കർക്കിടകം സ്പെഷ്യൽ
രാമായണം 24-ാം ദിവസം പാരായണം ചെയ്യേണ്ടഭാഗം

വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍
രാവണന്‍‌തന്‍നിയോഗേന വിഭീഷണന്‍
ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ്
ശോകം വിനാ നാലമാത്യരുമായുട-
നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം
ശ്രീരാമദേവനിരുന്നരുളുന്നതിന്‍
നേരേ മുകളില്‍‌നിന്നുച്ചൈസ്തരമവന്‍
വ്യക്തവര്‍ണ്ണേനചൊല്ലീടിനാനെത്രയും
ഭക്തിവിനയവിശുദ്ധമതിസ്ഫുടം:
‘രാമ! രമാരമണ! ത്രിലോകീപതേ!
സ്വാമിന്‍ജയ ജയ! നാഥ! ജയ ജയ!
രാജീവനേത്ര! മുകുന്ദ! ജയ ജയ!
രാജശിഖാമണേ! സീതാപതേ! ജയ!
രാവണന്‍‌തന്നുടെ സോദരന്‍ഞാന്‍തവ
സേവാര്‍ത്ഥമായ് വിടകൊണ്ടേന്‍ദയാനിധേ!
ആമ്നായമൂര്‍ത്തേ! രഘുപതേ! ശ്രീപതേ!
നാമ്നാ വിഭീഷണന്‍ത്വല്‍‌ഭക്തസേവകന്‍
‘ദേവിയെക്കട്ടതനുചിതം നീ’യെന്നു
രാവണനോടു ഞാന്‍നല്ലതു ചൊല്ലിയേന്‍.
ദേവിയെ ശ്രീരാമനായ്കൊണ്ടു നല്‍കുകെ-
ന്നാവോലമേറ്റം പറഞ്ഞേന്‍പലതരം
വിജ്ഞാനമാര്‍ഗ്ഗമെല്ലാമുപദേശിച്ച-
തജ്ഞാനിയാകയാലേറ്റതില്ലേതുമേ.
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ-
പഥ്യമായ് വന്നിതവന്നു വിധിവശാല്‍.
വാളുമായെന്നെ വധിപ്പാനടുത്തിതു
കാളഭുജംഗവേഗേന ലങ്കേശ്വരന്‍
മൃത്യുഭയത്താലടിയനുമെത്രയും
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ
നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ-
രാലംബനം മറ്റെനിക്കില്ല ദൈവമേ!
ജന്മമരണമോക്ഷാര്‍ത്ഥം ഭവച്ചര-
ണ‍ാംബുജം മേ ശരണം കരുണ‍ാംബുധേ!’
ഇത്ഥം വിഭീഷണവാക്യങ്ങള്‍കേട്ടള-
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാന്‍:
‘വിശ്വേശ! രാക്ഷസന്‍മായാവിയെത്രയും
വിശ്വാസയോഗ്യനല്ലെന്നതു നിര്‍ണ്ണയം.
പിന്നെ വിശേഷിച്ചു രാവണരാക്ഷസന്‍
തന്നുടെ സോദരന്‍വിക്രമമുള്ളവന്‍
ആയുധപാണിയായ് വന്നാനമാത്യരും
മായാവിശാരദന്മാരെന്നു നിര്‍ണ്ണയം.
ഛിദ്രം കുറഞ്ഞൊന്നു കാണ്‍കിലും നമ്മുടെ
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ.
ചിന്തിച്ചുടന്‍നിയോഗിക്ക കപികളെ
ഹന്തവ്യനിന്നിവനില്ലൊരു സംശയം.
ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ
മിത്രമെന്നോര്‍ത്തുടന്‍വിശ്വസിക്കുന്നതില്‍
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-
തുത്തമമാകുന്നതെന്നതോര്‍ക്കേണമേ.
ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി-
ലെന്തെന്നഭിമതമെന്നരുള്‍ചെയ്യണം‘
മറ്റുള്ള വാനരവീരരും ചിന്തിച്ചു
കുറ്റംവരായ്‌വാന്‍പറഞ്ഞാര്‍പലതരം
അന്നേരമുത്ഥായ വന്ദിച്ചു മാരുതി
ചൊന്നാന്‍‘വിഭീഷണനുത്തമനെത്രയും
വന്നു ശരണം ഗമിച്ചവന്‍തന്നെ ന‍ാം
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം
നക്തഞ്ചരാന്വയത്തിങ്കല്‍ജനിച്ചവര്‍
ശത്രുക്കളേവരുമെന്നു വന്നീടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!
ജാതിനാമാദികള്‍ക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
ശാശ്വതമായുള്ള ധര്‍മ്മം നൃപതികള്‍
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’
ഇത്ഥം പലരും പലവിധം ചൊന്നവ
ചിത്തേ ധരിച്ചരുള്‍ചെയ്തു രഘുപതി:
‘മാരുതി ചൊന്നതുപപന്നമെത്രയും
വീര! വിഭാകരപുത്ര! വരികെടോ
ഞാന്‍പറയുന്നതു കേള്‍പ്പിനെല്ലാവരും
ജ‍ാംബവദാദി നീതിജ്ഞവരന്മാരേ!
ഉര്‍വ്വീശനായാലവനാശ്രിതന്മാരെ
സര്‍വ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി
രക്ഷിയാഞ്ഞാലവന്‍ബ്രഹ്മഹാ കേവലം
രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാന്‍
എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളില്‍
പുണ്യപാപങ്ങളറിയരുതേതുമേ
മുന്നമൊരു കപോതം നിജ പേടയോ-
ടൊന്നിച്ചൊരു വനം‌തന്നില്‍മേവീടിനാന്‍.
ഉന്നതമായൊരു പാദപാഗ്രേ തദാ
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാന്‍
തന്നുടെ പക്ഷിണിയെസ്സുരതാന്തരേ
വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവന്‍
തന്നെ മറന്നിരുന്നീടും ദശാന്തരേ
വന്നിതു കാ‍റ്റും മഴയും, ദിനേശനും
ചെന്നു ചരമാബ്ധിതന്നില്‍മറഞ്ഞിതു,
ഖിന്നനായ്‌വന്നു വിശന്നു കിരാതനും
താനിരിക്കുന്ന വൃക്ഷത്തിന്‍മുരടതില്‍
ദീനതയോടു നില്‍ക്കുന്ന കാട്ടാളനെ-
കണ്ടു കരുണകലര്‍ന്നു കപോതവും
കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും
തന്നുടെ കൈയിലിരുന്ന കപോതിയെ
വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാന്‍
എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു
പിന്നെയും പീഡിച്ചിരിക്കും കിരാതനു
തന്നുടെ ദേഹവും നല്‍കിനാനമ്പോടു
വഹ്നിയില്‍വീണു കിരാതാശനാര്‍ത്ഥമായ്.
അത്രപോലും വേണമാശ്രിതരക്ഷണം
മര്‍ത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ
എന്നെശ്ശരണമെന്നോര്‍ത്തിങ്ങു വന്നവ-
നെന്നുമഭയം കൊടുക്കുമതേയുള്ളു.
പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി-
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ.
ലോകപാലന്മാരെയും മറ്റു കാണായ
ലോകങ്ങളെയും നിമേഷമാത്രകൊണ്ടു
സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ-
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം,
പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ
വന്നീടുവാന്‍ചൊല്ലവനെ മടിയാതെ.
വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ
സുഗ്രീവ! നീ ചെന്നവനെ വരുത്തുക.
എന്നെശ്ശരണംഗമിക്കുന്നവര്‍ക്കു ഞാ-
നെന്നുമഭയം കൊടുക്കുമതിദ്രുതം.
പിന്നെയവര്‍ക്കൊരു സംസാരദു:ഖവും
വന്നുകൂടാ നൂനമെന്നുമറിക നീ.
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരന്‍വിഭീഷണന്‍‌തന്നെ വരുത്തിനാന്‍
ശ്രീരാമപാദാന്തികേ വീണു സാഷ്ട‍ാംഗ-
മാരൂഢമോദം നമസ്കരിച്ചീടിനാന്‍.
രാമം വിശാലാക്ഷമിന്ദീവരദള-
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
സോമബിംബാഭപ്രസന്നമുഖ‍ാംബുജം
കാമദം കാമോപമം കമലാവരം
കാന്തം കരുണാകരം കമലേക്ഷണം
ശാന്തം ശരണ്യം വരേണ്യം വരപ്രദം
ലക്ഷ്മണസംയുതം സുഗ്രീവമാരുതി-
മുഖ്യകപികുലസേവിതം രാഘവം
കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ-
യുണ്ടായ സന്തോഷമോടും വിഭീഷണന്‍
ഭക്തപ്രിയനായ ലോകൈകനാഥനെ
ഭക്തിപരവശനായ് സ്തുതിച്ചീടിനാന്‍:
‘ശ്രീരാമ! സീതാമനോഹര! രാഘവ!
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന!
ശ്രീരാമരാക്ഷസവംശവിനാശന!
ശ്രീരാമപാദ‍ാംബുജേ നമസ്തേ സദാ.
ചണ്ഡ‍ാംശുഗോത്രോത്ഭവായ നമോനമ-
ശ്ചണ്ഡകോദണ്ഡധരായ നമോ നമ:
പണ്ഡിതഹൃല്‍‌പുണ്ഡരീകചണ്ഡ‍ാംശവേ
ഖണ്ഡപരശുപ്രിയായ നമോ നമ:
രാമായ സുഗ്രീവമിത്രായ കാന്തായ
രാമായ നിത്യമനന്തായ ശാന്തായ
രാമായ വേദാന്തവേദ്യായ ലോകാഭി-
രാമായ രാമഭദ്രായ നമോ നമ:
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ
വിശ്വായ വിശ്വരൂപായ നമോ നമ:
നിത്യായ സത്യായ ശുദ്ധായതേ നമ:
ഭക്തപ്രിയായ ഭഗവതേ രാമായ
മുക്തിപ്രദായ മുകുന്ദായതേ നമ:
വിശ്വേശന‍ാം നിന്തിരുവടിതാനല്ലോ
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം
സന്തതം ജംഗമാജംഗമഭൂതങ്ങ-
ളന്തര്‍ബ്ബഹിര്‍വ്യാപ്തനാകുന്നതും ഭവാന്‍.
നിന്മഹാമായയാ മൂടിക്കിടക്കുമാ-
നിര്‍മ്മലമ‍ാം പരബ്രഹ്മമജ്ഞാനിന‍ാം
തന്മൂലമായുള്ള പുണ്യപാപങ്ങളാല്‍
ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും
അത്രനാളേക്കും ജഗത്തൊക്കവേ ബലാല്‍
സത്യമായ് തോന്നുമതിനില്ല സംശയം
എത്രനാളേക്കറിയാതെയിരിക്കുന്നി-
തദ്വയമ‍ാം പരബ്രഹ്മം സനാതനം
പുത്രദാരാദി വിഷയങ്ങളിലതി-
സക്തികലര്‍ന്നു രമിക്കുന്നിതന്വഹം.
ആത്മാവിനെയറിയായ്കയാല്‍നിര്‍ണ്ണയ-
മാത്മനി കാണേണമാത്മാനമാത്മനാ
ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ-
മൊക്കെയുമോര്‍ത്താലൊടുക്കമനാത്മനാ
ആദികാലേ സുഖമെന്നു തോന്നിക്കുമ-
തേതും വിവേകമില്ലാതവര്‍മാനസേ.
ഇന്ദ്രാഗ്നിധര്‍മ്മരക്ഷോവരുണാനില-
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും.
ചിന്തിക്കിലോ നിന്തിരുവടി നിര്‍ണ്ണയ-
മന്തവുമാദിയുമില്ലാത ദൈവമേ!
കാലസ്വരൂപനായീടുന്നതും ഭവാന്‍
സ്ഥൂലങ്ങളില്‍വച്ചതിസ്ഥൂലനും ഭവാന്‍
നൂനമണുവിങ്കല്‍‌നിന്നണീയാന്‍ഭവാന്‍
മാനമില്ലാത മഹത്തത്ത്വവും ഭവാന്‍
സര്‍വലോകാന‍ാം പിതാവായതും ഭവാന്‍
ദര്‍വ്വീകരേന്ദ്രശയന! ദയാനിധേ!
ആദിമ്ദ്ധ്യാന്തവിഹീനന്‍പരിപൂര്‍ണ്ണ-
നാധാരഭൂതന്‍പ്രപഞ്ചത്തിനീശ്വരന്‍
അച്യുതനവ്യയനവ്യക്തനദ്വയന്‍
സച്ചില്‍‌പുരുഷന്‍‌പുരുഷോത്തമന്‍പരന്‍
നിശ്ചലന്‍നിര്‍മ്മമന്‍നിഷ്കളന്‍നിര്‍ഗ്ഗുണന്‍
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാതവന്‍.
നിര്‍വികാരന്‍നിരാകാരന്‍നിരീശ്വരന്‍
നിര്‍വികല്പന്‍നിരൂപാശ്രയന്‍ശാശ്വതന്‍
ഷഡ്ഭാവഹീനന്‍പ്രകൃതി പരന്‍‌പുമാന്‍.
സല്‍ഭാവയുക്തന്‍സനാതനന്‍സര്‍വ്വഗന്‍
മായാമനുഷ്യന്‍മനോഹരന്‍മാധവന്‍
മായാവിഹീനന്‍മധുകൈടഭാന്തകന്‍
ഞാനിഹ ത്വല്‍‌പാദഭക്തിനിശ്രേണിയെ-
സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ!
ജ്ഞാനയോഗാഖ്യസൌധം കരേറീടുവാന്‍
മാനസേ കാമിച്ചു വന്നേന്‍ജഗല്‍‌പതേ!
സീതാപതേ! രാമ! കാരുണികോത്തമ!
യാതുധാനാന്തക! രാവണാരേ! ഹരേ!
പാദ‍ാംബുജം നമസ്തേ ഭവസാഗര-
ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’
ഭക്തിപരവശനായ് സ്തുതിച്ചീടിന
ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമന്‍
ഭക്തപ്രിയന്‍പരമാനന്ദമുള്‍ക്കൊണ്ടു
മുഗ്ദ്ധസ്മിതപൂര്‍വ്വമേവമരുള്‍‌ചെയ്തു:
‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ-
ന്തുഷ്ടന‍ാം ഞാന്‍വരദാനൈകതല്‍‌പരന്‍
ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു-
കിട്ടിയാല്‍പിന്നെയുണ്ടാകയില്ലോര്‍ക്ക നീ.’
രാമവാക്യാമൃതം കേട്ടു വിഭീഷണ-
നാമോദമുള്‍ക്കൊണ്ടുണര്‍ത്തിച്ചരുളിനാന്‍:
‘ധന്യനായെന്‍കൃതകൃത്യനായേനഹം
ധന്യാകൃതേ കൃതകാമനായേനഹം
ത്വല്‍‌പാദപത്മാവലോകനംകൊണ്ടു ഞാ-
നിപ്പോള്‍വിമുക്തനായേനില്ല സംശയം
മത്സമനായൊരു ധന്യനില്ലൂഴിയില്‍
മത്സമനായൊരു ശുദ്ധനുമില്ലഹോ!
മത്സമനായ് മറ്റൊരുവനുമില്ലിഹ
ത്വത്സ്വരൂപം മമ കാണായകാരണാല്‍.
കര്‍മ്മബന്ധങ്ങള്‍നശിപ്പതിനായിനി
നിര്‍മ്മലമ‍ാം ഭവദ്ജ്ഞാനവും ഭക്തിയും
ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ!
ചിത്തേ വിഷയസുഖാശയില്ലേതുമേ.
ത്വല്‍‌പാദപങ്കജഭക്തിരേവാസ്തു മേ
നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’
ഇത്ഥമാകര്‍ണ്യ സമ്പ്രീതന‍ാം രാഘവന്‍
നക്തഞ്ചരാധിപന്‍‌തന്നോടരുള്‍ചെയ്തു:
‘നിത്യം വിഷയവിരക്തരായ് ശാന്തരായ്
ഭക്തി വളര്‍ന്നതിശുദ്ധമതികളായ്
ജ്ഞാനികളായുള്ള യോഗികള്‍‌മാനസേ
ഞാനിരിപ്പൂ മമ സീതയുമായ് മുദാ.
ആകയാലെന്നെയും ധ്യാനിച്ചു സന്തതം
വാഴ്ക നീയെന്നാല്‍നിനക്കു മോക്ഷം വരും.
അത്രയുമല്ല നിന്നാല്‍കൃതമായൊരു
ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ്
നിത്യവും ചൊല്‍കയും കേള്‍ക്കയും ചെയ്കിലും
മുക്തി വരുമതിനില്ലൊരു സംശയം.’
ഇത്ഥമരുള്‍ചെയ്തു ലക്ഷ്മണന്‍തന്നോടു
ഭക്തപ്രിയനരുള്‍ചെയ്തിതു സാദരം:
‘എന്നെക്കനിവോടുകണ്ടതിന്റെ ഫല-
മിന്നു തന്നെ വരുത്തേണമതിന്നു നീ
ലങ്കാധിപനിവനെന്നഭിഷേകവും
ശങ്കാവിഹീനമന്‍പോടു ചെയ്തീടുക
സാഗരവാരിയും കൊണ്ടുവന്നീടുക
ശാഖാമൃഗാധിപന്മരുമായ് സത്വരം
അര്‍ക്കചന്ദ്രന്മാരുമാകാശഭൂമിയും
മല്‍‌ക്കഥയും ജഗത്തിങ്കലുള്ളന്നിവന്‍
വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ
ഭാഗവതോത്തമനായ വിഭീഷണന്‍.’
പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണന്‍
ലങ്കാപുരാധിപത്യാര്‍ത്ഥമഭിഷേക-
മന്‍‌പോടു വാദ്യഘോഷേണ ചെയ്തീടിനാന്‍.
വമ്പര‍ാം വാനരാധീശ്വരന്മാരുമായ്
സാധുവാദേന മുഴങ്ങി ജഗത്ത്രയം
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാര്‍.
ആദിതേയോത്തമന്മാര്‍പുഷ്പവൃഷ്ടിയു-
മാധിവേറിട്ടു ചെയ്തീടിനാരാദരാല്‍.
അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ-
ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാര്‍.
ഗന്ധര്‍വകിന്നരകിം‌പുരുഷന്മാരു-
മന്തര്‍മ്മുദാ സിദ്ധവിദ്യാധരാദിയും
ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു
ഭേരീനിനാദം മുഴക്കിനാരുമ്പരും.
പുണ്യജനേശ്വരനായ വിഭീഷണന്‍
തന്നെപ്പുണര്‍ന്നു സുഗ്രീവനും ചൊല്ലിനാന്‍:
പാരേഴു രണ്ടിനും നാഥനായ് വാഴുമീ
ശ്രീരാമകിങ്കരന്മാരില്‍മുഖ്യന്‍ഭവാന്‍.
രാവണനിഗ്രഹത്തിന്നു സഹായവു-
മാവോളമാശു ചെയ്യേണം ഭവാനിനി.
കേവലം ഞങ്ങളും മുന്‍‌‌നടക്കുന്നുണ്ടു
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’
സുഗ്രീവവാക്യമാകര്‍ണ്യ വിഭീഷണ-
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാന്‍:
‘സാക്ഷാല്‍ജഗന്മയനാമഖിലേശ്വരന്‍
സാക്ഷിഭൂതന്‍സകലത്തിന്നുമാകയാല്‍
എന്തു സഹായേന കാര്യമവിടേക്കു
ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേള്‍.
ഗൂ‍ഢ്സ്ഥനാനന്ദപൂര്‍ണ്ണനേകാത്മകന്‍
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ!
മൂഢ്ത്വമത്രേ നമുക്കു തോന്നുന്നതു
ഗൂഢത്രിഗുണഭാവേന മായാബലാല്‍
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌
ണ്ടദ്വയഭാവേന സേവിച്ചുകൊള്‍ക ന‍ാം.‘
നക്തഞ്ചരപ്രവരോക്തികള്‍കേട്ടൊരു
ഭക്തന‍ാം ഭാനുജനും തെളിഞ്ഞീടിനാന്‍.

ശുകബന്ധനം

രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍
തല്‍ക്ഷണേ വന്നു ശുകന‍ാം നിശാചരന്‍
പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍
മര്‍ക്കടരാജന‍ാം സുഗ്രീവനോടിദം:
“രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍‍ക്ക നീ
ഭാസ്കരസൂനോ! പ്രാകരമവാരുധേ!
ഭാനുതനയന‍ാം ഭാഗധേയ‍ാംബുധെ!
വാനരരാജമഹാകുലസംഭവ!
ആദിതേയേന്ദ്രസുതാനുജനാകയാല്‍
ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം
നിന്നോടു വൈരമെനിക്കേതുമില്ലേതുമേ
രാജകുമാരന‍ാം രാമഭാര്യാമഹം
വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ?
മര്‍ക്കടസേനയോടു മതിവിദ്രുതം
കിഷ്കിന്ധയ‍ാം നഗരിക്കു പൊയ്ക്കൊള്‍ക നീ
ദേവാദികളാലുമപ്രാപ്യമായൊന്നു
കേവലമെന്നുടെ ലങ്കാപുരമെടോ!
അല്പസാരന്മാര്‍ മനുഷ്യരുമെത്രയും
ദുര്‍ബ്ബലന്മാരായ വാനരയൂഥവും
എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ-
ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ”
ഇഥം ശുകോക്തികള്‍ കേട്ടു കപികുല-
മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം
മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി
ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാന്‍ :
“രാമരാമ! പ്രഭോ! കാരുണ്യവാരിധേ!
രാമ! നാധ! പരിത്രാഹി രഘുപതേ!
ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ
നാഥ! ധര്‍മ്മത്തെരക്ഷിച്ചുകൊള്ളേണമേ
വാനരന്മാരെ നിവാരണം ചെയ്താശു-
മാനവവീര! ഹതോഹം പ്രപാഹി മ‍ാം”
ഇഥം ശുകപരിവേദനം കേട്ടൊരു
ഭക്തപ്രിയന്‍ വരദന്‍ പുരുഷോത്തമന്‍
വാനരന്മാരെ വിലക്കിനാനന്നേര-
മാനന്ദമുള്‍ക്കൊണ്ടുയര്‍ന്നു ശുകന്‍ തദാ
ചൊല്ലിനാന്‍ സുഗ്രീവനോടു ഞാനെന്തൊന്നു
ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു
ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും
ചൊല്ലിനാനാശു ശുകനോടുസത്വരം:
“ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലണമാശു സപുത്ര ബലാന്വിതം
ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന
ചോരനേയും കൊന്നു ജാനകി തന്നെയും
കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ”
അര്‍ക്കാത്മജോക്തികള്‍ കേട്ടു തെളിഞ്ഞള-
വര്‍ക്കാന്വയോത്ഭവന്‍ താനുമരുള്‍ ചെയ്തു:
വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ-
ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിന്‍
ഞാനുരചെയ്തേയയയ്കാവിതെന്ന”തു-
മാനന്ദമോടരുള്‍ ചെയ്തു രഘുവരന്‍
വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു
ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാര്‍
ശാര്‍ദ്ദൂലവിക്രമം പൂണ്ട കപിബലം
ശാര്‍ദ്ദൂലനായ നിശാചരന്‍ വന്നു ക‌-
ണ്ടാര്‍ത്തനായ് രാവണനോടു ചൊല്ലീടിനാന്‍
വാര്‍ത്തകളുള്ളവണ്ണമതു കേട്ടൊരു
രാത്രിഞ്ചരേശ്വരനാകിയ രാവണ-
നാര്‍ത്തിപൂണ്ടേറ്റവും ദീര്‍ഘചിന്താന്വിതം
ചീര്‍ത്തഖേദത്തോടു ദീര്‍ഘമായേറ്റവും-
വീര്‍ത്തുപായങ്ങള്‍ കാണാഞ്ഞിരുന്നീടിനാന്‍.

സേതുബന്ധനം

തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ-
നര്‍ക്കാത്മജാദി കപിവരന്മാരൊടും
രക്ഷോവരന‍ാം വിഭീഷണന്‍‌തന്നൊടും
ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍:
‘എന്തുപായം സമുദ്രം കടപ്പാനെന്നു
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’
എന്നരുള്‍ചെയ്തതു കേട്ടവരേവരു-
മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാര്‍:
‘ദേവപ്രവരനായോരു വരുണനെ-
സ്സേവിക്കവേണമെന്നാല്‍വഴിയും തരും.‘
എന്നതു കേട്ടരുള്‍ചെയ്തു രഘുവരന്‍:
‘നന്നതു തോന്നിയതങ്ങനെതന്നെ’യെ-
ന്നര്‍ണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു-
തര്‍ണ്ണോജലോചനനാകിയ രാഘവന്‍
ദര്‍ഭ വിരിച്ചു നമസ്കരിച്ചീടിനാ-
നത്ഭുതവിക്രമന്‍ഭക്തിപൂണ്ടെത്രയും
മൂന്നഹോരാത്രമുപാസിച്ചതങ്ങനെ
മൂന്നു ലോകത്തിനും നാഥനാമീശ്വരന്‍
ഏതുമിളകീല വാരിധിയുമതി-
ക്രോധേന രക്താന്തനേത്രന‍ാം നാഥനും
‘കൊണ്ടുവാ ചാപബാണങ്ങള്‍നീ ലക്ഷ്മണ
കണ്ടു കൊണ്ടാലും മമ ശരവിക്രമം.
ഇന്നു പെരുവഴി മീളുന്നതല്ലെങ്കി-
ലര്‍ണ്ണവം ഭസ്മമാക്കിച്ചമച്ചീടുവന്‍.
മുന്നം മദീയ പൂര്‍വന്മാര്‍വളര്‍ത്തതു-
മിന്നു ഞാനില്ലാതെയാക്കുവന്‍നിര്‍ണ്ണയം
സാഗരമെന്നുള്ള പേരും മറന്നുള്ളി-
ലാകുലമെന്നിയേ വാഴുകിലെന്നുമേ
നഷ്ടമാക്കീടുവന്‍വെള്ളം, കപികുലം
പുഷ്പമോദം പാദചാരേണ പോകണം.’
എന്നരുള്‍ചെയ്തു വില്ലും കുഴിയെക്കുല-
ച്ചര്‍ണ്ണവത്തോടര്‍ഉള്‍ചെയ്തു രഘുവരന്‍:
‘സര്‍വ്വഭൂതങ്ങളും കണ്ടുകൊള്ളേണമെന്‍
ദുര്‍വ്വാരമായ ശിലീമുഖവിക്രമം
ഭസ്മമാക്കീടുവന്‍വാരാന്നിധിയെ ഞാന്‍
വിസ്മയമെല്ലാവരും കണ്ടു നില്‍ക്കണം.’
ഇത്ഥം രഘുവരന്‍‌വാക്കു കേട്ടന്നേരം
പൃത്ഥ്വീരുഹങ്ങളുംകാനനജാലവും
പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു,
മിത്രനും മങ്ങി; നിറഞ്ഞു തിമിരവു-
മബ്ധിയും ക്ഷോഭിച്ചു, മിട്ടാല്‍കവിഞ്ഞു വ-
ന്നുത്തുംഗമായ തരംഗാവലിയൊടും
ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി-
തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.
അപ്പോള്‍ഭയപ്പെട്ടു ദിവ്യരൂപത്തോടു-
മപ്പതി ദിവ്യാഭരണസമ്പന്നനായ്
പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ-
ഹസ്തങ്ങളില്‍പരിഗൃഹ്യ രത്നങ്ങളും
വിത്രസ്തനായ് രാമപാദാന്തികേ വച്ചു
സത്രപം ദണ്ഡനമസ്കാരവും ചെയ്തു
രക്താന്തലോചനനാകിയ രാമനെ
ഭക്ത്യാ വണങ്ങി സ്തുതിച്ചാന്‍പലതരം
ത്രാഹി മ‍ാം ത്രാഹി മ‍ാം ത്രൈലോക്യപാലക!
ത്രാഹി മ‍ാം ത്രാഹി മ‍ാം വിഷ്ണോ ജഗല്‍‌പതേ
ത്രാഹി മ‍ാം ത്രാഹി മ‍ാം പൌലസ്ത്യനാശന!
ത്രാഹി മ‍ാം ത്രാഹി മ‍ാം രാമ! രമാപതേ!
ആദികാലേ തവ മായാഗുണവശാല്‍
ഭൂതങ്ങളെബ്ഭവാന്‍സൃഷ്ടിച്ചതുനേരം
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ-
ക്കാലശ്വരൂപനാകും നിന്തിരുവടി
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ-
യ്ക്കഷ്ടമതാര്‍ക്കു നീക്കാവൂ തവ മതം?
പിന്നെ വിശേഷിച്ചതിലും ജഡത്വമായ്-
ത്തന്നെ ഭവാന്‍പുനരെന്നെ നിര്‍മ്മിച്ചതും
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി-
ന്നന്യഥാ കര്‍ത്തുമാരുള്ളതു ശക്തരായ്?
താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങള്‍
താമസശീലമായ് തന്നേ വരൂ വിഭോ!
താമസമല്ലോ ജഡത്വമാകുന്നതും
കാമലോഭാദികളും താമസഗുണം
മായാരഹിതനായ് നിര്‍ഗുണനായ നീ
മായാഗുണങ്ങളെയംഗീകരിച്ചപ്പോള്‍
വൈരാജനാമവാനായ് ചമഞ്ഞൂ ഭവാന്‍
കാരണപൂരുഷനായ് ഗുണാത്മാവുമായ്.
അപ്പോള്‍വിരാട്ടിങ്കല്‍നിന്നു ഗുണങ്ങളാ-
ലുല്പന്നരായിതു ദേവാദികള്‍തദാ.
തത്ര സത്വത്തിങ്കല്‍നിന്നല്ലോ ദേവകള്‍
തദ്രജോഭൂതങ്ങളായ് പ്രജേശാദികള്‍
തത്തമോത്ഭൂതനായ് ഭൂതപതിതാനു-
മുത്തമപൂരുഷ! രാമ! ദയാനിധേ!
മായയായ് ഛന്നനായ് ലീലാമനുഷ്യനായ്
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം
നിര്‍ഗ്ഗുണനായ് സദാ ചിദ്ഘനനായൊരു
നിഷ്കളനായ് നിരാകാരനായിങ്ങനെ
മോക്ഷദന‍ാം നിന്തിരുവടി തന്നെയും
മൂര്‍ഖന‍ാം ഞാനെങ്ങനെയറിഞ്ഞീടുന്നു?
മൂര്‍‌ഖജനങ്ങള്‍ക്കു സന്മാര്‍ഗ്ഗപ്രാപക-
മോര്‍ക്കില്‍പ്രഭൂണ‍ാം ഹ്തം ദണ്ഡമായതും
ദുഷ്ടപശൂന‍ാം യഥാ ലകുടം തഥാ
ദുഷ്ടാനുശാസനം ധര്‍മ്മം ഭവാദൃശ‍ാം
ശ്രീരാമദേവം പരം ഭക്തവത്സലം
കാരണപൂരുഷം കാരുണ്യസാഗരം
നാരായണം ശരണ്യം പുരുഷോത്തമം
ശ്രീരാമമീശം ശരണം ഗതോസ്മി ഞാന്‍
രാമചന്ദ്രാഭയം ദേഹി മേ സന്തതം
രാമ! ലങ്കാമാര്‍ഗ്ഗമാശു ദദാമി തേ.’
ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ-
ടുത്തമപൂരുഷന്‌താനുമരുള്‍ചെയ്തു:
‘ബാണം മദീയമമോഘമതിന്നിഹ
വേണമൊരു ലക്ഷ്യമെന്തതിനുള്ളതും?
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ
കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’
അര്‍ണ്ണവനാഥനും ചൊല്ലിനാനന്നേര-
മന്യൂനകാരുണ്യസിന്ധോ! ജഗല്‍‌പതേ!
ഉത്തരസ്യ‍ാം ദിശി മത്തീരഭൂതലേ
ചിത്രദ്രുമകുല്യദേശം സുഭിക്ഷദം
തത്ര പാപാത്മാക്കളുണ്ടു നിശാചര-
രെത്രയും പാരമുപദ്രവിച്ചീടുന്നോര്‍.
വേഗാലവിടേക്കയയ്ക്ക ബാണം തവ
ലോകോപകാരകമാമതു നിര്‍ണ്ണയം’
രാമനും ബാണമയച്ചാനതുനേര-
മാമയം തേടീടുമാഭീരമണ്ഡലം
എല്ലാമൊടുക്കി വേഗേന ബാണം പോന്നു
മെല്ലവേ തൂണീരവും പുക്കിതാദരാല്‍
ആഭീരമണ്ഡലമൊക്കെ നശിക്കയാല്‍
ശോഭനമായ് വന്നു തല്‍‌‌പ്രദേശം തദാ
തല്‍‌കൂലദേശവുമന്നുതൊട്ടെത്രയും
മുഖ്യജനപദമായ് വന്നിതെപ്പൊഴും.
സാഗരം ചൊല്ലിനാന്‍സാദരമന്നേര-
‘മാകുലമെന്നിയേ മജ്ജലേ സത്വരം
സേതു ബധിക്ക നളന‍ാം കപിവര-
നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ.
വിശ്വകര്‍മ്മാവിന്‍മകനവനാകയാല്‍
വിശ്വശില്പക്രിയാതല്‍‌പരനെത്രയും
വിശ്വദുരിതാപഹാരിണിയായ് തവ
വിശ്വമെല്ല‍ാം നിറഞ്ഞീടുന്ന കീര്‍ത്തിയും
വര്‍ദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട-
നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാന്‍
സന്തുഷ്ടനായൊരു രാമചന്ദ്രന്‍തദാ
ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും
പ്രാജ്ഞനായീടും നളനെ വിളിച്ചുട-
നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ
തല്‍‌ക്ഷണേ മര്‍ക്കടമുഖ്യനാകും നളന്‍
പുഷ്കരനേത്രനെ വന്ദിച്ചു സത്വരം
പര്‍വ്വതതുല്യശരീരികളാകിയ
ദുര്‍വ്വാരവീര്യമിയന്ന കപികളും
സര്‍വ്വദിക്കിങ്കലുംനിന്നു സരഭസം
പര്‍വ്വതപാഷാണപാദപജാലങ്ങള്‍
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാന്‍.
നേരേ ശതയോജനായതമായുട-
നീരഞ്ചു യോജന വിസ്താരമ‍ാം വണ്ണം
ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ-
ഭദ്രന‍ാം ദാശരഥി ജഗദീശ്വരന്
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുള്‍ചെയ്തു:
‘യാതൊരു മര്‍ത്ത്യനിവിടെ വന്നാദരാല്‍
സേതുബന്ധം കണ്ടു രാമേശ്വരനെയും
ഭക്ത്യാ ഭജിക്കുന്നിതപ്പോളവന്‍ബ്രഹ്മ-
ഹത്യാദി പാപങ്ങളോടു വേര്‍പെട്ടതി-
ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാല്‍
മുക്തിയും വന്നീടുമില്ലൊരു സംശയം
സേതുബന്ധത്തിങ്കല്‍മജ്ജനവും ചെയ്തു
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്-
കുണ്ഠത കൈവിട്ടു വാരണസി പുക്കു
ഗംഗയില്‍സ്നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടുവന്നാദരാല്‍
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമല്‍‌സമുദ്രേ കളഞ്ഞു തല്‍‌ഭാരവും
മജ്ജനംചെയ്യുന്ന മര്‍ത്ത്യനെന്നോടു സാ-
യൂജ്യം വരുമതിനില്ലൊരു സംശയം.’
എന്നരുള്‍ചെയ്തിതു രാമന്‍‌തിരുവടി
നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും.
വിശ്വകര്‍മ്മാത്മജന‍ാം നളനും പിന്നെ
വിശ്വാസമോടു പടുത്തുതുടങ്ങിനാന്‍
വിദ്രുതമദ്രിപാഷാണതരുക്കളാ-
ലദ്ദിനേ തീര്‍ന്നു പതിനാലു യോജന
തീര്‍ന്നിതിരുപതു യോജന പിറ്റേന്നാള്‍
മൂന്ന‍ാം ദിനമിരുപത്തൊന്നു യോജന
നാല‍ാം ദിനമിരുപത്തിരണ്ടായതു-
പോലെയിരുപത്തിമൂന്നുമഞ്ച‍ാം ദിനം
അഞ്ചുനാള്‍കൊണ്ടു ശതയോജനായതം
ചഞ്ചലമെന്നിയേ തീര്‍ത്തോരനന്തരം
സേതുവിന്മേലേ നടന്നു കപികളു-
മാതങ്കഹീനം കടന്നുതുടങ്ങിനാര്‍.
മാരുതികണ്ഠേ കരേറി രഘൂത്തമന്‍,
താരേയകണ്ഠേ സുമിത്രാതനയനും
ആരുഹ്യ ചെന്നു സുബേലാചലമുക-
ളേറിനാര്‍വാനരസേനയോടും ദ്രുതം.
ലങ്കാപുരാലോകനാശയാ രാഘവന്‍
ശങ്കാവിഹീനം സുബേലാചലോപരി
സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു
ജംഭാരിതന്‍പുരിക്കൊത്ത ലങ്കാപുരം.
സ്വര്‍ണ്ണമയദ്ധ്വജപ്രാകാരതോരണ-
പൂര്‍ണ്ണമനോഹരം പ്രാസാദസങ്കുലം
കൈലാസശൈലേന്ദ്രസന്നിഭഗോപുര-
ജാലപരിഘശതഘ്നീസമന്വിതം
പ്രാസാദമൂര്‍ദ്ധ്നി വിസ്തീര്‍ണ്ണദേശേ മുദാ
വാസവതുല്യപ്രഭാവേന രാവണന്‍
രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ
രത്നദണ്ഡാതപത്രൈരുപശോഭിതേ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു
നീലശൈലാഭം ദശകിരീടോജ്ജ്വലം
നീലമേഘോപമം കണ്ടു രഘൂത്തമന്‍
വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ
സസ്മിതം വാനരന്മാരോടു ചൊല്ലിനാന്‍:
‘മുന്നേ നിബദ്ധനായോരു ശുകാസുരന്‍
തന്നെ വിരവോടയയ്ക്ക മടിയാതെ
ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’
എന്നരുള്‍ചെയ്തതു കേട്ടു തൊഴുതവന്‍
ചെന്നു ദശാനനന്‍‌തന്നെ വണങ്ങിനാന്‍.

Related Posts