ഏത്രകടുത്ത ശത്രുദോഷവും വിവാഹതടസവും മാറും; കൂനമ്പായിക്കുളത്തമ്മയുടെ തിരുനടയിലെത്തി പ്രാര്‍ഥിച്ചാല്‍
അഭീഷ്ടവരദായിനിയായി കാളിഭഗവതി കുടികൊള്ളുന്നിടമാണ് ശ്രീ വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രം. ഇവിടയെത്തി പ്രാര്‍ഥിച്ചാല്‍ ദേവി കൈവിടില്ലെന്നുള്ളത് ലക്ഷക്കണക്കിന് ഭക്തരുടെ അനുഭവസാക്ഷ്യമാണ്. അസാധ്യമെന്ന് കരുതുന്ന ആഗ്രഹംപോലും കൂനമ്പായിക്കുളത്തമ്മയോടു മനംനൊന്ത് പ്രാര്‍ഥിച്ച് കാര്യസിദ്ധിപൂജ ചെയ്താല്‍ നടക്കുമെന്നാണ് വിശ്വാസം. ആ വിശ്വാസത്തിന്റെ സത്യമാണ് നാടിന്റെ നാനാഭാഗത്ത് നിന്ന് ഇവിടെയെത്തുന്ന ഭക്തര്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുവരെ ഇവിടെ നിരവധി ഭക്തരാണ് എത്തുന്നത്. കൂനമ്പായിക്കുളത്തമ്മയുടെ ശക്തിവിശേഷം കേട്ടറിഞ്ഞ് ഇവിടെയെത്തി, ആ ശക്തി വിശേഷം തിരിച്ചറിഞ്ഞാണ് ഓരോ ഭക്തനും ഇവിടെനിന്ന് പോകുന്നതെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. കേട്ടറിഞ്ഞ അമ്മയുടെ ശക്തിവിശേഷം അനുഭവിച്ചറിയുന്നിടമാണിവിടെ.
കൊല്ലം – തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിമുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 65 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. ഇവിടെ ഏറ്റവും പ്രധാനം കാര്യസിദ്ധിപൂജയാണ്. ചൊവ്വാഴ്ചദിവസങ്ങളില്‍ നടക്കുന്ന ഈ പൂജയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. എന്ത് കാര്യമാണെങ്കിലും ഇവിടെ കാര്യസിദ്ധി പൂജനടത്തിയാല്‍ നടക്കുമെന്നതിന്റെ തെളിവാണ് ഓരോ തവണയും കൂടിവരുന്ന ഭക്തജനത്തിരക്ക്.
തച്ചുശാസ്ത്ര വിധി പ്രകാരം കൃഷ്ണശിലയില്‍ പണിതീര്‍ത്തതും മേല്‍ക്കൂരയില്ലാത്തതുമായ ശ്രീകോവില്‍ 2000 ല്‍ പഞ്ചലോഹനിര്‍മ്മിതമായ പ്രതിഷ്ഠ നടത്തി പുനഃനിര്‍മ്മിക്കപ്പെട്ടു. ഇവിടെ ദേവിയോടൊപ്പം മഹാഗണപതിയും ബ്രഹ്‌മരക്ഷസ്സും യോഗീശ്വരനും കണ്ഠാകര്‍ണ്ണനും വീരഭദ്രനും പിന്നെ യക്ഷിയമ്മയും കുടികൊള്ളുന്നു. നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങളെ മാറ്റിയും മംഗല്യതടസ്സങ്ങള്‍ നീക്കിയും വാണരുളുന്നു.
ക്ഷേത്രത്തിലെ ഫോൺ നമ്പർ: 09747125299, 09847238659
വടക്കു പുറത്തു ഗുരുതി പൂജ
എല്ലാ വെള്ളിയാഴ്ചയും വലിയ ഭക്തജന സാന്നിധ്യത്തോടുകൂടി നടക്കുന്ന പൂജയാണ് വടക്കു പുറത്തു ഗുരുതി പൂജ. ഗൃഹദോഷം, ശത്രുദോഷം എന്നിവ അകലാനായാണ് ഈ പൂജ പ്രധാനമായും നടത്തുന്നത്. ഉച്ചയ്ക്ക് 11 മണിയോടൂകൂടി ഈ ക്ഷേത്രത്തില്‍നിന്നും ദേവിയുടെ പള്ളിവാള്‍ ക്ഷേത്രത്തിന്റെ പുറത്ത് വടക്കുഭാഗത്തുള്ള പ്രത്യേക ഗുരുതിക്കളത്തില്‍ വച്ച് നടത്തുന്ന അതിവിശേഷമായ പൂജാകര്‍മ്മമാണ് വടക്കുപുറത്തു ഗുരുതി.
കാര്യസിദ്ധിപൂജ
2000 ഏപ്രില്‍ 16 ന് പ്രതിഷ്ഠാകര്‍മ്മം നടത്തി, ദേവീഹിതം അറിഞ്ഞുള്ള പൂജാക്രമങ്ങല്‍ നിലവില്‍ വന്നു. അതില്‍ ഏറ്റവും പ്രധാനം കാര്യസിദ്ധി പൂജയാണ്. എല്ലാ ചൊവ്വാഴ്ചകളിലും പല ദേശത്തുനിന്നും ഭക്തര്‍ എത്തി 21 ആഴ്ചകളില്‍ മുടങ്ങാതെ നടത്തുന്ന പൂജയാണിത്. തുടര്‍ച്ചയായി 21ആഴ്ച മുടങ്ങാതെ വ്രതശുദ്ധിയോടെ പൂജ നടത്തിയാല്‍ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. രാവിലെ 10 മണിക്ക് ക്ഷേത്ര തിരുമുറ്റത്തെത്തുന്ന ഭക്തര്‍, യാതൊരുവിധ ഭേദചിന്തകളും കൂടാതെ ഒന്നിച്ചിരുന്ന് ലളിതാസഹസ്രനാമം ചൊല്ലിക്കൊണ്ടാണ് തുടക്കം. 11 മണിയാകുമ്പോള്‍ ദേവിക്ക് അഭിഷേകമാണ്. അതു കണ്ട് തൊഴുത് ഒരു രൂപ നാണയത്തുട്ട് പ്രസാദമായി സ്വീകരിച്ച് ഭക്ഷണവും കഴിച്ചുമടങ്ങുന്ന ഭക്തര്‍ 21 ആഴ്ച തുടര്‍ച്ചയായി പൂജ ചെയ്യണമെന്നാണ് പറയുന്നത്. എങ്കിലും 9 പൂജവരെ മുടക്കമില്ലാതെ നടത്തിയാല്‍, ഇടയ്ക്ക് ഒന്നോ രണ്ടോ മുടങ്ങിയാലും കുഴപ്പമില്ല, 21 തികയ്ക്കണമെന്നേയുള്ളൂ. എന്നാല്‍ ഒന്‍പത് പൂജയ്ക്കു മുന്‍പ് മുടങ്ങിയാല്‍ പിന്നെ ഒന്ന് എന്ന് തുടങ്ങണം. മലയാള മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച നാളിലെ കഷായ കലശാഭിഷേകവും ഏറെ പ്രധാനമാണ്. ഈ കഷായം രോഗനിവാരണത്തിന് വളരെ നല്ലതാണെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി
ആയിരത്തിലധികം വര്‍ഷത്തെ പഴക്കം പറയപ്പെടുന്ന വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ ഭഗവതി, കൊടുങ്ങല്ലൂര്‍ ഭഗവതി തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയെപ്പോലെ കുനമ്പായിക്കുളത്തമ്മയും വടക്കോട്ട് ദര്‍ശനമായിട്ടാണ് കുടികൊള്ളുന്നത്. വടക്കോട്ട് ദര്‍ശനമായാല്‍ ചൈതന്യം കൂടുമെന്നാണ് വിശ്വാസം. പണ്ട് രാജസേവകനും ഭക്തനുമായ ഒരു കാരണവര്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍പോയി ഭജനമിരുന്നെന്നും ദേവിയെ പ്രത്യക്ഷപ്പെടുത്തി, അനന്തരം ദേവിയെ ആനയിച്ചു കൊണ്ടുവന്ന് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടില്‍ കെട്ടി കുടിയിരുത്തി ആരാധിച്ചുപോന്നുവെന്നുമാണ് വിശ്വാസം.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആണ്ടുകാലങ്ങളില്‍ തോറ്റം പാട്ടും വട്ടിപ്പടുക്കയും നല്‍കിയും കുരുതിപൂജ നടത്തിയും തൃപ്തിപ്പെടുത്തിയിരുന്നതായും വിശ്വസിച്ചുപോരുന്നു. അതിലൊക്കെ സംപ്രീതയായ ദേവിയില്‍നിന്നും അത്ഭുതകരമായ അനുഭവങ്ങളാണ് നാട്ടുകാര്‍ക്കുണ്ടായത്. അതേത്തുടര്‍ന്ന് രാജകൊട്ടാരത്തില്‍നിന്നും വളരെയധികം ഭൂമി ദാനമായി നല്‍കുകയും, ദേവിയെ മേലമ്പലവും ബിംബവുമില്ലാതെ തറകെട്ടി സങ്കല്‍പ്പിച്ചു ആരാധിച്ചുവരികയായിരുന്നു. അതിനൊരു മാറ്റം വന്നത് രണ്ടായിരമാണ്ട് ഏപ്രില്‍ മാസത്തിലാണ്.
പുന്തലത്താഴം, മണക്കാട്, അയത്തില്‍, മുള്ളുവിള തുടങ്ങിയുള്ള നാലുകരകളിലെ പൊതുജനങ്ങള്‍ ചേര്‍ന്ന് കൂനമ്പായിക്കുളത്തമ്മയുടെ നാമധേയത്തില്‍ ഒരു ട്രസ്റ്റുണ്ടാക്കി, ക്ഷേത്രം പണിത് ദേവിയെ പ്രതിഷ്ഠിക്കുവാന്‍ തീരുമാനിച്ചു. അതിന്റടിസ്ഥാനത്തില്‍ 5 അടി നീളവും 5 അടി വീതിയുമുള്ള ശ്രീകോവില്‍ പണിത് ദേവിയെ യഥാവിധി കുടിയിരുത്തി. ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹം വാരിച്ചൊരിയുന്ന അമ്മയുടെ കൃപാകടാക്ഷം അനുഭവിച്ചറിഞ്ഞവരുടെ എണ്ണം ജില്ലയ്ക്കും സംസ്ഥാനത്തിനുമൊക്കെ പുറത്തേക്ക് വ്യാപിച്ചു. അതോടെ വലിയ കൂനമ്പായിക്കുളത്തമ്മയുടെ തിരുനടയില്‍ ദുഃഖവിമോചനത്തിനായി പ്രാര്‍ത്ഥനാനിര്‍ഭരരായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വന്നു.
ക്ഷേത്രത്തിലെ ഫോൺ നമ്പർ: 09747125299, 09847238659
പൂജ സമയങ്ങള്‍
രാവിലെ 5 ന് : നടതുറപ്പ്
5:10 ന് : നിര്‍മ്മാല്യദര്‍ശനം
6:00 ന് : ഗണപതിഹോമം
10:30 ന് : ഉഷപൂജ
11:00 ന് : നട അടപ്പ്
വൈകിട്ട് 5 ന് : നടതുറപ്പ്
6:20 ന് : ദീപാരാധന
7:30 ന് : അത്താഴപൂജ
രാത്രി 8:00 ന് : നട അടപ്പ്
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് നട അടയ്ക്കുന്ന സമയത്തിന് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
ഉപദേവതകള്‍/ ഉത്സവം
ഘണ്ഠാകര്‍ണ്ണന്‍, ബ്രഹ്‌മരക്ഷസ്സ്, യക്ഷിയമ്മ, മാടസ്വാമി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളാണുള്ളത്. കുംഭഭരണിക്ക് പത്തുനാള്‍ മുന്‍പേ കൊടിയേറിയുള്ള ഉത്സവം ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തതകൊണ്ട് ഏറെ സവിശേഷമാണ്. അതില്‍ മുഖ്യം ആദ്യ വെള്ളിയാഴ്ചയിലെ ചന്ദ്രപൊങ്കലാണ്.
പ്രധാന നിവേദ്യങ്ങള്‍
സാരസ്വതഘൃതം
പൂയം നക്ഷത്രദിനം ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ കുളിച്ചു ശുദ്ധമായി ധന്വന്തരിമൂര്‍ത്തിയെ നമസ്‌കരിച്ച ശേഷം ശേഖരിക്കുന്ന ദിവ്യഔഷധങ്ങലായ ബ്രഹ്‌മി, മുക്കുറ്റി, തിരുതാളി, പൂവാംകുറുന്നല്‍ തുടങ്ങി മറ്റനേകം പച്ചമരുന്നുകളും, രോഗമില്ലാത്തതും തള്ളയുടെ നിറത്തോടുകൂടിയ കുട്ടിയുള്ള പശുവിന്റെ നറുംപാലും, നെയ്യും, സ്വര്‍ണ്ണവും ചേര്‍ത്ത് വ്രതശുദ്ധിയോടുകൂടി അതിവിശിഷ്ടമായി തയ്യാര്‍ചെയ്യുന്ന സാരസ്വതഘൃതം പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. വിശേഷിച്ചും വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് ഓര്‍മ്മശക്തി, ബുദ്ധിശക്തി, ഓജസ്, തേജസ് ഇവ വര്‍ദ്ധിപ്പിക്കാനും രക്ഷോബാധ, വിഷബാധ എന്നിവ നീങ്ങാനും വളരെ ഫലപ്രധമാണെന്നാണ് വിശ്വാസം.
വട്ടി പടുക്ക
പൂര്‍വ്വാചാര പ്രകാരമുള്ള വഴിപാടാണ് വട്ടി പടുക്ക. സ്വഭവനങ്ങളില്‍ നിന്നും സ്ത്രീകള്‍ വ്രതശുദ്ധിയോട് കൂടി തയ്യാറാക്കി കൊണ്ടു വരുന്ന പടുക്ക അമ്മയ്ക്ക് നേരിട്ട് നിവേദ്യമായി നല്‍കുന്ന വളരെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് കൂനമ്പായിക്കുളം ക്ഷേത്രം. അട, ഗണപതിയൊരുക്ക്, എണ്ണ, ചന്ദനത്തിരി, കരിക്ക്, കര്‍പ്പൂരം മറ്റ് ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയതാണ് പടുക്ക. പുതിയ വട്ടിയിലാണ് പടുക്ക ദേവിയ്ക്ക് സമര്‍പ്പിക്കേണ്ടത്. യാതൊരു കാരണവശാലും കടകളില്‍ നിന്നും വാങ്ങിയും പ്ലാസ്റ്റിക് പാത്രങ്ങളിലോ വട്ടി പടുക്ക സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.
നിറപറ സമര്‍പ്പണം
ആദിപരാകശക്തിയായ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ദേവി വടക്കോട്ട് ദര്‍ശനമരുളി ശാന്ത സ്വരൂപിണിയും അനുഗ്രഹ വര്‍ഷിണിയും ആയി അമരുന്ന കൂനമ്പായിക്കുളത്തമ്മയുടെ സ്വര്‍ണ്ണകൊടിമര ചുവട്ടില്‍ കുംഭഭരണി ഉത്സവനാളുകളില്‍ പത്തുദിവസവും പറ സമര്‍പ്പിക്കുന്നത് ഏറെ ഫലസിദ്ധി നല്‍കുന്നു. ഭക്തജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ തിരുമുന്‍പില്‍ പറ സമര്‍പ്പണത്തിന് നെല്‍പ്പറ (സര്‍വ്വ ഐശ്വര്യം, യശസ്സ്), അവല്‍പ്പറ (ദാരിദ്ര്യ ശമനം), ചെറുപയര്‍പറ (സന്താന സൗഭാഗ്യം), നാണയപ്പറ (ധന സമൃദ്ധി), മഞ്ഞള്‍പ്പറ (മംഗല്യ സൗഭാഗ്യം, ദീര്‍ഘ സുമംഗലി സൗഭാഗ്യം) എന്നിവ നിറപറയായി സമര്‍പ്പിക്കാവുന്നതാണ്.
ചന്ദ്രപ്പൊങ്കല്‍
കുംഭ ഭരണി മഹോത്സവത്തിനു കൊടിയേറിയ ശേഷം ആദ്യ വെള്ളിയാഴ്ച ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ പുതുമണ്‍ കലങ്ങളില്‍ കൂനമ്പായിക്കുളത്തമ്മയ്ക്ക് ചന്ദ്രപ്പൊങ്കല്‍ നിവേദ്യം അര്‍പ്പിക്കുന്ന സന്ധ്യാവേളയില്‍ നടക്കുന്ന ആചാരങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ആചാരമെന്ന നിലയില്‍ പ്രശസ്തി നേടിയ ചന്ദ്രപ്പൊങ്കാല ക്ഷേത്രത്തിനും ചുറ്റുമുള്ള പത്തു കിലോമീറ്റര്‍ ഒരു യാഗശാലയാക്കി മാറ്റുന്നു.
നവരാത്രിക്കാലത്ത്
മറ്റൊരു പ്രധാന സവിശേഷാചാരം നവരാത്രി നാളിലാണ്. നവരാത്രിക്കാലത്ത് ബൊമ്മക്കൊലു പൂജയും, 3 വയസ്സ് മുതല്‍ 9 വയസ്സുവരെയുള്ള 1008 കുട്ടികളെ ദേവിയായി സങ്കല്‍പിച്ച് പൂജിച്ച്, അവര്‍ക്ക് ഭക്ഷണം, വസ്ത്രം, വള, കമ്മല്‍, മാല ഒക്കെ കൊടുത്ത് സംപ്രീതരാക്കുന്നതും ഇവിടത്തെ മാത്രം സവിശേഷ ചടങ്ങാണ്.
ക്ഷേത്രട്രസ്റ്റ്
ആദ്ധ്യാത്മികത-വിദ്യാഭ്യാസം-ആരോഗ്യം എന്നീ ഘടകങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ത്രിതല സംവിധാനത്തിനാണ് ക്ഷേത്ര ട്രസ്റ്റ് മുന്‍തൂക്കം നല്‍കുന്നത്. പാരിപ്പള്ളിയിലെ എഞ്ചിനീയറിംഗ് കോളേജും, തഴുത്തലയിലെ എയ്ഡഡ് സ്‌കൂളും ക്ഷേത്രത്തിന് അധികം അകലെയല്ലാതുള്ള ഗോശാലയും അതാണ് തെളിയിക്കുന്നത്. നാട്ടുകാര്‍ക്ക് ശുദ്ധമായ പശുവിന്‍പാല്‍ നല്‍കുന്ന ഗോശാലയില്‍ പാലുവാങ്ങാനെത്തുന്നവരുടെ വന്‍തിരക്കാണ് നിത്യവും.
കൊല്ലം – ചെങ്കോട്ട ദേശീയ പാതയില്‍ കല്ലുംതാഴം ജംഗ്ഷനില്‍നിന്ന് 2 കിലോമീറ്റര്‍ തെക്കോട്ടും, കൊല്ലം ബൈപാസിലെ പാലത്തറ ജംഗ്ഷനില്‍നിന്ന് 500 മീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും കൂനമ്പായിക്കുളത്തെത്താം.
ക്ഷേത്രാചാര വിവരങ്ങള്‍
- എല്ലാ ചൊവ്വാഴ്ചയും രാവിലെ 10:00 ന് കാര്യസിദ്ധി പൂജയും അന്നദാനവും
- എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണിക്ക് വടക്കും പുറത്ത് ഗുരുതിയും അന്നദാനവും
- എല്ലാ ശനിയാഴ്ചയും വൈകിട്ട് 5:30 ന് നീരാഞ്ജന വിളക്ക്
- എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:20 ന് രാഹുപൂജ (നാരങ്ങാവിളക്ക്)
- എല്ലാ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ അന്നദാനം
- എല്ലാ ചൊവ്വാഴ്ചകളിലും മലയാളമാസം ഒന്നാം തീയതിയും രാവിലെ 6 ന് സമൂഹ ഗണപതിഹോമം വൈകുന്നേരം 6 ന് ഭഗവതിസേവ
- മലയാളമാസം ആദ്യഅവസാന ഞായറാഴ്ചകളില്‍ വ്രതം
- മലയാളമാസം അവസാന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കഷായ കലശാഭിഷേകം
- മലയാളമാസം രണ്ടാം ഞായറാഴ്ച രാവിലെ 9:30 മുതല്‍ നവഗ്രഹശാന്തിഹോമവും ശനിദോഷനിവാരണ പൂജയും
- മലയാളമാസം അവസാന വെള്ളിയാഴ്ച രാവിലെ 10 ന് കുബേരലക്ഷ്മിപൂജ (ദേവീപ്രീതി പൂജ)
- ആയില്യം നക്ഷത്രത്തില്‍ രാവിലെ 8:30 ന് സര്‍പ്പപൂജ
- എല്ലാ മലയാള മാസം തിരുവാതിര നാളില്‍ സമൂഹ മൃതുഞ്ജയ ഹോമം
- സര്‍വൈശ്വര്യത്തിനായി ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും പട്ടും മണിയും സമര്‍പ്പിക്കാവുന്നതാണ്
- എല്ലാവര്‍ഷവും വൃശ്ചികമാസത്തില്‍ സഹസ്രകലശാഭിഷേകം
- എല്ലാദിവസവും രാവിലെ 7:30 മുതല്‍ കഞ്ഞിസദ്യ
ക്ഷേത്രത്തിലെ ഫോൺ നമ്പർ: 09747125299, 09847238659
ശ്രീ വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രത്തിലെത്താൻ:
Summary: Valiya Koonambaikulam temple or Valia Koonampayikulam temple is a Hindu temple located at Koonambaikulam near Vadakkevila in Kollam district of Kerala in India. This is one of the most ancient temples in Kerala and is dedicated to Bhadrakali (popularly known as ‘Koonambaikulathamma’, which means the mother of Koonambaikulam). The temple is under the control of Valiya Koonambaikulam Sree Bhadrakali Kshetra Trust.