ക്ഷേത്രായനം
ഭൂമിസംബന്ധമായ ദോഷങ്ങള്‍ നീങ്ങാന്‍ മണ്ണുപൂജ; അറിയാം അത്യപൂര്‍വ ക്ഷേത്രത്തെക്കുറിച്ച്

കേരളത്തിലെ അതിപുരാതനമായ അത്യപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് തിരുവല്ല ഇരവിപേരൂര്‍ തിരുവമാനപുരം വാമനമൂര്‍ത്തി ക്ഷേത്രം. ഇവിടെ ചതുര്‍ബാഹുവായ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയാണുള്ളത്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര ചരിത്ര രേഖകളില്‍ പരാമര്‍ശിയ്ക്കപ്പെട്ട ഇരുപത്തിയെട്ടര തേവരില്‍ ഒന്നാണ് ഇൗ ക്ഷേത്രം. പലകാരണങ്ങള്‍ കൊണ്ടും അന്യാധീനപ്പെട്ട ക്ഷേത്രം പിന്നീട് അഷ്ടമംഗല ദേവപ്രശ്‌നത്തിലൂടെ കണ്ടെത്തുകയായിരുന്നു.

വള്ളംകുളത്ത് തിരുവാമനപുരത്ത് തെക്കുപടിഞ്ഞാറുചരിഞ്ഞ് ജലസ്പര്‍ശിയായിയുള്ള സ്ഥലം ഖനനം നടത്തി കണ്ടെത്തിയ അടിത്തറയില്‍ അതെ സ്ഥലത്തും സ്ഥാനത്തും അളവിലും ബ്രഹ്‌മശ്രീ കാണിപ്പയ്യൂര്‍ തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം ശ്രീകോവില്‍ നിര്‍മ്മിക്കുകയായിരുന്നു. 2006 ല്‍ ബ്രഹ്‌മശ്രീ കണ്ഠരര് രാജീവര്‍ വാമനമൂര്‍ത്തിയുടെ ചതുര്‍ബാഹുവിഗ്രഹം പ്രതിഷ്ഠിച്ചു.

ക്ഷേത്ര പുനര്‍നിര്‍മ്മാണം പരിപൂര്‍ണ്ണമാവാന്‍ അകത്തെ ബലിവട്ടം, അന്തഹാരം (ചുറ്റമ്പലം), മദ്ധ്യഹാര (വിളക്കുമാടം), പുറത്തെ ബലിവട്ടം (പ്രദിക്ഷണ പഥം), പുറം മതില്‍ എന്നീ പഞ്ചപ്രകാരങ്ങളുടെ പണികള്‍ കൂടി പൂര്‍ത്തിയാവണം. അവയുടെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായി വരികയാണ്.

ഇവിടുത്തെ അനന്തന്റെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമണ്. ക്ഷേത്രത്തില്‍ ഇത്തവണത്തെ കാര്‍ക്കിടവ് വാവു ബലിതര്‍പ്പണം ഒഗസ്ത് 3ന് രാവിലെ 4.30മുതല്‍ തുടങ്ങും. ആചാര്യന്‍ സുരേഷ് ആചാര്യ യുടെ കര്‍മികത്വത്തില്‍ വാവ്ബലി തര്‍പ്പണം നടക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന ദിവസം വ്യാഴവും, നക്ഷത്രം തുരുവോണവും, പുഷ്പം തുളസിയും താമരയും, നിവേദ്യം പാല്‍പ്പായസവും വെണ്ണയും കദളിപ്പഴവുമാണ്. മലയാളമാസം ഒന്ന്, അമാവാസി (പിതൃപൂജ, തിലഹവനം), ഏകാദശി എന്നീ ദിവസങ്ങള്‍ പ്രത്യേക പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

ഗണപതിഹോമം, വിഷ്ണുപൂജ, വാമനമൂര്‍ത്തി ആയതിനാല്‍ ഭൂസംബന്ധമായ ദോഷങ്ങള്‍ നീങ്ങുന്നതിനുള്ള മണ്ണുപൂജ, മുഴുക്കാപ്പ്, അരക്കാപ്പ്, വിഷ്ണുസാഹസ്രനാമാര്‍ച്ചന, സൂക്താര്‍ച്ചനകള്‍, ചുറ്റുവിളക്ക്, ഉദയാസ്തമനപൂജ, പുരാണപാരായണം, നാരായണീയപാരായണം, സഹസ്രനാമജപം എന്നിവ നടന്നുവരുന്നു.

ഉത്സവാഘോഷങ്ങള്‍

ചിങ്ങത്തില്‍ തിരുവോണ മഹോത്സവവും ദശാവതാരച്ചാര്‍ത്ത്, ശ്രീകൃഷ്ണജയന്തി, വിനായകചതുര്‍ത്ഥി, കന്നിയില്‍ നവരാത്രി മഹോത്സവം, തുലാത്തില്‍ ദീപാവലി, വൃശ്ചികത്തില്‍ മണ്ഡല മാസാചാരണം, ധനുവില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, മണ്ഡലമാസ സമാപനം, മകരത്തില്‍ മകരവിളക്ക് മഹോത്സവം, മേടത്തില്‍ പാല്‍പ്പായസ പൊങ്കാല, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുവിളക്ക്, അഖണ്ഡനാമജപം, സപ്തഹായജ്ഞം, മിഥുനത്തില്‍ പ്രതിഷ്ഠാവാര്‍ഷികം, കര്‍ക്കിടകത്തില്‍ രാമായണമാസാചരണം, വാവുബലി, തിലഹവനം, വിഷ്ണുപൂജ കൂടാതെ അവതാരദിനങ്ങള്‍ തുടങ്ങിയവ. ദൈവാധീന വര്‍ദ്ധനവിനും വിവാഹ തടസ്സം നീങ്ങുന്നതിനും വിദ്യാവിജയം, തൊഴില്‍ ലബ്ധി, സന്താനലബ്ധി, രോഗശമനം, പിതൃദോഷ ശാന്തി എന്നിവക്ക് ഈ ക്ഷേത്ര ദര്‍ശനം ഏറെ ഗുണകരമാണ്.

ക്ഷേത്രത്തിലേക്ക് എത്താന്‍:- എംസി റോഡിലെ ആറാട്ട് കടവില്‍ നിന്നും 2 കിലോമീറ്ററും, മനയ്ക്കച്ചിറനിന്നും 3 കിലോമീറ്ററും, വള്ളംകുളം ജംഗ്ഷനില്‍ നിന്നും 3 കിലോമീറ്ററും.

ഫോണ്‍: 9947129965, 8589099910, 9747089892, 9061228098

Related Posts