ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മങ്ങള്‍ നടക്കുന്ന ഏകസ്ഥലം, ഇവിടെ കർക്കിടകവാവിന് ബലിയർപ്പിച്ചാൽ
കേരളത്തിലെ ഏക പരശുരാമക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം (Sri Parasurama Swamy Temple, Thiruvallam). ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിൽ പരശുരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൈയിൽ താമരക്ക് പകരം മഴുവാണെന്നുള്ള പ്രത്യേകതയും പ്രതിഷ്ഠയ്ക്ക് ഉണ്ട്. കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നു. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനം.
ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മങ്ങള്‍ നടക്കുന്ന ഏകസ്ഥലം
ക്ഷേത്രത്തിനകത്ത് ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്നതും കേരളത്തിലെ തന്നെ ഏക പരശുരാമ ക്ഷേത്രവുമാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം (Thiruvallam Sri Parasurama Swamy Temple). ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ട്. ദിവസവും ആയിരകണക്കിനാളുകൾ ഇവിടെ ബലിയിടാൻ വരാറുണ്ട്. അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ബലിതർപ്പണം ചെയ്യാൻ. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്.
കർക്കിടകവാവ് ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്. കർക്കിടകവാവിന് ബലിയർപ്പിച്ചാൽ ഒരു വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. കർക്കിടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും. തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം.
ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ മുകളിൽ കൈകളിൽ മഴുവേന്തിയ പരശുരാമസ്വാമിയുടെ ശിൽപം കാണാം. കവാടം കടന്നാൽ ക്ഷേത്രക്കുളമുണ്ട്. കുളത്തിന്റെ മുൻഭാഗത്തായുള്ള ദേവസ്വം ഓഫീസിൽ നിന്നും ബലിതർപ്പണത്തിനും മറ്റുവഴിപാടുകൾക്കുമായി രസീത് എടുക്കാവുന്നതാണ്.
ക്ഷേത്രമുറ്റത്ത് നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഇരുവശങ്ങളിലും ബലിതർപ്പണം നടക്കുന്ന നീണ്ട കരിങ്കൽ ബലിപീഠങ്ങളുണ്ട്. ഈ ബലിപീഠങ്ങളിൽ 100-ലധികം ആളുകൾക്ക് ഒരേസമയം ബലിയർപ്പിക്കാൻ കഴിയും.
ഐതിഹ്യം
സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ, പരമ ശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അതിനാൽ ഓംകാരപ്പൊരുളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ഉപദേവതകൾ
കൈകളിൽ മഴുവേന്തിയ പരശുരാമന്റെ പൂർണകായപ്രതിഷ്ഠയാണ് ശ്രീകോവിലിൽ ഉള്ളത്. പ്രധാന പ്രതിഷ്ഠയ്ക്ക് സമീപം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾക്ക് പ്രത്യേകം ശ്രീ കോവിലുകളുണ്ട്. ത്രിമൂർത്തികളുടെ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. കൂടാതെ ഗണപതി, ശ്രീ മുരുകൻ, ഭദ്രകാളി (മഹിഷാസുരമർദ്ദിനി ), ശ്രീ കൃഷ്ണൻ, വേദവ്യാസമുനി, മത്സ്യ മൂർത്തി, നാഗങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
പ്രധാന വഴിപാടുകൾ
പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് പരശുരാമ സന്നിധിയിലെ പ്രധാന വഴിപാടുകൾ, കൂടാതെ ഗണപതി നടയിലെ അപ്പം മൂടലും, ഗണപതി ഹോമവും പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലേക്കെത്താൻ
കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററും അകലെ കരമനയാറും പാർവ്വതീപുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.