ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സൂര്യക്ഷേത്രം
ഗുജറാത്തിലെ മൊദേര സണ്‍ ടെമ്പിള്‍, സൂര്യ ദേവന് വേണ്ടി ഉള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ്. പുഷ്പവതി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്കു അഹമദാബാദില്‍ നിന്നും എളുപ്പം എത്തിച്ചേരാം. 102 കിലോമീറ്റര്‍ അകലെയുള്ള മൊദേരയാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷന്‍. അഹമദാബാദില്‍ നിന്നും മൊദേയിലേക്ക് എപ്പോഴും ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. 25 കിലോമീറ്റര്‍ അകലത്തായി മെഹ്‌സാന റയില്‍വെ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നു.
സൂര്യ വംശത്തിലെ, സോളങ്കി രാജവംശത്തിലെ ഭീംദേവ് 1026-ല്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ഒറീസയിലെ കൊണാര്‍ക് സൂര്യക്ഷേത്രത്തെ ഈ ക്ഷേത്രം നമ്മെ ഓര്‍മ്മിപ്പിക്കും. സ്‌കന്ദ പുരാണത്തിലും ബ്രഹ്മ പുരാണത്തിലും ഈ ക്ഷേത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്. മൊദേരയും പരിസരപ്രദേശങ്ങളും ശ്രീരാമനാല്‍ അനുഗ്രഹിക്കപ്പെട്ട ധര്‍മ്മരായണ എന്ന പ്രദേശമാണെന്ന് കരുതപ്പെടുന്നു.
വാസ്തുവിദ്യ
വളരെ മനോഹരമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിനുള്ളത്. മൂന്ന് രീതികളെ സംയോജിപ്പിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കൊണാര്‍കിലേത് പോലെ പ്രഭാത സൂര്യന്റെ ആദ്യ കിരണം സൂര്യദേവന്റെ രൂപത്തില്‍ വന്ന് പതിക്കുന്നു. ഉയര്‍ന്ന പ്രഥലത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും പ്രധാന അകത്തളത്തിലേക്ക് പ്രവേശിക്കാം. അക്കാലത്തെ ശില്‍പ്പ ചാതുര്യം വിളിച്ചറിയിക്കുന്ന തരത്തില്‍ അതിമനോഹരമായിട്ടാണ് ഭിത്തികളില്‍ ശില്‍പ്പങ്ങളും മറ്റും കൊത്തി വച്ചിരിക്കുന്നത്. ദേവന്‍മാര്‍, ദേവതകള്‍, പക്ഷികള്‍, മൃഗങ്ങള്‍, പൂക്കള്‍ എന്നിവയൊക്കെ ഇവിടെ കൊത്തിവച്ചിരിക്കുന്നു. സൂര്യ കുണ്ഡ്, സഭാ മണ്ഡപ്, ഗുഢാ മണ്ഡപ് എന്നിങ്ങനെ ഈ ക്ഷേത്രത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
സൂര്യ കുണ്ഡ്
ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുളമാണ് സൂര്യ കുണ്ഡ്. 100 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഈ കുളം പുരാതന കാലത്ത് ശുദ്ധജല സംഭരണിയായിരുന്നു. വിശ്വാസികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ഈ കുളത്തിലെ ജലം ഉപയോഗിച്ചിരുന്നു. കുളത്തിലേക്ക് ഇറങ്ങുന്നതിനുള്ള നൂറ്റി എട്ട് പടികള്‍ ഗണപതി,ശിവന്‍, ശീതള മാ എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. കുളത്തിന് മുന്‍ വശത്തുള്ള ആര്‍ച്ച് വഴി സഭാ മണ്ഡപത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
സഭാ മണ്ഡപ്
പ്രാര്‍ത്ഥനകളും മറ്റ് മതപരമായ ചടങ്ങുകളും ഇവിടെ വച്ച് നടത്തപ്പെടുന്നു. അന്‍പത്തിരണ്ട് തൂണുകളാണ് ഈ മണ്ഡപത്തിലുള്ളത്. ഇതിന്റെ നാല് വശങ്ങളും തുറന്നാണ് ഇരിക്കുന്നത്. രാമായണം, മഹാഭാരതം, ഭഗവാന്‍ കൃഷ്ണന്റെ ജീവിതം എന്നിവയെ ആസ്പദമാക്കി ശില്‍പ്പങ്ങളും കൊത്തുപണികളും നടത്തിയിരിക്കുന്നതു നമുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടെ എത്തുന്നതിനായി തൂണുകളും, ആര്‍ച്ചുകളും കടന്നെത്തണം.
ഗുഢ മണ്ഡപ്
താമരയുടെ രൂപത്തിലാണ് ഗുഢ മണ്ഡപം പണിഞ്ഞിരിക്കുന്നത്. സൂര്യഭഗവാന്റെ വിഗ്രഹം സൂക്ഷിക്കാന്‍ ഈ മണ്ഡപം പണ്ട് ഉപയോഗിച്ചിരുന്നു. പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഈ വിഗ്രഹത്തിന് മേല്‍ പതിക്കത്തക്ക വണ്ണമാണ് മണ്ഡപം പണിതീര്‍ത്തിരിക്കുന്നത്. ഗസ്‌നി ഈ വിഗ്രഹം കൊള്ളയടിച്ചെങ്കിലും ഇവിടുത്തെ കരവിരുതുകള്‍ അതേ സൗന്ദര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു. മനുഷ്യന്റെ ജനനമരണങ്ങളെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം ഇവിടുത്തെ കൊത്തുപണി ചെയ്ത ഭിത്തികളില്‍ കാണാം. സമീപകാലത്തായി ഇവിടം പുനര്‍ നിര്‍മ്മിക്കുകയുണ്ടായി.
ആഘോഷം
മൊദേര ഡാന്‍സ് ഫെസ്റ്റിവല്‍ സണ്‍ ടെമ്പിളിലെ ഒരു പ്രധാന ഉത്സവമാണ്. ഇന്ത്യന്‍ പാരമ്പര്യവും സംസ്‌ക്കാരവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ നൃത്ത പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ മൂന്നാമത്തെ ആഴ്ചയാണ് ഇത് സംഘടിപ്പിക്കുന്നത്. ഗുജറാത്ത് ടൂറിസം വകുപ്പ് ടൂറിസത്തെ പ്രമോട്ട് ചെയ്യാനായാണ് ഈ നൃത്ത പരമ്പര.