ശബരിമല സ്‌പെഷ്യല്‍
ശബരിമല മകരവിളക്ക് മഹോത്സവം; അറിയാം ഐതിഹ്യവും ആചാരങ്ങളും

ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനമാണ് മകരസംക്രാന്തി. സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന ദിനം കൂടിയാണ് മകര സംക്രമം. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് മാറുന്ന ദിവസം അഥവാ സൂര്യൻ്റെ തെക്കോട്ടുള്ള യാത്ര അവസാനിച്ചു വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന ദിനം. മകര സംക്രമം മുതൽ പകലിന് രാത്രിയെക്കാൾ ദൈർഘ്യമുണ്ടാകും. സൂര്യരശ്‌മികൾ കൂടുതലായി ഭൂമിയിൽ പതിക്കുന്ന ഉത്തരായനകാലം പുണ്യകർമ്മങ്ങൾക്കെല്ലാം യോജിച്ച കാലമാണ്. തീർത്ഥാടനങ്ങൾക്കും പുണ്യസ്‌നാനങ്ങൾക്കും ഉചിതമായ കാലമാണ് ഉത്തരായനമെന്നാണ് വിശ്വാസം.

ധനുമാസത്തിൻ്റെ അവസാനത്തിൽ ശനിയാഴ്ച്‌ച ഉത്രം നക്ഷത്രത്തിൽ കൃഷ്‌ണപക്ഷ പഞ്ചമി തിഥിയിൽ വൃശ്ചിക ലഗ്നത്തിലാണ് ധർമ്മശാസ്താവ് തിരുവവതാരം ചെയ്തത്‌ എന്ന് ഭൂതനാഥോപാഖ്യാനം മൂന്നാം അദ്ധ്യായത്തിൽ പറയുന്നു. ധനുമാസത്തിലെ അവസാനദിവസവും ശനിയാഴ്‌ചയും ഒത്തുചേർന്ന ദിനമാണ് ശാസ്തതാവിൻ്റെ തിരു അവതാരം. മകരസംക്രമ പുണ്യമുഹൂർത്തമായിരുന്നു അത് എന്നുകരുതാം. അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്‌ണപക്ഷ പഞ്ചമിയും ശാസ്താ ആരാധനയ്ക്ക് ഏറ്റവും ഉത്തമദിനങ്ങളായി കരുതപ്പെടുന്നത്.

sabarimala makaravilakku 2024

പന്തളം മഹാരാജാവായ രാജശേഖരൻ ശബരിമല ക്ഷേത്രം നിർമ്മിക്കുവാൻ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി സൂര്യൻ മകരലഗ്നത്തിൽ സംക്രമിച്ച ശനിയാഴ്ച്‌ചയിൽ കൃഷ്ണപഞ്ചമിയിൽ ഉത്രം നക്ഷത്രത്തിൽ ഭാർഗ്ഗവരാമൻ ഭൂതനാഥനെ പ്രതിഷ്‌ഠിച്ചു എന്ന് ഭൂതനാഥോപഖ്യാനം പതിനഞ്ചാം അദ്ധ്യായത്തിലും കാണാം.

വില്ലാളിവീരനായ ഭഗവാൻ തൻ്റെ അവതാരോദ്ദേശം പൂർത്തിയാക്കി മഹായോഗിയായി തപസ്സനുഷ്ഠിക്കുന്ന പുണ്യഭൂമിയാണ് ശബരിമല. മഹാതാപസിയായ അയ്യപ്പസ്വാമി യോഗനിദ്രയിൽ നിന്നുണരുന്ന ദിവസമാണ് മകരവിളക്ക് മഹോത്സവമായി ആചരിക്കുന്നത്. ജനുവരി 15 നാണ് ഇത്തവണത്തെ മകരവിളക്ക്.
മകരവിളക്കാണ് ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയാണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്. മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്.
ഈ ദിവസത്തെ ഭഗവത് ദർശനം മഹാപുണ്യമാണ്. മകരസംക്രമദിവസത്തിന് രണ്ടുദിവസം മുൻപ് മുതൽ വിശേഷാൽ ശുദ്ധിക്രിയകൾ സന്നിധാനത്ത് ആരംഭിക്കുന്നു. പ്രസാദ ശുദ്ധിക്രിയകൾ (ചതുഃ ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം) എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു.

തിരുവാഭരണ ഘോഷയാത്ര

sabarimala makarajyothi 2024

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പൻ്റെ തിരുവാഭരണങ്ങൾ മകരസംക്രമദിനത്തിൽ ഭക്തരുടെ അകമ്പടിയോടെ പന്തളം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയായിട്ടാണ് കൊണ്ടുവരുന്നത്. പന്തളം രാജാവ് വളർത്തുമകനായ അയ്യപ്പന് കാഴ്‌ചവച്ച ആഭരണങ്ങളാണ് തിരുവാഭരണ പേടകത്തിലുള്ളത്. മണികണ്ഠനായ അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്തു കാണുവാൻ പന്തളം രാജാവിന് കഴിഞ്ഞിരുന്നില്ല. അതിനു പകരമായി രാജാവ് രാജകീയ വേഷത്തിൽ അയ്യപ്പനെ വർഷത്തിലൊരിക്കലെങ്കിലും കാണുവാൻ സാധിക്കണം എന്ന് അയ്യപ്പനോട് പ്രാർഥിക്കുകയുണ്ടായി. അതിനായാണ് രാജാവ് ഈ ആഭരണങ്ങൾ പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം.

മകരവിളക്കിന് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തിരുവാഭരണങ്ങൾ ഏതാനും ദിവസം മുമ്പ് പന്തളംകൊട്ടാരത്തിൽ ഭക്തജന ദർശനത്തിനുവയ്ക്കും. തിരുമുഖം, പ്രഭ, പ്രഭാസത്യ കമാർ, രണ്ട് സ്വർണ്ണ ആനകൾ, സ്വർണപ്പുലി, വാൾ, അരമണി, ശരപ്പൊളിമാല, മണികണ്ഠമാല,വില്ലുതലമാല, എരിക്കിൻപൂമാല, നവരത്നമോതിരം, സ്വർണ്ണക്കുടം, നെറ്റിപ്പട്ടം, പൂജാപാത്രങ്ങൾ തുടങ്ങിയവയാണ് തിരുവാഭരണങ്ങൾ. പന്തളം രാജാവിൻറെ പ്രതിനിധിയായി ഓരോ വർഷവും കൊട്ടാരം നിർവ്വാഹകസമിതി തിരഞ്ഞെടുക്കുന്ന രാജകുടുംബാംഗത്തിനാണ് തിരുവാഭരണങ്ങൾ ശബരിമലയിൽ എത്തിക്കുവാനുള്ള ചുമതല. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ തിരുവാഭരണപ്പെട്ടി, വെള്ളിപ്പെട്ടി, കൊടിപ്പെട്ടി എന്നിങ്ങനെ മൂന്നു പേടകങ്ങളിലായി പ്രത്യേകവ്രതനിഷ്ഠയുള്ള സംഘം കാൽനടയായാണ് ശബരിമലയിലേക്ക് കൊണ്ടുപോകുക.

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നും പൂജിച്ചുനൽകുന്ന പന്തളം രാജവംശത്തിൻ്റെ ഉടവാൾ പന്തളം വലിയതമ്പുരാൻ തൻ്റെ പ്രതിനിധിക്ക് നൽകി അനുഗ്രഹിക്കും. ക്ഷേത്രത്തിനു മുകളിൽ കൃഷ‌പ്പരുന്ത് മൂന്നുതവണ താണു വട്ടമിട്ട് പറക്കുന്നതോടെയാണ് തിരുവാഭരണഘോഷയാത്ര ആരംഭിക്കുന്നത്. പരമ്പരാഗത വഴിയിലൂടെയാണ് സന്നിധാനത്തേക്കുള്ള യാത്ര. ശബരിമലയ്ക്കുപുറമെ, വിഷുവിനും കുംഭമാസത്തിലെ ഉത്രത്തിനും പന്തളം ക്ഷേത്രത്തിലും, തിരുവാഭരണഘോഷയാത്രയുടെ മടക്കയാത്രയിൽ റാന്നി-പെരുനാട് ക്ഷേത്രത്തിലും മാത്രമേ ഈ ആഭരണങ്ങൾ ചാർത്താറുള്ളു. ഈ തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തിയശേഷമേ മകരസംക്രമനാൾ ദീപാരാധന നടത്താറുള്ളൂ.

മകരജ്യോതി

makaravilakku 2024

ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നു മകരംരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശിമാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻവശം കൊണ്ടു വരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക. വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തൊന്ന് ദിവസം നീളുന്ന മണ്ഡലകാലം മകരമാസത്തിൽ അവസാനിക്കുമ്പോൾ ഭക്തരുടെ പിന്നെയുള്ള ലക്ഷ്യം മകരവിളക്ക് ദർശനമാണ്. മകരജ്യോതിദർശിച്ച് സായൂജ്യമടയാൻ ഭക്തകോടികളാണ് ശബരിമല സന്നിധിയിലേക്ക് ഒഴുകുക. ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൻ്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വന ക്ഷേത്രത്തിൽ നടക്കുന്ന ദീപാരാധനയാണ് മകരജ്യോതിഎന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്നു പ്രാവശ്യമാണ് മകരജ്യോതി തെളിയുക.

ധ്വജപ്രതിഷ്ഠയും കൊടിയേറി ഉത്സവവും ഇല്ലാതിരുന്ന കാലത്ത് മകരസംക്രമം മുതലുള്ള ഏഴുദിവസങ്ങളാണ് ശബരിമലയിൽ ഉത്സവമായി ആഘോഷിച്ചിരുന്നത്. മകരജ്യോതിക്കുശേഷം നാലുദിവസം മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പുണ്ട്. മൂന്നുദിവസം പതിനെട്ടാംപടിവരേയും അവസാനദിവസം ശരംകുത്തിയിലേയ്ക്കും. കന്നി അയ്യപ്പൻമാർ എത്തിയിട്ടുണ്ടോ എന്നറിയാനാണ് ദേവി എഴുന്നള്ളുന്നതെന്നാണ് വിശ്വാസം. അവിടെനിന്നും ദേവിയെ തിരിച്ചെഴുന്നളളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കം. മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ഗുരുതിക്കളമൊരുക്കും. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്തുണ്ടാക്കിയ നിണം മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്. ഗുരുതി കഴിഞ്ഞ് പിറ്റേന്നാൾ പുലർച്ചെ നട തുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. അന്ന് തീർത്ഥാടകർക്കു ദർശനമില്ല. തിരുവാഭരണഘോഷയാത്ര പതിനെട്ടാംപടിയിറങ്ങിയ ശേഷം രാജപ്രതിനിധി ദർശനം നടത്തും. ഈ സമയം അദ്ദേഹം അല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടാകില്ല. ദർശനം കഴിഞ്ഞാലുടൻ മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി ഹരിവരാസനം ചൊല്ലി നട അടച്ച് ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും. പിന്നീട് അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്കു താക്കോൽ കൈമാറുന്നതോടെ മണ്ഡലം-മകരവിളക്കുത്സവത്തിന് സമാപനം കുറിക്കും.

sabarimala
sabarimala makaravilakku 2024
Related Posts