രാമനവമി ഏപ്രില്‍ 17 ന്; ഇത്തവണ ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമദേവന്‍. ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശ്രീരാമനവമി ഏപ്രില്‍ 17നാണ്. ഈ ദിവസം ശ്രീരാമദേവനെ പ്രാര്‍ഥിക്കുന്നതും ശ്രീരാമ ക്ഷേത്രദര്‍ശനം നടത്തുന്നതും അതീവ ഫലദായകമാണ്. ഈ ദിവസം സന്ദര്‍ശിക്കേണ്ട കേരളത്തിലെ ചില പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ ഏതെല്ലാമാണെന്നു നോക്കാം.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം
കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധവും പ്രാചീനവുമായ രാമക്ഷേത്രമാണിത്. അമ്പലത്തിന് 600ല്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയതും പഴക്കമുളളതുമായ വലിയവട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി ശംഖുചക്ര ഗദയും അക്ഷരമാലയുമായി ശ്രീരാമന്റെ ചതുര്‍ബാഹുവായ വിഗ്രഹമാണ് പ്രതിഷ്ഠ. വടക്കു ഭാഗത്തായി ഗോശാലകൃഷ്ണന്റെയും ക്ഷേത്രമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതിയും. ധര്‍മശാസ്താവും, ദക്ഷിണാമൂര്‍ത്തിയും ഹനുമാന്‍ സാന്നിദ്ധ്യവുമുണ്ട്.
ചാത്തന്റെയും സങ്കല്പമുണ്ട്. മീനൂട്ട്, വെടിവഴിപാട്, അവില്‍ നിവേദ്യം, നെയ്പ്പായസം, തട്ടം എന്നിവയാണ് പ്രധാനവഴിപാടുകള്‍. മഹാബലിയില്‍നിന്നും മൂന്നടിമണ്ണ് ദാനം വാങ്ങിയ വാമനന്‍ വിശ്വരൂപംപൂണ്ട് ആദ്യത്തെ അടി അളക്കാന്‍ ഉയര്‍ത്തിയ വേളയില്‍ സത്യലോകത്തിലേക്ക് ഉയര്‍ന്നുപൊങ്ങിയ പാദത്തിലെ പെരുവിരലിലെ നഖംകൊണ്ട് അണ്ഡകടാഹത്തിന്റെ മുകള്‍ഭാഗത്ത് ചെറിയ ക്ഷതമുണ്ടായി. ആ വിള്ളലിലൂടെ ആദി ഗംഗ തൃപ്പാദങ്ങളില്‍ വീണശേഷം താഴേക്കൊഴുകി ഭൂമിയിലെത്തി തൃപ്പയാറായി. ഇത് പിന്നീട് തൃപ്രയാറായി. അവിടം കുടികൊള്ളുന്ന ദേവന്‍ തൃപ്രയാറ്റു ദേവനായി.പന്തീരടി പൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുണ്ട്. നിര്‍മാല്യ ദര്‍ശനവും, അത്താഴപൂജ തൊഴുന്നതും ശ്രേയസ്‌കരമാണ്.
അത്താഴ ശീവേലിക്ക് സ്വര്‍ഗലോകത്തെ ദേവന്മാരെല്ലാം ഇവിടെത്തുന്നു എന്നാണ് വിശ്വാസം. കൊടിയേറി ഉത്സവം പതിവില്ല. തൃപ്രയാറപ്പനെ ഭജിക്കുന്നത് കഠിന ശത്രുദോഷങ്ങളില്‍നിന്നും മോചനവും, ബാധാ ഉപദ്രവത്തില്‍നിന്നും രക്ഷയും നല്കും.
ശ്രീരാമ വിഗ്രഹപ്രതിഷ്ഠയെക്കുറിച്ച് ചിന്തിക്കവേ, പ്രതിഷ്ഠാ സമയമാവുമ്പോള്‍ ഒരു പക്ഷി പറന്നുവരുമെന്നും അത് വട്ടമിട്ടുപറക്കുന്നതിന് താഴെ വേണം പ്രതിഷ്ഠ നടത്തേണ്ടതെന്നും’ ഒരു അശരീരി കേള്‍ക്കാനിടയായി. ആചാരപ്രകാരം നിശ്ചയിച്ച പ്രതിഷ്ഠാദിനം സമാഗതമായെങ്കിലും പക്ഷിയെ കാത്തുനിന്ന പണ്ഡിതര്‍ക്ക് അതിനെ കാണാന്‍ സാധിക്കാതെ വരികയും നിരാശരരായി മുഹൂര്‍ത്തത്തില്‍ തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പ്രതിഷ്ഠയ്ക്കുശേഷമാണ് പക്ഷി പ്രത്യക്ഷപ്പെട്ടത്. അത് വട്ടമിട്ടതിന്റെ താഴെയാണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത് എന്ന് പൂര്‍വ്വികര്‍ പറയുന്നു. അതുകൊണ്ട് ഈ ബലിക്കല്ലിന് പ്രധാന പ്രതിഷ്ഠയുടെ മഹത്വമാണു കല്പിക്കുന്നത്. പില്‍ക്കാലത്ത് ബലിക്കല്ല് ഇളകിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ പറച്ചിപെറ്റ പന്തീരുകുലത്തില്‍ പ്രമുഖരായ നാറാണത്തുഭ്രാന്തന്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിയെന്നും ബലിക്കല്ലിളകുന്നതു കണ്ട് അദ്ദേഹം അതുറപ്പിച്ചെന്നുമാണ് ഐതിഹ്യം. മറ്റൊരു ഐതിഹ്യവുമുണ്ട്. വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീദേവിയും ഭൂമിദേവിയും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടത്തിലൂടെ ശ്രീരാമനെ പൂജിക്കാന്‍ വരുന്നതുകണ്ട് അത്ഭുതപ്പെട്ടത്രേ.
പ്രതിഷ്ഠയുടെ അപാകത നികത്തുന്നതിനായി ഈ രണ്ടു ദേവിമാരെയും അദ്ദേഹം ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ച് പടിഞ്ഞാറേ കവാടം അടച്ചിട്ടുപോകുകയും ചെയ്തു. ഇന്നും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടം അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്നും ശ്രീകൃഷ്ണ ദര്‍ശനം സ്വാമിയാര്‍ക്ക് കിട്ടിയതായും ഐതിഹ്യങ്ങളുണ്ട്. തൃശൂര്‍ നഗരത്തില്‍ നിന്നും 25 കി.മീ പടിഞ്ഞാറായി ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മധ്യേ തീരദേശപാതയില്‍ കനോലിപ്പുഴയുടെ തീരത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു.
തിരുവില്വാമല ക്ഷേത്രം
കേരളത്തില്‍ അത്യപൂര്‍വമായി കാണപ്പെടുന്ന ശ്രീരാമപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു. തുല്യവലിപ്പത്തിലും പ്രധാന്യത്തിലും രണ്ട് ശ്രീകോവിലുകള്‍ ഉള്ള ക്ഷേത്രമാണിത്. ശ്രീരാമന്‍ പടിഞ്ഞാട്ടും ലക്ഷ്മണന്‍ കിഴക്കോട്ടും ദര്‍ശനമായി ചതുര്‍ബാഹു വിഗ്രഹങ്ങളായാണ് പ്രതിഷ്ഠകള്‍. പാല്‍പ്പായസം,നെയ്പായസം,ഒറ്റയപ്പം,അട തുടങ്ങിയവയാണ് നിവേദ്യങ്ങള്‍. ദിവസ പൂജ, ജന്മനക്ഷത്രപൂജ, സ്‌പെഷ്യല്‍ ചന്ദനം ചാര്‍ത്ത് തുടങ്ങി വിശേഷ വഴിപാടുകളും ഉണ്ട് .
ഹനുമാന്‍, ഗണപതി, ശിവന്‍, പാര്‍വതി, ധര്‍മ്മ ശാസ്താവ്, നാഗങ്ങള്‍, ഗുരുവായൂരപ്പന്‍ എന്നിവരാണ് ഉപദേവതകള്‍. വിവാഹം വേഗത്തില്‍ നടക്കാനും ഉദ്ദിഷ്ടകാര്യം സാധിക്കാനും ഇവിടത്തെ ഹനുമാന്‍ സ്വാമിക്ക് വടമാല ചാര്‍ത്തിയാല്‍മതിയെന്നാണ് വിശ്വാസം.
രാവിലെ നാലുമണിയ്ക്ക് ഏഴുതവണ ശംഖു വിളിച്ചുകൊണ്ട് ഭഗവാന്മാരെ പള്ളിയുണര്‍ത്തിയശേഷം നടതുറക്കുന്നു. ആദ്യം നിര്‍മ്മാല്യ ദര്‍ശനമാണ്. അതിനുശേഷം വിഗ്രഹങ്ങളില്‍ എണ്ണയഭിഷേകവും ശംഖാഭിഷേകവും മറ്റഭിഷേകങ്ങളും നടത്തുന്നു. അത് കഴിഞ്ഞ് വിഗ്രഹങ്ങള്‍ പുതു വസ്ത്രങ്ങള്‍ കൊണ്ടും ചന്ദനം കൊണ്ടും അലങ്കരിച്ചശേഷം മലര്‍ നിവേദ്യം. മലരിനൊപ്പം ശര്‍ക്കരയും കദളിപ്പഴവും വയ്ക്കുന്നുണ്ട്. അതിന് ശേഷം നടയടച്ച് ഉഷഃപൂജ നടത്തും.
സൂര്യാസ്തമയമനുസരിച്ചാണ് ഇവിടെ ദീപാരാധന. ആ സമയത്ത് ‘സന്ധ്യാവേല’ എന്നൊരു ചടങ്ങും ഇവിടെ നടത്തും. ഭക്തര്‍ നാമം ജപിച്ച് കഴിയുന്നതാണ് ഈ ചടങ്ങ്. തുടര്‍ന്ന് രാത്രി ഏഴരയോടെ അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കും.
മാമലശേരി ശ്രീരാമ ക്ഷേത്രം
മാന്‍ വേഷം പൂണ്ട മായാവിയായ മാരീചനെ വധിച്ച് സീതാവിരഹിയായി വനത്തില്‍ കഴിയുന്ന ശ്രീരാമന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. വട്ട ശ്രീകോവിലിനുള്ളില്‍ കിഴക്കു ദര്‍ശനമായി ശിലാവിഗ്രഹത്തിലുള്ള പ്രതിഷ്ഠ. എറണാകുളത്തുനിന്നും 40 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്രത്തിന് വടക്കുഭാഗത്തുകൂടെയാണ് മൂവാറ്റുപുഴയാര്‍ ഒഴുകുന്നത്. ചതുര്‍ബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ വിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമന്‍ ഇവിടെ കുടികൊള്ളുന്നത്. കിഴക്കോട്ട് ദര്‍ശനം. ശ്രീരാമദാസനായ ഹനുമാന്‍ ഇവിടെ ഓവുതാങ്ങിയായി വടക്കുഭാഗത്ത് കുടികൊള്ളുന്നു.
നാലമ്പലത്തിനകത്ത് കന്നിമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ശിവന്‍, ഗണപതി, അയ്യപ്പന്‍ എന്നിവര്‍ ഒറ്റ ശ്രീകോവിലില്‍ വാഴുന്നു. നടയ്ക്കുപുറത്ത് വടക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി ഭദ്രകാളിയും അല്പം കിഴക്കുമാറി പടിഞ്ഞാറോട്ട് ദര്‍ശനമായി ദുര്‍ഗ്ഗയും കുടികൊള്ളുന്നു. കൂടാതെ കന്നിമൂലയില്‍ സര്‍പ്പക്കാവുമുണ്ട്.
തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം
തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഗ്രകോപിയായ ശ്രീരാമദേവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഖരവധം കഴിഞ്ഞ് ഉടനെ കോപമടങ്ങാത്ത നിലയിലുള്ള ശ്രീരാമനെ ഇവിടെ മകരത്തിലെ തിരുവോണത്തിലെ അമാവാസിക്ക് പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമസ്വാമിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കോട്ട് ദര്‍ശനമായി കൃഷ്ണ ശിലയില്‍ തീര്‍ത്തിരിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാള്‍ എന്നാണ് വിളിക്കുന്നത്. ശംഖും ഗദയും താമരയും ധരിച്ചു നില്‍ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠയുള്ളത്.
തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രം
എറണാകുളം ജില്ലയില്‍ പിറവത്തിന് അടുത്താണ് തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളം -പിറവം റൂട്ടില്‍ പേപ്പതിയില്‍ നിന്ന് നാലു കിലോമീറ്ററാണ് ഈ ക്ഷേത്രത്തിലേക്കുളളത്.
800 വര്‍ഷത്തിലധികം പഴക്കമുളള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ പുറമേ കാണാവുന്ന ദൃശ്യം തന്നെ അത് സാക്ഷ്യപ്പെടുത്തുന്നതാണ്. ക്ഷേത്രത്തിന് മാളികയുള്ള ശ്രീകോവിലും ചുറ്റമ്പലവും ബലിക്കലുമെല്ലാമുണ്ട്. പ്രധാന പ്രതിഷ്ഠ ശ്രീരാമനാണ്. പട്ടാഭിഷേകരൂപത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. പട്ടാഭിഷേക ഭാവത്തിലായതുകൊണ്ടുതന്നെ ലക്ഷ്മണ, ഭരത, ശത്രുഘ്നന സ്വാമിമാരുടെയും സീതാദേവിയുടെയും സാന്നിധ്യമുണ്ടിവിടെ.
ഈ ക്ഷേത്രത്തിന് അടുത്തുതന്നെ പടിഞ്ഞാറോട്ടു ദര്‍ശനമായി മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രവുമുണ്ട്. രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ പണ്ട് ഉത്സവകാലത്ത് ഉപഹാരങ്ങള്‍ കൈമാറുന്ന രീതിയുണ്ടായിരുന്നതായി പറയപ്പെടുന്നു. മേടത്തിലെ പുണര്‍തം നാള്‍ ആറാട്ടിനായി വരത്തക്കവണ്ണം എട്ടുദിവസത്തെ ഉത്സവമാണിവിടെ.
രണ്ടുനേരം പൂജയുളള ഇവിടെ ഉപദേവതമായി ഹനുമാന്‍ സ്വാമിയും ഗണപതി ഭഗവാനും, ശാസ്താവുമാണുള്ള്. ക്ഷേത്രത്തിനുള്ളില്‍ ശ്രീരാമഭഗവാനോടു ചേര്‍ന്നുതന്നെയാണ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയും. ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ ശ്രീമൂലസ്ഥാനത്ത് സുന്ദരയക്ഷിയാണിടെ പ്രതിഷ്ഠ. ഏറെ പ്രധാന്യമുള്ള പ്രതിഷ്ഠയാണിത്. ഈശാനകോണില്‍ സര്‍പ്പവുമുണ്ട്. ക്ഷേത്രത്തില്‍ കഥകളി നടക്കുമ്പോള്‍ കാണുന്നതിനായി കൊച്ചി രാജാവ് ക്ഷേത്രത്തിനു മുന്നില്‍ നിര്‍മിച്ച മാളിക ഇപ്പോഴുമുണ്ട്. രാജഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന മാളികയാണത്.
കാനനവാസ കാലഘട്ടത്തില്‍ സീതാദേവിയോടും ലക്ഷ്മണസ്വാമിയോടും ഒപ്പം യാത്ര ചെയ്ത പ്രദേശമാണിതെന്നാണ് വിശ്വാസം. സീതയില്‍ നിന്നും ശ്രീരാമനെ മാറ്റുന്നതിനായി മാരീചന്‍ മാനിന്റെ രൂപത്തിലെത്തുകയും ആ മാനിനെ ഭഗവാന്‍ മറഞ്ഞിരുന്ന് അമ്പെയ്ത സ്ഥലമാണിത്. അങ്ങനെയാണ് ഈ സ്ഥലത്തിന് തിരുമറയൂര്‍ എന്ന പേരുതന്നെ വന്നത്.
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യമാണ്. പുലര്‍ച്ചെ 3.30ന് ഹനുമാന്‍ സ്വാമി ശ്രീരാമദേവന് പൂജ ചെയ്യാന്‍ എത്തുന്നുണ്ടെന്നാണ് വിശ്വാസം. ആ സമയം ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങള്‍ ആടിയുലയുന്ന ശബ്ദം കേള്‍ക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ ഹനുമാന്‍ സ്വാമി പൂജ ചെയ്യുമ്പോഴുണ്ടാകുന്ന മണിനാദവും ശംഖുവിളിക്കുന്നതും കേട്ടിട്ടുണ്ടെന്ന് ഭക്തര്‍ പറയുന്നു. പിറ്റെ ദിവസം പുലര്‍ച്ചെ ശ്രീരാമ വിഗ്രഹത്തിന് മുന്നില്‍ തുളസീദളമോ പൂജ ചെയ്തതിന്റെ മറ്റ് തെളിവുകളോ ഇപ്പോഴും കാണാമെന്നാണ് പറയുന്നത്. ഇവിടെയുളളവരുടെ നേരനുഭവം കേള്‍ക്കുമ്പോള്‍ ഇതെല്ലാം നമ്മുക്കും അവിശ്വസനീയമായി തോന്നാം. എന്നാല്‍ ഇവിടെ ഒരിക്കലെങ്കിലും വന്നാല്‍ ഇതെല്ലാം വിശ്വസിക്കാതിരിക്കാന്‍ ആവില്ല.
ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ശ്രീരാമ-ഹനുമാന്‍ ക്ഷേത്രം
മുഖ്യപ്രതിഷ്ഠയായി ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഹനുമാന്റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രം.
ഏകദേശം മൂവായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. സപ്തര്‍ഷികളിലൊരാളായ വസിഷ്ഠ മഹര്‍ഷിയാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ശ്രീരാമന്റെയും ഹനുമാന്റെയും ഒപ്പം പ്രാധാന്യത്തോടെ ഇവിടെ ലക്ഷ്മണനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, ദുര്‍ഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവരും ഇവിടെയുണ്ട്.
ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ശ്രീരാമ വിഗ്രഹത്തിന് ഒരാള്‍ പൊക്കമുണ്ട്. അതിനു തൊട്ടടുത്ത ശ്രീകോവിലിലാണ് ഹനുമാന്‍ പ്രതിഷ്ഠയുള്ളത്. ഇവിടെ ശ്രീരാമന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തല ഒരു വശത്തേയ്ക്ക് ചരിച്ചു നില്‍ക്കുന്ന രൂപമാണ് ഹനുമാന്റേത്. സീതയെ അന്വേഷിച്ച് പോകുന്ന ഹനുമാന് അടയാള വാക്യങ്ങളും ഒപ്പം തന്നെ സീതാ ദേവിയോട് പറയുവാനുള്ള കാര്യങ്ങളും ശ്രീരാമന്‍ ഹനുമാന്റെ ചെവിയില്‍ പറയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
സീതാ ദേവിയെ അന്വേഷിച്ച് പോയപ്പോള്‍ കടല്‍ ചാടി ലങ്കയിലെത്തിയതിന്റെ പ്രതീകമായി നീളത്തിലുളള ഒരു കല്ല് ക്ഷേത്രത്തില്‍ കാണാം. ഈ കല്ല് സമുദ്രമായി സങ്കല്പിച്ച് ഭക്തര്‍ ഓടി വന്ന് കല്ലില്‍ തട്ടാതെ ചാടിക്കടക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവയാണ് ഇങ്ങനെ ചാടിയാല്‍ ലഭിക്കുന്നതെന്നാണ് വിശ്വാസം.