ക്ഷേത്രായനം
കാര്യസാധ്യത്തിന് കാവടി നേർച്ചയുള്ള മഹാവിഷ്ണുക്ഷേത്രം; തൃപ്പുലിയൂർ ക്ഷേത്രത്തെ കുറിച്ചറിയാം

കരിമാണിക്കത്തുമല എന്നറിയപ്പെടുന്ന കുന്നിൻമുകളിലാണ് തൃപ്പുലിയൂർ മഹാ
വിഷ്‌ണുക്ഷേത്രം കുടികൊള്ളുന്നത്. പാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ പ്രതിഷ്ഠിച്ച തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രം, പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ‘ഭീമസേനതിരുപ്പതി’ എന്ന പേരിലും അറിയപ്പെടുന്നു. നരസിംഹകലയോടുകൂടിയ മഹാവിഷ്‌ണുവാണ് പ്രധാന പ്രതിഷ്‌ഠ. കിഴക്കോട്ട് ദർശനമായി, ചതുർബാഹുഭാവത്തിൽ അഞ്ചടി ഉയരത്തിലുള്ളതാണ് തൃപ്പുലിയൂരപ്പന്റെ വിഗ്രഹം.

ക്ഷേത്ര നിർമ്മിതി

പ്രാക്തനതച്ചുശാസ്ത്രത്തിന്റെ മനോഹാരിതയും പ്രൗഢിയും വിളംബരം ചെയ്യുന്ന വിധത്തിൽ രമണീയമായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വിളക്കുമാടം സ്ഥാപിച്ചിരിക്കുന്നത് കല്ലുകൊണ്ടാണ്. നമസ്കാരമണ്‌ഡപത്തിന്റെ തെക്കുവശത്ത് യക്ഷിയുടെ കണ്ണാടി പ്രതിഷ്‌ഠയാണുള്ളത്. ക്ഷേത്രത്തിലെ ഉപദേവതകളിൽ പ്രധാനവും ഇതാണ്. പടികൾ കയറിവേണം ക്ഷേത്രത്തിൽ എത്താൻ. വലിയ ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി, ദാരുശിൽപങ്ങളുള്ള നമസ്കാരമണ്ഡപം, ചുവർചിത്രകലയോടെയുള്ള അകഭിത്തികൾ എല്ലാം തന്നെ തൃപ്പുലിയൂർ ക്ഷേത്രത്തിന്റെ പൗരാണികകാലത്തിന്റെ ഐശ്വര്യവും പ്രതാപവും പ്രകടമാക്കുന്നതാണ്.അറുപത്തിനാല് കഴുക്കോലുകളുമായി വൃത്താകൃതിയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലനകത്ത്, ഇരട്ട ഇടനാഴികകളാണുള്ളത്. നമസ്കാരമണ്ഡപത്തിന്റെ മുകൾതട്ട് അലങ്കാര കൊത്തുവേലകളാൽ സമൃദ്ധമാണ്.

ഭീമന്റെ ഗദയുടെ പ്രതിഷ്‌ഠയും ക്ഷേത്രത്തിനു മുൻപായി രൂപം കൊള്ളുന്നു. ‘മയദത്തം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഊട്ടുപുരയും, ക്ഷേത്രക്കുളവും, പടിഞ്ഞാറെ നടയിലെ ആൽമരവും പ്രത്യേകതകളാണ്.

ഉപദേവതകൾ

ക്ഷേത്രത്തിന്റെ ചുമരിൽ കൊത്തിവച്ചിരിക്കുന്ന രൂപത്തിലാണ് ഗണപതിവിഗ്രഹം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നാല് ഉപദേവന്മാരായി ശിവൻ, ശാസ്താവ്, യക്ഷി, ഗണപതി എന്നിവരും ശാസ്താംനടയുടെ പടിഞ്ഞാറു ഭാഗത്തായി നാഗത്താന്മാരേയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി ഏകദേശം അഞ്ചടിയോളം ഉയരമുള്ള മൂന്ന് കരിങ്കൽത്തൂണുകൾ നിലവിലുണ്ട്. ഭീമൻ ഭക്ഷണം പാകം ചെയ്‌ത അടുപ്പുകളുടെ ശേഷിപ്പുകളിലൊന്നാണിത് എന്നും ചരിത്രപണ്‌ഡിതർ ചൂണ്ടിക്കാട്ടുന്നു.

കാവടിയാടുന്ന വൈഷ്ണവസന്നിധി

സാധാരണഗതിയിൽ സുബ്രഹ്മണ്യക്ഷേത്രങ്ങളിലാണ് കാവടി ഉത്സവമാഘോഷിക്കാറുള്ളതെങ്കിലും പരമപ്രധാനമായി കാവടി ഉത്സവമരങ്ങേറുന്ന വിഷ്ണു സന്നിധാനമാണ് തൃപ്പുലിയൂരിലേത്. എല്ലാ മകരസംക്രമദിനത്തിലും ഇവിടെ കാവടിയുത്സവം വലിയ ആഘോഷമായി നടന്നുവരികയാണ്. ആദ്യമിത് കാര്യസാദ്ധ്യത്തിനുള്ള നേർച്ചയായി ആരംഭിച്ചതാണെങ്കിലും പിൽകാലത്ത് കാവടി നേർച്ച ഈ നാടിന്റെ ആദ്ധ്യാത്മിക ഉത്സവമായി ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 53 വർഷമായി എല്ലാ മകരസംക്രമത്തിലും ഭക്തിപ്രഹർഷത്താൽ ഭക്തർ ഇവിടെ കാവടിയാടുകയാണ്.

മകരമാസത്തിലാണ് പത്തുദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി, തിരുവോണനാളിൽ പമ്പാനദിയിലെ ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുന്നത്.

പ്രധാന വഴിപാട്

ഭക്ഷണപ്രിയനായ ഭീമസേനൻ പ്രതിഷ്ഠിച്ചതിനാലാവണം നിവേദ്യസമർപ്പണത്തിന് ക്ഷേത്രത്തിൽ പരമപ്രധാനസ്ഥാനമാണുള്ളത്. ചതുശ്ശതമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. 101 നാഴി അരി, 101 നാളികേരം, 101 കദളിപ്പഴം, 101 പലം ശർക്കര എന്നിവ ചേർത്താണ് ചതുശ്ശതമൊരുക്കുക. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ മൂന്നു പൂജകളാണ് ക്ഷേത്രത്തിലുള്ളത്. വൈകുന്നേരത്തെ നിവേദ്യം കഴിഞ്ഞാൽ ഭഗവാൻ തിരുവാറൻമുളയ്‌ക്ക് എഴുന്നള്ളുന്നു എന്നും വിശ്വാസമുണ്ട്.

ഉത്സവം

മകരത്തിലെ തിരുവോണം നാളിൽ ആറാട്ടുവരുന്ന വിധമാണ് പുലിയൂരിലെ ഉത്സവം. ക്ഷേത്രത്തിൽ ‘കഥകളി’ അരങ്ങേറുമ്പോൾ ദുര്യോധനവധം കഥകളി ആടുകയില്ല എന്ന ഒരു കൗതുകം കൂടിയുണ്ട്. ഭീമസേനവേഷമാടുന്ന നടൻ ഭീമഭാവം പൂണ്ട്, കലിയാൽ, യഥാർഥവധം തന്നെ നടത്തിയേക്കുമെന്ന ഭയം പഴയ തലമുറയിലെ ഒരു വിശ്വാസം കൂടിയായി ആചരിക്കുന്നു.

കന്നിമാസത്തിലെ തിരുവോണം നാൾ കൊടിയേറി തുലാമാസത്തിലെ തിരുവോണം നാളിൽ ആറാട്ടോടെ ഉത്സവമായിരുന്നു പണ്ടു കാലത്ത് നടന്നിരുന്നത്. ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവമായിരുന്നു അത്. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ പറയെടുപ്പും നടത്തുന്നു. ഉത്സവത്തിന് സംഗീതാർച്ചനയോടെ നാഗസ്വരസേവയും ഉത്സവകാലത്തിന് മാറ്റുകൂട്ടുന്നു.

മകരം ഒന്നിന് ക്ഷേത്രത്തിൽ കാവടിയാട്ടം നടക്കുന്നു. മകരസംക്രമദിനത്തിൽ, ഭഗവാന്റെ പിറന്നാൾ ദിനത്തിൽ, ദേശവാസികളെല്ലാം കാവടിയാട്ടം ആഘോഷിക്കുന്നു. മൂന്നു കിലോമീറ്റർ ദൂരമുള്ള പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന കാവടിയാട്ടം തൃപ്പുലിയൂർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. പേരിശ്ശേരി ഇടമനമഠം വക പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ സ്വയംഭൂവായ വനദുർഗയാണ്. നാൽപത്തിയൊന്നു ദിവസത്തെ വ്രതം എടുത്തിട്ടാണ് ഭക്തർ കാവടിയാടുന്നത്. ക്ഷേത്രത്തിൽ മുരുകവിഗ്രഹമില്ലെങ്കിൽക്കൂടിയും, ഭീമസേനതിരുപ്പതിക്ക് കാവടിയാട്ടം ഇഷ്‌ട ആഘോഷമായതിനാൽ അതിന്നും നടന്നു വരുന്നു.

വർഷത്തിൽ ഒരു ദിവസം മാത്രമേ പടിഞ്ഞാറേ നട തുറക്കുകയുള്ളൂ. (മകരം 28–ാം തീയതിയിൽ മാത്രം). ഇരുപത്തിയെട്ട് ഉച്ചാരം ആചാരപ്രകാരം ഇന്നും നടന്നുവരുന്ന സമ്പ്രദായമാണിത്. കുറവസമുദായത്തിൽ പെട്ടവരാണ് ഈ ദിവസം ഈ നടയിൽ വന്ന് ഭഗവാന് അരിയും മറ്റും കാണിക്കയും അർപ്പിക്കുന്നത്. പുലിയൂർ ദേശത്ത് ഈ സമുദായക്കാർ അന്തി ഉറങ്ങാറില്ല എന്നും ഒരു വിശ്വാസം ഉണ്ട്. മഹാഭാരതം തമിഴ് പതിപ്പിൽ പാണ്ഡവരുടെ വനവാസക്കാലത്ത് മന്ത്രവാദം, നിഴൽകൂത്ത് തുടങ്ങിയവയാൽ പാണ്ഡവരെ ബുദ്ധിമുട്ടിച്ച കുറവ വംശജരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനുള്ള പ്രായ്‌ശ്ചിത്തമായി വർഷംതോറും ഒരു ദിവസം പടിഞ്ഞാറേനടയിൽ വന്ന് ഭഗവാനെ കാണാനുള്ള ആചാരമായി ഇതു മാറി. കൊല്ലത്ത് മലനടക്ഷേത്രത്തിൽ പുലിയൂർ ദേശക്കാർക്ക് ദർശനം ഇല്ല. കാരണം, ദുര്യോധനനാണ് മലനടയിലെ പ്രതിഷ്‌ഠ. ആ ക്ഷേത്രത്തിലെ പൂജകൾ നടത്തുന്നത് കുറവസമുദായത്തിൽപെട്ടവരുമാണ്. പൗരാണിക ചരിത്രകാരനായ പി. ഉണ്ണിക്കൃഷ്‌ണൻ നായർ ‘തിരുപ്പുലിയൂർ’എന്ന അപൂർവഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട്. ഇത് ക്ഷേത്രത്തിന്റെ പൗരാണിക പ്രതാപകാലത്തെ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു.

ക്ഷേത്രത്തിലേക്കെത്താൻ

ചെങ്ങന്നൂരിൽനിന്നു മാവേലിക്കര പാതയിൽ (മാവേലിക്കര-ശബരിമല റോഡ് എന്ന് പഴയ നാമം) 4.5 കിലോമീറ്റർ കഴിയുമ്പോൾ തൃപ്പുലിയൂർ മഹാവിഷ്‌ണുക്ഷേത്രമായി. ക്ഷേത്രത്തിന്റെ മുൻവശത്തെ കിഴക്കേനട ജംഗ്ഷനിൽത്തന്നെ ആൽമരം സ്ഥിതിചെയ്യുന്നു. കിഴക്കേനടയിൽ പാത രണ്ടായി പിരിയുന്നു. ഒന്ന് തോനയ്‌ക്കാട്-മാവേലിക്കര-മണ്ണാറശ്ശാല പാതയും രണ്ട് ചാരുംമൂട്-കൊല്ലകടവ്-കായംകുളംപാതയുമാണ്.

 

Summary: The Thripuliyoor Mahavishnu Temple is a Hindu temple dedicated to Lord Vishnu and located in Puliyoor, Alappuzha District. Believed to have been built by Bheema, one of the Pancha Pandavas, this temple is one of the five ancient temples in Chengannur.

kerala temples
Vishnu temple
Related Posts