
വൈശാഖദര്‍ശനം; ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അതിവിശേഷം
വൈശാഖമാഹാത്മ്യത്തെക്കുറിച്ചു സ്‌കന്ദപുരാണത്തില്‍ ഏറെ പറയുന്നു. സര്‍വവിദ്യകളില്‍ ശ്രേഷ്ഠമായത് വേദവും സര്‍വ മന്ത്രങ്ങളില്‍ ശ്രേഷ്ഠമായത് പ്രണവവും സര്‍വവൃക്ഷങ്ങളില്‍ ശ്രേഷ്ഠമായത് കല്‍പവൃക്ഷവും സര്‍വ പക്ഷികളില്‍ ശ്രേഷ്ഠനായത് ഗരുഡനും സര്‍വ നദികളില്‍ ശ്രേഷ്ഠമായത് ഗംഗയും സര്‍വരത്‌നങ്ങളില്‍ ശ്രേഷ്ഠമായത് കൗസ്തുഭവും സര്‍വ മാസങ്ങളില്‍ ശ്രേഷ്ഠമായത് വൈശാഖ മാസവുമാണ്. ദാനധര്‍മങ്ങളുടെ പുണ്യമെന്നും വൈശാഖം അറിയപ്പെടുന്നു. വിഷ്ണു ആരാധനയ്ക്കാണ് വൈശാഖ മാസത്തില്‍ കൂടുതല്‍ പ്രാധാന്യം
കല്‍പിച്ചിരിക്കുന്നത്. ഏതു ശുഭകാര്യങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ പറ്റുന്ന മാസമാണ് വൈശാഖം. വൈശാഖമാസത്തില്‍ മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യം ഭൂമിയിലുണ്ടാകുമെന്നാണ് സങ്കല്‍പം.നന്മയുടെയും അഭിവൃദ്ധിയുടെയും മാസമാണ് വൈശാഖമാസം. മാധവനു പ്രിയപ്പെട്ട മാസമായതിനാല്‍ മാധവമാസം എന്നും അറിയപ്പെടുന്നു. വൈശാഖ മാസത്തിന് ഈ വരുന്ന തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. അഞ്ചമ്പല ദര്‍ശനത്തിനും ഇതോടെ തുടക്കമാകും.
പഞ്ചപാണ്ഡവരില്‍ നകുലന്‍ പ്രതിഷ്ഠിച്ച ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പോലെ തന്നെ, പഞ്ചപാണ്ഡവരില്‍ മറ്റു നാല് പേര്‍ പ്രതിഷ്ഠിച്ച നാല് ക്ഷേത്രങ്ങള്‍ കൂടി തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തൊടുപുഴ. യുധിഷ്ഠിരന്‍ പ്രതിഷ്ഠിച്ച തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, ഭീമസേനന്‍ പ്രതിഷ്ഠിച്ച കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, അര്‍ജുനന്‍ പ്രതിഷ്ഠിച്ച മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, സഹദേവന്‍ പ്രതിഷ്ഠിച്ച പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും വൈശാഖ മാസത്തില്‍ ദര്‍ശിക്കുന്നത് അതിവിശേഷമാണ്.
ഏപ്രില്‍ 28 മുതല്‍ മെയ് 27 വരെയാണ് ഈ വര്‍ഷത്തെ വൈശാഖ മാസം.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പതിവുപോലെ വൈശാഖ മാസത്തില്‍ ദശാവതാര ദര്‍ശനവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നടക്കുകയാണ്. മെയ് ഒന്നു മുതല്‍ 11 വരെയാണ് ദശാവതാര ദര്‍ശനം. ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 4 മുതല്‍ 11 വരെയും. ഭാഗവതശിഖാമണി ബ്രഹ്‌മശ്രീ തത്തനപ്പിള്ളി കൃഷ്ണയ്യരാണ് ഈ വര്‍ഷത്തെ യജ്ഞാചാര്യന്‍.
വൈശാഖ മാസം ആരംഭിക്കുന്ന തിങ്കളാഴ്ച ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതും ഒരുകുടം എള്ളെണ്ണ സമര്‍പ്പിക്കുന്നതും ഐശ്വര്യദായകമാണ്. സമര്‍പ്പിച്ച എള്ളണ്ണയില്‍ നിന്ന് ഭഗവാന്‍ അഭിഷേകം ചെയ്ത പ്രസാദം ഭക്തജനങ്ങള്‍ക്ക് തപാലില്‍ ലഭ്യമാക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വൈശാഖ മാസത്തില്‍ അന്നദാനത്തിന് വലിയ പ്രാധാന്യമുണ്ട്. സപ്താഹയജ്ഞം നടക്കുന്ന ദിനങ്ങളില്‍ ഒരാള്‍ക്ക് 100 രൂപ എന്ന നിരക്കില്‍ അന്നദാനം നടത്തുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. രോഗശമനത്തിന് അവരവരുടെ പേരിലും നാളിലും ഭഗവാന് ചന്ദനം ചാര്‍ത്തും, എണ്ണ അഭിഷേകവും 21 ദിവസം സ്വസ്തി സൂക്ത അര്‍ച്ചനയും വൈശാഖ മാസത്തില്‍ നടത്തുന്നത് രോഗശമനത്തിന് വളരെ വിശേഷമാണെന്നാണ് വിശ്വാസം. അഭിഷേകം ചെയ്ത എണ്ണയും ചാര്‍ത്തിയ ചന്ദനവും ഭക്തജനങ്ങള്‍ക്ക് തപാലില്‍ അയച്ചു നല്‍കും. വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിന് 94 95 96 01 02 എന്ന നമ്പറില്‍ വാട്ട്‌സപ്പു് മെസ്സേജ് ചെയ്യാവുന്നതാണ്.