതിപ്രാധാന്യം മേടപ്പത്തുവരെയാണ്.
വിഷുദിനത്തില്‍ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങള്‍ പാകമാക്കും. സൂര്യപ്രീതി കര്‍മ്മങ്ങളോടെ പത്താമുദയത്തില്‍ അതില്‍ വിത്തിറക്കും. ഇതാണ് ആചാരം.

ചില പ്രത്യേക സമുദായങ്ങളിലെ ആയോധനകലകളുടെ മത്സരമോ പ്രദര്‍ശനമോ നടത്തുന്നതും പത്താമുദയ ദിവസമായിരിക്കും. മേടവിഷുപോലെ പത്താമുദയത്തിനും പുലര്‍ച്ചെ ഉണര്‍ന്ന് കണികാണുന്ന രീതി പണ്ടുകാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇന്ന് അപൂര്‍വ്വം കര്‍ഷക കുടുംബങ്ങളില്‍ മാത്രമായി ആ ആചാരം തുടരുന്നുമുണ്ട്.
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി പത്താമുദയ ദിവസം സൂര്യോദയശേഷം വീടിന്റെ മുറ്റത്ത് കൊളുത്തിയ നിലവിളക്കിനുമുന്നില്‍ വെച്ച് വെയില്‍കൊള്ളിച്ചശേഷം ആ അരിമാവുകൊണ്ട് സൂര്യ-ശിവപ്രീതികരങ്ങളായ പലഹാരങ്ങളുണ്ടാക്കി അത് നിവേദ്യമായി സങ്കല്പിച്ച് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആചാരം ഇപ്പോഴും തുടരുന്ന പ്രദേശങ്ങളുണ്ട്. അടുത്ത ഒരു കൊല്ലം ആ കുടുംബത്ത് സര്‍വ്വൈശ്വര്യമുണ്ടാകുന്നതിന് സൂര്യദേവന്റെ എല്ലാ അനുഗ്രഹവും അവര്‍ക്ക് ലഭിക്കുന്നതുമാണ്. ഈ ചടങ്ങിന് ‘വെള്ളിമുറം’ എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നത് കുടുംബത്തെ സ്ത്രീജനങ്ങളായിരിക്കും. സൂര്യക്ഷേത്രങ്ങളിലും സ്ത്രീകള്‍ ഇതേ ചടങ്ങ് അനുഷ്ഠിക്കാറുണ്ട്.

പത്താമുദയത്തില്‍ കൃഷിയിറക്കാന്‍ ശുഭപ്രദമാകയാല്‍ അന്ന് മറ്റ് കൃഷി ആരംഭിക്കുന്നതുപോലെ സൂര്യനെ നോക്കി ഭജിച്ചശേഷം തെങ്ങിന്‍ തൈകള്‍ നടുന്നത് ഇപ്പോഴും തുടര്‍ന്നുവരുന്നു. അതായത്, പത്താമുദയത്തില്‍ കൃഷി ആരംഭിക്കാന്‍ മറ്റൊരു മുഹൂര്‍ത്തം നോക്കേണ്ടതില്ലെന്ന് സാരം.

മേടപ്പത്ത് പുലര്‍ച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതല്‍ (രണ്ട് മണിക്കൂര്‍ നാല്പ്പത് മിനിറ്റ് മുതല്‍) ഒന്നര മണിക്കൂര്‍ നേരം വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ സമയം ഗൃഹസംബന്ധമായ മുഹൂര്‍ത്തങ്ങള്‍ക്കും ശുഭപ്രദമായിരിക്കും. എന്നാല്‍ പത്താമുദയത്തിനും രാശിപ്രകാരമുള്ള മുഹൂര്‍ത്തം നോക്കണമെന്ന് മറ്റ് പല ജ്യോതിഷ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നുണ്ട്.

സൂര്യശാന്തിമന്ത്രം:

‘ഓം ആസത്യേന രജസാ വര്ത്തമാനോ
നിവേശയന്നമൃതം മര്ത്ത്യഞ്ച.
ഹിരണ്യയേന സവിതാ രഥേനാ
ദേവോയാതി ഭുവനാ വിപശ്യന്
അഗ്നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്പദാമുത ച ദ്വിപദാം
നിഷ്‌ക്രീതോഅയം യജ്ഞിയം ഭാഗമേതു
രായസ്പോഷാ യജമാനസ്യ സന്തു.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമ: ശംഭവേ നമ:’
സര്‍പ്പദോഷശാന്തി മന്ത്രം:
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.

പത്താമുദയത്തില്‍ സൂര്യദേവന്‍ ഉദിച്ചുയരുന്നതും നോക്കി അഞ്ചുതിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കും, വാലറ്റം കിഴക്കോട്ട് തിരിച്ചുവെച്ച കിണ്ടിയില്‍ നിറച്ച ജലവും, വാഴയിലയിലോ
നിറപറയിലോ ഉണക്കലരിയുമായി വീട്ടുകാര്‍ കാത്തിരിക്കും. പത്താമുദയത്തില്‍, പരമോച്ചത്തില്‍ സൂര്യദേവന്‍ ഉദിച്ചുയരുമ്പോള്‍ സൂര്യമന്ത്രത്താല്‍ കിണ്ടിയിലെ ജലം ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ്, പിന്നെ ഉണക്കലരി ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ് പിന്നെയാ നിലവിളക്കുമായി വീട്ടിലേക്ക് പത്താമുദയത്തെ ആനയിക്കുന്നതാണ് യഥാര്‍ത്ഥ ആചാരം. ഇപ്രകാരം അനുഷ്ഠിക്കുന്നവര്‍ക്ക് ആ ഒരുകൊല്ലം വിഭവങ്ങളുടെ കൂമ്പാരമായിരിക്കുമെന്ന് വിശ്വസിച്ചുവരുന്നു. സമ്പത്സമൃദ്ധിയും ശത്രുദോഷശമനവും കുടുംബൈശ്വര്യവും സൂര്യദേവന്റെ അനുഗ്രഹത്താല്‍ ലഭിക്കുന്നതുമാണ്.

ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രിമന്ത്രം ജപിക്കുന്നതും അത്യുത്തമം ആകുന്നു.

ഗായത്രിമന്ത്രം:

ഓം ഭുര്‍ ഭുവ:സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധിയോയോന: പ്രചോദയാത്.

ഒമ്പത് അല്ലെങ്കില്‍ ഒമ്പതിന്റെ ഗുണിതങ്ങളായി ജപിക്കുന്നത് അത്യുത്തമം.

പത്താമുദയത്തില്‍ സര്‍വ്വൈശ്വര്യം ലഭിക്കാന്‍ ശിവക്ഷേത്രത്തിലും സര്‍പ്പക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ അത്യുത്തമം ആകുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍പ്പപ്രീതി പ്രാര്‍ത്ഥനകള്‍ സ്വവസതിയിലും ചെയ്യാവുന്നതാണ്. സ്വന്തമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് നൂറിരട്ടി ഫലസിദ്ധിയുണ്ടാകും. പ്രാര്‍ത്ഥിക്കാന്‍ നമുക്കൊരു മനസ്സുണ്ടെങ്കില്‍ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ലല്ലോ…
നിത്യപൂജയില്ലാത്ത സര്‍പ്പക്കാവുകളില്‍ പത്താമുദയത്തിന് അഭിഷേകവും പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതും ആ ഗ്രാമത്തിനുതന്നെ ഐശ്വര്യം നല്‍കും. ശിവക്ഷേത്രദര്‍ശനവും രുദ്രസൂക്താര്‍ച്ചനയും അവരവര്‍ക്കും നാടിനും ഏറ്റവും ശ്രേയസ്‌ക്കരുവുമാണ്. ഈ വര്‍ഷത്തെ പത്താമുദയത്തില്‍ ഇവയൊക്കെ ചെയ്യാന്‍ സാധിക്കാത്ത ക്ഷേത്രങ്ങളില്‍ അടുത്ത പത്താമുദയത്തിന് വളരെ ഗംഭീരമായി
ഇവയൊക്കെ ചെയ്ത് പ്രീതിപ്പെടുത്തേണ്ടതാണ്.

Anil Velichappad
Uthara Astro Research Center.
Mob: 9497 134 134, 0476-296 6666.

 

Related Posts