പൊങ്കാലയിടുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍
പൊങ്കാലയിടുമ്പോള്‍ അറിയാവുന്ന ഏതു മന്ത്രവും ജപിക്കാമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. എന്നാല്‍, പൊങ്കാല കലത്തില്‍ ഓരോ പിടിവീതം അരിയിടുമ്പോള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്-
അന്നപൂര്‍ണേ സദാപൂര്‍ണേ, ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യര്‍ത്ഥം, ഭിക്ഷാം ദേഹി ച പാര്‍വതി
ദേവി സ്തുതികള്‍
ഓം സര്‍വ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്
കാര്‍ത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്‌നം മാമുദ്ധര കൃപാമയി
ബ്രഹ്‌മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
സര്‍വ്വ സ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുര്‍ഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ
ആഗ്രഹിച്ച കാര്യം നടക്കുമോ?; പൊങ്കാല തിളച്ചുതൂവുമ്പോള്‍ അറിയാം
വിവിധ പ്രാര്‍ഥനകളോടെയാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടുന്നത്. ഭക്തരുടെ എല്ലാ പ്രാര്‍ഥനകളും അമ്മ നടത്തിത്തരുമെന്നാണ് വിശ്വാസം. പൊങ്കാല തിളച്ചുതൂവുമ്പോള്‍ തന്നെ അതിന്റെ ഫലമറിയാമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
പൊങ്കാല തിളച്ചുതൂവുന്നത് കിഴക്കുഭാഗത്തേയ്ക്കാണെങ്കില്‍ പ്രാര്‍ഥിച്ച കാര്യം ഉടന്‍ നടക്കുമെന്നാണ് വിശ്വാസം.
പടിഞ്ഞാറാണ് തൂവുന്നതെങ്കില്‍ കുറച്ചുവൈകിയാണെങ്കിലും ആഗ്രഹം സാധിക്കും. വടക്കോട്ടു തൂവിയാലും കാലതാമസമില്ലാതെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം.
എന്നാല്‍, തെക്കോട്ടാണ് തൂവുന്നതെങ്കില്‍ ദുരിതം മാറിയിട്ടില്ലെന്നാണ് കാണിക്കുന്നത്. ഇവര്‍ ഈശ്വരഭജനത്താല്‍ മുന്നോട്ടുപോകണമെന്നും പറയുന്നു.
ആറ്റുകാല്‍ പൊങ്കാല; ഭക്തര്‍ അറിഞ്ഞിരിക്കേണ്ട സമയം ഇതാണ്
അമ്മേ ശരണം… ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുന്നതിനായുളള കാത്തിരിപ്പിലാണ് അമ്മയുടെ ഭക്തരായ നാമെല്ലാവരും. മാര്‍ച്ച് 7ന് അമ്മയുടെ തിരുമുന്നില്‍ പൊങ്കാലസമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന ആ ജന്മപുണ്യത്തിനായി തയാറാകുന്നതിനിടെ അറിയേണ്ട ചില സമയക്രമങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
മാര്‍ച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല. തിങ്കളാഴ്ച പൂലര്‍ച്ചെ 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവചടങ്ങുകള്‍ക്ക് തുടക്കമാകുക. മാര്‍ച്ച് ഏഴിന് ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടി കഴിഞ്ഞ ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുക.
ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി ബ്രഹ്‌മശ്രീ കേശവന്‍ മ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീ പകര്‍ന്ന ശേഷം സഹമേല്‍ശാന്തിക്ക് ദീപം കൈമാറും. സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുക. രാവിലെ 10.30നാണ് ഈ ചടങ്ങ് നടക്കുക. തുടര്‍ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടക്കുക.