ക്ഷേത്ര വാർത്തകൾ
24 വര്‍ഷത്തിനുശേഷം ചോറ്റാനിക്കരയില്‍ സഹസ്രദ്രവ്യകലശം; ഭക്തര്‍ അറിയേണ്ട കാര്യങ്ങള്‍ | Sahasra Dravya Kalasam Chottanikkara Temple

ലോകമാതാവാണ് ചോറ്റാനിക്കരയമ്മ. തന്നെ ആശ്രയിക്കുന്ന ഭക്തരെ കൈവിടാത്ത കാരുണ്യമൂര്‍ത്തി. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ഈ ലോകത്തില്‍ അസാധ്യമായിട്ട് ഒന്നും തന്നെയില്ലെന്നാണ് വിശ്വാസം. ആ വിശ്വാസം സത്യമെന്നുതെളിയിക്കുന്നതാണ് ഇവിടെയെത്തുന്ന ഭക്തജനത്തിരക്ക്. അമ്മയെ മനസറിഞ്ഞ് വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഓരോ ഭക്തന്റെയും അനുഭവസാക്ഷ്യമാണ്.

ആദിപരാശക്തിയും ശ്രീമന്നാരായണമൂര്‍ത്തിയും ഒരേപീഠത്തില്‍ സ്വയംഭൂവായി കുടികൊള്ളുന്ന ചോറ്റാനിക്കര മഹാക്ഷേത്രത്തില്‍ രണ്ടുവ്യാഴവട്ടത്തിനുശേഷം അത്യപൂര്‍വമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ക്ഷേത്രം തന്ത്രിമാരായ എളവള്ളി പുലിയന്നൂര്‍ മന ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റേയും, എരൂര്‍ പുലിയന്നൂര്‍ മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റേയും മുഖ്യകാര്‍മികത്വത്തില്‍ ജൂലൈ 5 മുതല്‍ പത്തുദിവസങ്ങളിലായി സഹസ്രദ്രവ്യകലശം നടക്കാന്‍ പോകുന്നു. അത്യപൂര്‍വമായ ഈ ചടങ്ങ് കണ്ടുതൊഴാന്‍ കഴിയുക എന്നത് ഈ ജന്മത്തിലെ സുകൃതം തന്നെയാണ്. ചോറ്റാനിക്കരയമ്മയുടെ ഭക്തര്‍ക്ക് ഇതില്‍പരം അനുഗ്രഹം വേറെയെതാണുള്ളത്. ഇതില്‍ പങ്കെടുക്കുക വഴി നമ്മുടെ പരമ്പരകള്‍തന്നെ അനുഗ്രഹീതരാകും.

25 ഓളം വൈദിക ബ്രാഹ്‌മണര്‍ ജൂലൈ 5 ന് ആചാര്യവരണം നടത്തി മുളയിട്ട് ആരംഭിച്ച് 10 ദിവസങ്ങളിലായി വിശേഷാല്‍ താന്ത്രികചടങ്ങുകളോടെ ജൂലായ് 14 ന് രാവിലെ 10.45 മുതല്‍ 11.25 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ദര്‍ശന പ്രാധാന്യമുള്ള ബ്രഹ്‌മകലശാഭിക്ഷേകം നടത്തി സമാപിക്കത്തക്കവിധമാണ് സഹസ്രദ്രവ്യകലശം നടത്തുന്നത്.

പ്രധാനദേവതയായ ചോറ്റാനിക്കര ഭഗവതിയെ താന്ത്രിക വിധിപ്രകാരമുള്ള സഹസ്രദ്രവ്യകലശത്തോടെ പൂര്‍ണ്ണ ചൈതന്യത്തിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം കീഴ്ക്കാവ് ഭഗവതി, മേലേ ശാസ്താവ്, കിഴേ ശാസ്താവ്, ശിവന്‍, ഓണക്കുറ്റിച്ചിറ ഭഗവതി എന്നീ ദേവതകള്‍ക്കും വിധി പ്രകാരമുള്ള താന്ത്രിക ചടങ്ങുകളോടെ കലശം ആടി ചൈതന്യ പൂര്‍ത്തീകരണം വരുത്തുന്നു. ഭഗവത് അനുഗ്രഹവും കറകളഞ്ഞ ഭക്തിയും ഉണ്ടെങ്കില്‍ മാത്രമാണ് സഹസകലശം പോലെയുള്ള ചടങ്ങുകള്‍ നടത്തുവാനും ദര്‍ശിക്കുവാനും സാധിക്കുകയുള്ളു. ഇത്തരം ചടങ്ങുകളില്‍ ഏതെങ്കിലും രീതിയില്‍ ഭാഗമാകുവാന്‍ കഴിയുന്നത് തന്നെ ജന്‍മാന്തരപുണ്യമാണ്.

ഇതില്‍ നേരിട്ട് പങ്കെടുക്കുകയോ ഏതെങ്കിലും രീതിയിലുള്ള സമര്‍പ്പണത്തിലൂടെ ഭാഗമാകുകയോ ചെയ്യുന്നതിലൂടെ ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും സിദ്ധിക്കുന്നതാണ്. ഈ ചടങ്ങില്‍ ഭക്തര്‍ക്ക് മഹാബ്രഹ്‌മകലശം, ഖണ്ഡ്ബ്രഹ്‌മകലശം, കര്‍ക്കരീക കലശം, കുംഭേശ കലശം, സഹസ്രകലശം, കീഴ്ക്കാവില്‍ ബ്രഹ്‌മകലശം, കലശം, മേലേ ശാസ്താവ്, ശിവന്‍, കീഴെ ശാസ്താവ്, ഓണക്കുറ്റിച്ചിറ ഭഗവതി എന്നിവിടങ്ങളിലെ ബ്രഹ്‌മകലശം, അഷ്ടബന്ധം ശിവന്, കലശം, കലശ വിഹിതം, അന്നദാനം എന്നിവ ഈ അവസരത്തില്‍ ഭക്തര്‍ക്ക് വഴിപാടായി നടത്താവുന്നതാണ്. നിങ്ങള്‍ക്ക് ഓരോരുത്തരെയും അത്യപൂര്‍വചടങ്ങായ ഈ സഹസ്രദ്രവ്യകലശത്തില്‍ പങ്കെടുക്കാന്‍ ഭഗവതി അനുഗ്രഹിക്കട്ടെ. കൂടുതല്‍വിവരങ്ങള്‍ക്ക്: 94463 07160, 94473 13837

 

sahasra dravya kalasam Chottanikkara Temple
Related Posts