ക്ഷേത്ര വാർത്തകൾ
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന സെപ്റ്റംബര്‍ 12 മുതല്‍

ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ നടക്കും. രാവിലെ 5.30 മുതല്‍ 6 വരെ നവകപൂജ. 6 മുതല്‍ 11 വരെ യജുര്‍വേദ ലക്ഷാര്‍ച്ചന. 11.10ന് ശ്രീമഹാദേവനും ശ്രീപാര്‍വതി ദേവിക്കും അര്‍ച്ചന ദ്രവ്യങ്ങള്‍ അഭിഷേകം. 11.30ന് നടയടയ്ക്കല്‍.

വൈകിട്ട് 5 മുതല്‍ 7 വരെ വേദലക്ഷാര്‍ച്ചന. 7.15ന് അര്‍ച്ചന പുഷ്പങ്ങള്‍ അഭിഷേകം, തുടര്‍ന്ന് പ്രസാദവിതരണം. 7.30ന് നടയടയ്ക്കല്‍. 16ന് രാവിലെ 5.30 മുതല്‍ വേദാര്‍ച്ചന. 8 മണിക്ക് പുഷ്പാഭിഷേകത്തോടെ ലക്ഷാര്‍ച്ചന സമാപിക്കും.

വേദലക്ഷാര്‍ച്ചനയിലെ പ്രധാന ചടങ്ങായ ശതരുദ്രീയം എന്ന ശ്രീരുദ്ര ലക്ഷാര്‍ച്ചന യജ്ഞത്തിന്റെ മൂന്നാം ദിവസമായ സെപ്റ്റംബര്‍ 14ന് രാവിലെ 6 മുതല്‍ ആരംഭിക്കും. ശ്രീരുദ്രാര്‍ച്ചന നടക്കുന്ന സമയങ്ങളില്‍ ദര്‍ശനം നടത്തുന്നതും വേദശ്രവണം നടത്തുന്നതും പിന്‍വിളക്ക്, ശ്രീരുദ്രാര്‍ച്ചന വഴിപാട് കാണിക്ക ഇടല്‍ എന്നിവ നടത്തുന്നതും അതീവ ശ്രേയസ്‌കരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9383480182.

പ്രപഞ്ച സാരമായ ‘നമ: ശിവായ’ എന്ന പഞ്ചാക്ഷരം ഉദ്‌ഘോഷിക്കുന്ന ശതരുദ്രീയം എന്ന ‘ശ്രീരുദ്രം ‘ ഉള്ളത് യജുര്‍വേദത്തിലാണ്. യജുര്‍വേദത്തിലെ പ്രധാന പ്രതിപാദ്യ വിഷയം യാഗങ്ങളാണ്. ‘ യജ്ഞോഹി ശ്രേഷ്ഠതമം കര്‍മ്മം ‘ യജ്ഞങ്ങള്‍ക്കാണ് ഏറ്റവും ശ്രേഷ്ഠത , അതായത് അഗ്‌നിഷ്ടോമാദി അതിരാത്ര പര്യന്തം ഉള്ള യാഗങ്ങള്‍ . അത്തരം യജ്ഞത്തെ അനുഷ്ഠിക്കുവാന്‍ സാധിച്ചില്ലെങ്കിലും വേദജപം കൊണ്ട് ആ യജ്ഞത്തെ അനുഷ്ഠിച്ചാലുള്ള ഫലം കിട്ടുമെന്ന് വേദം തന്നെ പറയുന്നു.

നാലില്‍ കുറയാതെ വേദജ്ഞര്‍ ഒരു ആവൃത്തി യജുര്‍വേദം മുഴുവന്‍ സ്വരത്തോടു കൂടി ചൊല്ലി അര്‍ച്ചിക്കുന്ന ഉപാസനയാണ് വേദ ലക്ഷാര്‍ച്ചന. വേദഘോഷം ആ പ്രദേശം ശുദ്ധമാക്കുന്നു. ക്ഷേത്രത്തിലെ ദേവ ചൈതന്യം അഭിവൃദ്ധിപ്പെടുന്നു. വൈദിക മന്ത്രങ്ങളെ ശ്രവിക്കുന്ന ഭക്തജനങ്ങളിലും മറ്റും മംഗളം ഉണ്ടാകുന്നു.

ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ വാര്‍ത്തയും ചിത്രവും സഹിതം [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കൂ.

Related Posts