ക്ഷേത്രായനം
ഭക്തരെ ആപത്തിൽ നിന്ന് രക്ഷിക്കുന്ന ഭഗവാൻ, കുട്ടികളിലെ ബാലാരിഷ്ടതകൾക്ക് പ്രത്യേക വഴിപാട്

കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സ്ഥിതിചെയ്യുന്ന തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം (Sree Krishna Swami Temple, Thodupuzha). ആപത്തിൽ രക്ഷിക്കുന്ന കൃഷ്ണനാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ബക വധത്തിന് ശേഷം വിശപ്പ് സഹിക്കാൻ കഴിയാതെ ഭക്ഷണം ചോദിക്കുന്ന ഭാവത്തിൽ ഉള്ള ബാലഗോപാലൻ ആണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമായ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുട്ടികളിലെ ബാലാരിഷ്ടതകൾ മാറുന്നതിനുള്ള പ്രത്യേക വഴിപാടുകളുമുണ്ട്.

ഐതിഹ്യം

വർഷങ്ങൾക്കുമുമ്പ് അതായത് സഹസ്രാബ്ദങ്ങൾക്കും മുൻപ് ഈ പ്രദേശം പ്രശാന്തവും സുന്ദരവുമായ ഒരു തപോവനമായിരുവെന്ന് പറയപ്പെടുന്നു. അനേകം മുനിമാർ ഇവിടെ തപസ്സ് ചെയ്തിട്ടുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ലക്ഷ്മീ ഗ്രാമം എന്ന് പ്രസിദ്ധമായിരുന്ന ഇന്നത്തെ തളിപ്പറമ്പ് പ്രദേശത്ത് പൂർവ്വാശ്രമമായിട്ടുള്ള ഒരു യോഗിവര്യനിൽ കൂടിയാണ് ഈ സാന്നിദ്ധ്യം ദർശനമായത്. കാർവർണ്ണന്റെ ബാലക്രീഡകൾ ദർശിച്ചും സ്പർശിച്ചും ഭഗവാനെ ഊട്ടിയും ഉറക്കിയും ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ ആ ശങ്കരാചാര്യശിഷ്യന് ഭഗവദ് സാമീപ്യം ഇടയ്ക്ക് നഷ്ടപ്പെട്ടു.

അവധൂതനെപ്പോലെ അനേകദേശങ്ങൾ താണ്ടി ആ യോഗീശ്വരൻ എത്തിച്ചേർന്നത് ഈ പുണ്യഭൂമിയിലാണ്. ശ്രീകൃഷ്ണസാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ദേഹം അത്യുഗ്ര തപശ്ചര്യകളിലൂടെ ഭഗവാനെ ഉപാസിച്ചു. ഭക്താധീനനും കരുണാമയനുമായ ഭഗവാൻ ആ യതീശ്വരന്റെ മുമ്പിൽ ഭക്ഷണം യാചിക്കുന്ന യശോദാനന്ദനസ്വരൂപത്തെ കാണിച്ചുകൊടുത്തു. ആനന്ദസാഗരത്തിലാറാടിയ ആ യതീശ്വരൻ തുടർന്നു സർവ്വലോകങ്ങൾക്കും അന്നദാതാവായ സർവ്വേശ്വരന് നിവേദ്യം വച്ച് ഭക്തിപുരസ്സരം സമർപ്പിച്ച് പ്രീതി വരുത്തി സംതൃപ്തനാക്കി. ഭക്താഭീഷ്ട ഫലപ്രദായിയായ ദേവൻ ജഗദംബയുടെ സവിധത്തിൽ നിത്യസാന്നിദ്ധ്യം ചെയ്തുകൊള്ളാമെന്ന് അരുളുകയും ചെയ്തു. പിതൃതുല്യ പരിലാളനയോടെ ശിഷ്ടകാലം ദേവനെ സേവിച്ചുകൊണ്ട് യോഗീശ്വരൻ തൽസവിധത്തിൽ കഴിച്ചുകൂട്ടി മോക്ഷപ്രാപ്തിയടയുകയും ചെയ്തു. ആ പുണ്യാത്മാവിന്റെ സമാധി സ്ഥാനമാണ് ക്ഷേത്രത്തിന് കുറച്ച് മാറിക്കാണുന്ന നിലപാടുതറ.

യതിപ്രഭാവത്തെക്കുറിച്ച് കാലാന്തരത്തിൽ കേട്ടറിഞ്ഞ നാട്ടരചൻ ക്ഷേത്രനിർമ്മാണം നടത്തിക്കൊടുത്തു എന്നും ഐതിഹ്യത്തിൽ പറയുന്നു. ഒരുകാലത്ത് കുലശേഖര സാമ്രാജ്യത്തിലെ സാമന്ത രാജവംശമായ കീഴ്മലൈനാട് രാജാക്കന്മാർ മുൻകാലത്ത് തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നതായും ആ രാജവംശത്തിന്റെ അധികാരാവകാശങ്ങൾ കാലാന്തരത്തിൽ വടക്കുംകൂർ രാജാധികാരത്തിൽ ലയിക്കുകയും ചെയ്തു. ആധുനിക തിരുവിതാംകൂറിൽ ഈ രാജ്യം പിന്നീട് ചേർക്കപ്പെട്ടു. രാജവംശങ്ങളുടെ ഗതകാല പ്രൗഢിയെ അനുസ്മരിപ്പിക്കുന്ന കോട്ടകളുടെ അവശിഷ്ടങ്ങൾ ഈ ക്ഷേത്രത്തിന്റെ അനതിവിദൂര പ്രദേശങ്ങളിൽ ഇപ്പോഴും കാണുന്നുണ്ട്. യതീശ്വരന്റെ സമാധിക്കുശേഷം നാടുവാഴികൾ രാജസഹായത്തോടുകൂടി ഈ പുണ്യസങ്കേതത്തിൽ ശാസ്ത്രോക്ത്യരീത്യാ ക്ഷേത്രനിർമ്മാണം നടത്തി. പരസ്പരം പോരടിക്കുന്ന ഇടപ്രഭുക്കന്മാരും രാജാക്കന്മാരും കാലാന്തരത്തിൽ ക്ഷേത്ര കാര്യങ്ങളിൽ വേണ്ടതുപോലെ ശ്രദ്ധിക്കാതെയായി, കൂടാതെ ശത്രുക്കളുടെ ആക്രമണങ്ങളും ക്ഷേത്രസങ്കേതത്തിന് പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുവാനിടയാക്കി. പിന്നീട് തിരുവിതാംകൂർ മഹാരാജാക്കന്മാരിൽ നിക്ഷിപ്തമായ ഈ ക്ഷേത്രഭരണാവകാശം അവരിൽ നിന്നും ഇന്നത്തെ ഊരാഴ്മക്കാരായ നെടുംപിള്ളി തരണനെല്ലൂര് ഇല്ലത്തേയ്ക്ക് ലഭിച്ചു.

കാരായ ശാന്തിയാണ് ഈ ക്ഷേത്രത്തിലുള്ളത്. അത് തലമുറകളായി തുടരുന്ന ഒരു വ്യവസ്ഥയുമാണ്. തുരുത്തേൽ മഠം, പടിഞ്ഞാറേ മഠം എന്നിങ്ങനെ രണ്ട് ഇല്ലങ്ങളിലെ മേൽശാന്തിമാരാണ് ക്ഷേത്രത്തിലെ പൂജകളും മറ്റും ചെയ്യുന്നത്. ഓരോ മാസവും ഓരോ ഇല്ലക്കാർ എന്ന നിലയിലാണ് അത് തുടരുന്നത്.

ചോതിയൂട്ട്

യതീശ്വരനായ ബ്രാഹ്മണഭക്തന് ഭഗവാൻ ദിവ്യദർശനമേകിയത് ചോതിനക്ഷത്രദിനത്തിലാണ്. ഈ ദിവസം ദേവന്റെ പിറന്നാളായി ആഘോഷിക്കുന്നു. ചോതിനാളിൽ നടത്തുന്ന ഭഗവാന്റെ പിറന്നാൾ സദ്യയ്ക്ക് ചോതിയൂട്ട് എന്നുപറഞ്ഞുവരുന്നു. നിവേദ്യാദികൾക്കും ഊട്ടിനും മറ്റും ഉണക്കലരി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർബന്ധമുള്ളതുകൊണ്ട് ഇവിടെ ആണ്ടിൽ ഈ ദിവസം മാത്രമാണ് പുഴുക്കലരി വെച്ച് ചതുർവിധവും വിഭവ സമൃദ്ധവുമായ സദ്യ നടത്തുന്നത്.

നട തുറക്കലിനൊപ്പം നൈവേദ്യവും

നൈവേദ്യ സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്മമുഹൂർത്തത്തിൽ പള്ളിയുണർത്തിയ ശേഷം നട തുറന്ന് മേൽശാന്തി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടൊപ്പംതന്നെ നൈവേദ്യവുമായി കീഴ്ശാന്തിയും എത്തിയിരിക്കണം. അൽപ്പം പോലും താമസത്തിന് ഇടവരാതെ ഉഷനിവേദ്യം കഴിച്ചതിനുശേഷം മാത്രമേ നിർമ്മാല്യം മാറ്റി അഭിഷേകവും മലർനിവേദ്യവും നടത്തുകയുള്ളൂ.

കുട്ടികളെ അടിമകിടത്തൽ

അന്നപ്രാശത്തിന് മുമ്പ് കുട്ടികളെ ദേവസന്നിധിയിൽ ദർശനം നടത്തിച്ച് അടിമകിടത്തി തീർത്ഥവും പ്രസാദവും നൽകിയതിന് ശേഷം ചോറൂണ് നടത്തുന്നതും ഇവിടെ കണ്ടുവരുന്നു. അടിമകിടത്തുകയെന്നത് വളരെ ശ്രേഷ്ഠമായാണ് കരുതുന്നത്. ശ്രീകൃഷ്ണഭഗവാൻ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരു ആപത്തും വരാതെ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി രക്ഷിക്കുമെന്നും അനുഭവസമ്പന്നരായ ഭക്തന്മാർ പറയുന്നുണ്ട്.

പ്രധാന വഴിപാടുകൾ

ബാലലീലാ വിനോദതൽപ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ചിലതാണ് പാൽപ്പായസനിവേദ്യവും കദളിപ്പഴവും പഞ്ചസാരയും. നെയ് വിളക്ക് തെളിയിക്കലും പ്രധാനവഴിപാട് തന്നെ. ഇതിലെല്ലാം ഉപരിയായി വിശേഷപ്പെട്ട ഒരു വഴിപാടുണ്ട്. കുട്ടികൾക്കുണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ചുള്ള കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറ്റുന്നതിനുവേണ്ടി’ പുള്ളും പ്രാവും’ സമർപ്പിക്കു ന്നു. പക്ഷിപീഡ നിമിത്തം കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾ ഭഗവാൻ അത്ഭുതകരമായി ശമിപ്പിക്കുന്നു. പുള്ളും പ്രാവും അല്ലെങ്കിൽ പുള്ളും മുട്ടയും ഉണ്ടാക്കി നടയ്ക്കൽ വച്ച് പ്രാർത്ഥിച്ച് പ്രസാദം വാങ്ങി കുട്ടികൾക്ക് കൊടുത്താൽ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകില്ലെന്നാണ് വിശ്വാസം.

ഭഗവാന് ചാർത്തിയ മാല വാങ്ങി ഗൃഹത്തിലെ പൂജാമുറിയിൽ സൂക്ഷിച്ചാൽ അദൃശ്യശക്തികൾ മൂലമുണ്ടാകുന്ന ദുരിതങ്ങൾക്ക് ശമനമുണ്ടാകും. കംസഭൃത്യനായ ബകാസുരൻ പുള്ളിന്റെ രൂപത്തിൽ കൃഷ്ണനും കൂട്ടുകാർക്കും അടുത്തുവരവെ, അവരെ കൊല്ലുന്നതിനായി പിടിച്ചു വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളുപൊള്ളി പെട്ടെന്ന് താഴോട്ട് ഇട്ടുകളയവേ ആ ദുരാത്മാവിന്റെ മേൽ ചുണ്ടിലും കീഴ്ച്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകൻ ഇതിലൂടെ ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്.

തിരുവോണ ഊട്ട്

എല്ലാ മാസത്തിലും തിരുവോണനാളിൽ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് നടത്തിവരുന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനും പ്രസാദ ഊട്ടിനും വിപുലമായ സംവിധാനം ഇവിടെയുണ്ട്. താൽക്കാലികമായ വിശപ്പും ദാഹവും ശമിപ്പിക്കുക മാത്രമല്ല, യജ്ഞശിഷ്ടമായ നിവേദ്യാന്നം ഭുജിക്കുന്നതുകൊണ്ട് ഭക്തരുടെ കഷ്ടപ്പാടുകൾക്ക് കാരണമായ കർമ്മഫലദോഷം ഭഗവദ് അനുഗ്രഹം മൂലം നീങ്ങുക കൂടി ചെയ്യുന്നു.

അഷ്ടമിരോഹിണി

ശ്രീകൃഷ്ണജയന്തിയായ അഷ്ടമിരോഹിണി വിശിഷ്ടമാണ്. പാൽപ്പായസവും അപ്പവുമാണ് ഈ സുദിനത്തിലെ വിശേഷപ്പെട്ട വഴിപാട്. അർദ്ധരാത്രിയിൽ അവതാര പൂജദർശനത്തിന് ഭക്തരെത്തുന്നത് വ്രതശുദ്ധിയോടെയാണ്.

നവരാത്രി കാലവും എഴുത്തിനിരുത്തും

നവരാത്രി കാലത്ത്, ക്ഷേത്രം കൂത്തമ്പലത്തിൽ അലങ്കരിച്ച മണ്ഡപത്തിൽ സരസ്വതീപൂജ നടക്കും. ഭക്തജനങ്ങൾ നിത്യവും പാരായണം ചെയ്യുന്ന രാമായണാദിഗ്രന്ഥങ്ങളും താളിയോല ഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളും പൂജയ്ക്ക് വച്ച് അക്ഷര ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. നവരാത്രി കാലത്ത് ഒൻപത് ദിവസങ്ങളിലും സംഗീതകച്ചേരികൾ, അഷ്ടപദി, നാദസ്വരം തുടങ്ങിയ നാദോപാസനകളും ദേവീമാഹാത്മ്യ പാരായണവും ദേവീസ്തോത്ര ജപവും നടക്കും. ഗ്രന്ഥപൂജ തൊഴലും കുട്ടികളെ എഴുത്തിനിരുത്തും ഈ സമയത്തുണ്ടാകും.

മണ്ഡലോത്സവം

വൃശ്ചികം ഒന്ന് മുതലുള്ള മണ്ഡലകാലത്തിൽ മണ്ഡലോത്സവം വളരെ പ്രധാനമാണ്. ഈ വേളയിൽ നിറമാലയും ദീപാരാധനചുറ്റുവിളക്കും നടത്തുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. വൃശ്ചികം 1 മുതൽ 12 വരെ ഭഗവാന് നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകവുമുണ്ട്. ശ്രീധർമ്മശാസ്താവിനുള്ള നവകാഭിഷേകം വൃശ്ചികം 12 ന് ആണ്.

ഉപദേവതകൾ

ഈ ക്ഷേത്രത്തിലെ ചില പ്രത്യേക അനുഷ്ഠാനങ്ങൾ എടുത്തുപറയേണ്ടതാണ്. നിത്യവും അഞ്ച് പൂജകളും നിത്യശീവേലികളും ദീപാരാധനയും പ്രധാന ദേവനായ ശ്രീകൃഷ്ണനുണ്ട്. കിഴക്കുഭാഗത്ത് വാതിൽമാടം ഭഗവതി സാന്നിദ്ധ്യവും തിരുമുറ്റത്ത് കന്നിമൂലയിൽ മഹാഗണപതിയുമുണ്ട്. തേവാരമൂർത്തിയായ ശിവൻ, ദുർഗ്ഗാ, സാളഗ്രാമം തുടങ്ങിയ സാന്നിദ്ധ്യങ്ങളെയും പ്രത്യേകമായി ആചരിച്ചുവരുന്നു. പ്രദക്ഷിണവഴിക്ക് പുറത്ത് കന്നിമൂലയിൽ ശ്രീശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മതിലിന് പുറത്ത് തെക്കുഭാഗത്ത് സർപ്പങ്ങളെയും കുടിയിരുത്തിയിരിക്കുന്നു.

ക്ഷേത്രത്തിലേക്കെത്താൻ

 

Summary: Thodupuzha Sree Krishna Swami Temple is situated at the heart of Thodupuzha town in the Idukki district. It is located on the banks of Thodupuzhayar. Lord Krishna presides there in the form of Navaneetha Krishna who holds butter in his right pam.

kerala temples
krishna temple
sri krishna temple
temples in idukki
temples in kerala
Related Posts