![](https://www.jyothishavartha.in/wp-content/uploads/2023/07/sree-sarkara-devi-temple.jpg)
ശ്രീ ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിറ പുത്തരി ഓഗസ്റ്റ് 10ന്
ഗിരീഷ് കുമാര്‍
ശ്രീ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ‘നിറയും പുത്തരിയും’ ആഘോഷം 2023 ആഗസ്റ്റ് 10(1198 കര്‍ക്കിടകം 25) വ്യാഴം രാവിലെ 5.45നും 6.15 നും മദ്ധ്യേ കര്‍ക്കിടക രാശിയില്‍ രോഹിണി നക്ഷത്രത്തില്‍ നടത്തപ്പെടും.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിറപുത്തരിയുടെ മുഹൂര്‍ത്തം കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്ന് ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇതേ മുഹൂര്‍ത്തത്തിലാണ് നിറപുത്തരി ചടങ്ങ് നടത്തുക.
വയലേലകളില്‍ നിന്നും കൊയ്‌തെടുക്കുന്ന പുതു നെല്‍കതിരുകള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നും വാദ്യമേളങ്ങളുടെയും കുത്തുവിളക്കിന്റെയും ശംഖ്‌നാദത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ ശിരസ്സിലേറ്റി എഴുന്നള്ളിച്ച് ശീവേലിപാദയിലൂടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വെച്ച് ഭഗവതിയുടെ മുഖമണ്ഡപത്തില്‍ എത്തിക്കും.
തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മണ്ഡപത്തില്‍ വെച്ച് പൂജ നടത്തി നെല്‍ക്കതിരുകള്‍ പൂജിക്കും. ശേഷം പൂജിച്ച നെല്‍ക്കതിരുകള്‍ ഭഗവതിയുടെ ഗര്‍ഭഗ്രഹത്തിലും ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിലും ഉപദേവാലയങ്ങളിലുമെല്ലാം സ്ഥാപിക്കും. ബാക്കിയുള്ളവ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.