ക്ഷേത്ര വാർത്തകൾ
ദേശീയ പൈതൃകപ്പട്ടികയില്‍ ഇടം നേടി 1500 വര്‍ഷം പഴക്കമുള്ള പെരളശ്ശേരി ക്ഷേത്രക്കുളം

വടക്കന്‍ കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ കണ്ണൂര്‍ പെരളശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കുളം കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ദേശീയ ജല പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച 421 നോമിനേഷനുകളില്‍ നിന്നാണ് 75 എണ്ണം മന്ത്രാലയം തിരഞ്ഞെടുത്തത്. ഉത്തരേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് ഇവിടുത്തെ പടിക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ മറ്റെവിടെയും കാണാന്‍ ആകാത്ത ശൈലിയാണ് ഈ കുളത്തെ വ്യത്യസ്ഥമാക്കുന്നത്. കിണറുകളുടെ രൂപത്തില്‍ പടിക്കെട്ടുകളോട് കൂടി 62 സെന്റില്‍ 19 മീറ്റര്‍ ഉയരത്തിലാണ് കുളം സ്ഥിതി ചെയ്യുന്നത്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രക്കുളം സ്റ്റെപ്പ് വെല്‍ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ വന്ന കുളം 2001-ല്‍ നവീകരിച്ചു. അഞ്ചരക്കണ്ടി നദിയുടെ തീരത്താണ് പെരളശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും ഈ കുളം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായാണ് ജലശക്തി മന്ത്രാലയം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാധാന്യമുള്ള കിണറുകള്‍, 100 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ടാങ്കുകള്‍, കനാലുകള്‍, ജലസംഭരണികള്‍, വാട്ടര്‍ മില്ലുകള്‍, റിസര്‍വോയറുകള്‍ എന്നിവ തിരഞ്ഞെടുത്തത്. കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ 75 ജലപൈതൃക പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ടെണ്ണം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. എറണാകുളത്തെ കേരള ജലപാതയാണ് സംസ്ഥാനത്തു നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ജലപൈതൃക കേന്ദ്രം.

1500 years old peralassery pond
kannur peralassery subrahmanya temple
national water heritage site peralassery
peralassery pond
peralassery subrahmanya temple
Related Posts