ഇത്തവണ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം ഇങ്ങനെ എടുത്തോളൂ, വിഷ്ണുപ്രീതി സുനിശ്ചിതം
ഏറെ പ്രശസ്തവും വിഷ്ണു പ്രീതിക്ക് ഏറ്റവും ഉത്തമവുമായ വ്രതമാണ് ഏകാദശി. എല്ലാ വ്രതങ്ങളിലും വച്ച് മികച്ചതാണ് ഏകാദശി വ്രതം എന്ന് വിശ്വസിക്കപ്പെടുന്നു. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശി സ്വര്‍ഗ്ഗവാതില്‍ ഏകാദശി, മോക്ഷത ഏകാദശി, വൈകുണ്ഠ ഏകാദശി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈ വര്‍ഷത്തെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ജനുവരി 10 വെള്ളിയാഴ്ചയാണ്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവത്ഗീത ഉപദേശിച്ചത് ഈ ദിവസമാണത്രേ. വിഷ്ണു ഭക്തര്‍ക്ക് എല്ലാ ഏകാദശികളും പ്രിയപ്പെട്ടതാണെങ്കിലും ഈ ഏകാദശിയാണ് പൊതുവേ വിഷ്ണു ഭക്തരെല്ലാം ഏകാദശി വൃതം അനുഷ്ഠിക്കാന്‍ എടുക്കുന്നത്. ഗുരുവായൂര്‍ ഏകാദശി വ്രതം എടുത്തവര്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും എടുക്കണം എന്ന് പറയപ്പെടുന്നു. വര്‍ഷത്തില്‍ 24 ഏകാദശിയാണ് ഉള്ളതെങ്കിലും ചിലപ്പോള്‍ 26 ഏകാദശി ദിനങ്ങളും വരാറുണ്ട്.
ഏകാദശി ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ പ്രധാന വാതില്‍ വഴി അകത്ത് പ്രവേശിച്ച് ഭഗവാനെ തൊഴുത് പ്രാര്‍ത്ഥിച്ച് മറ്റൊരു നടയില്‍ കൂടി പുറത്തേക്ക് ഇറങ്ങിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. ഒരു വര്‍ഷത്തിലെ 24 ഏകാദശി വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന ഭക്തന് വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുന്നതിനൊപ്പം ഐശ്വര്യവും മോക്ഷപ്രാപ്തിയും ലഭ്യമാകും. ഏകാദശി വ്രതം അനുഷ്ടിക്കുന്ന വ്യക്തി ജനന മരണ ബന്ധനങ്ങളില്‍ നിന്ന് മുക്തനാകുമെന്നും പറയപ്പെടുന്നു. മാത്രമല്ല ശത്രുനാശം, സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവ കൈവരുന്നതിനൊപ്പം പൂര്‍വ്വികരുടെ അനുഗ്രഹവും ഈ വ്രതത്തിലൂടെ ഭക്തര്‍ക്ക് ലഭിക്കും.
ഏകാദശി വ്രതാചരണം ഇങ്ങനെ ചെയ്‌തോളൂ
ദശമി ഏകാദശി ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശി വ്രതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ദശമിനാളില്‍ ഒരു നേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശി നാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനം പോലും പാടില്ല. ഏകാദശി ദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെ ഇരിക്കുന്നവരുണ്ട്. അതിന് സാധിക്കാത്തവര്‍ക്ക് അരിഭക്ഷണം ഒഴിവാക്കി ഗോതമ്പ്, ചാമ എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശി നാളില്‍ വിഷ്ണു ക്ഷേത്രദര്‍ശനം നടത്താം. പകലുറക്കം പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമ മന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമമായി കരുതുന്നു. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. (വ്രത സമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക).
വ്രത ദിനത്തില്‍ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസി ഇലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കല്‍ അര്‍പ്പിക്കുക.(ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്. ഈ പൂജ വൃതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കില്‍ അതി ഉത്തമം).
ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിക്കാതിരിക്കുന്നത് അത്യുത്തമമാണ്. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നല്‍കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.