ഇത്തവണ കണിയൊരുക്കുമ്പോൾ ഇവ ഉണ്ടോ എന്ന് നിർബന്ധമായും ഉറപ്പുവരുത്തുക
വിഷുത്തലേന്നാണ് കണിയൊരുക്കുന്നത് എങ്കിലും അതിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങണം. വിഷുവിൻറെ അന്നും തലേദിവസവും കുടുംബത്തിൽ പരമാവധി മത്സ്യമാംസാദികൾ വെക്കാതിരിക്കുക. തലേദിവസം വൈകുന്നേരം തൃസന്ധ്യ തുടങ്ങുന്നതിനുമുമ്പ്, അതായത് ഒരു നാലര അഞ്ചുമണിക്ക് മുൻപായി വീടും പരിസരവും അടിച്ചുവാരി ചാണകവെള്ളമോ മഞ്ഞൾ ഇട്ട വെള്ളമോ തുളസി വെള്ളമോ തളിച്ച് ശുദ്ധി വരുത്തുക. വീടിൻറെ അകം മുഴുവൻ തൂത്തു തുടയ്ക്കണം.
വൈകുന്നേരത്തെ വിളക്ക് കൊളുത്തലും നാമജപാദികളും കഴിഞ്ഞാൽ വിഷുക്കണി ഒരുക്കി വയ്ക്കാം. സൂര്യോദയത്തിന് മുമ്പ് കണി കാണണം. പുലർച്ചെ 3.30 മുതൽ 5.30 വരെയുള്ള സമയത്ത് വിഷുക്കണി തൊഴണം.
ഓട്ടുരുളി നല്ല വൃത്തിയായി തേച്ചു കഴുകി അതിനകത്താണ് കണിവെക്കുന്നത്. കണിയിൽ ഏറ്റവും പ്രധാനവും നിർബന്ധമായും വേണ്ടതും വെള്ളരിക്കയാണ്. പിന്നെ കണിക്കൊന്ന. ഒരു നാളികേരം, മൂന്ന് വെറ്റില, ഒരു അടയ്ക്ക, കോടിവസ്ത്രം, വാൽക്കണ്ണാടി എന്നിവയും വേണം. ചക്കയുടെ കാലമായതിനാൽ ചക്ക, മാങ്ങ എന്നിവയും ഏതെങ്കിലും ഒരു പഴവും വെക്കാം. നെല്ല്, അരി ഇവയും വേണം. അഷ്ടമംഗല്യക്കൂട്ടുണ്ടെങ്കിൽ വളരെ നല്ലതാണ്.
ഭഗവാൻ കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന വിധത്തിൽ വേണം കണി ഒരുക്കാൻ. മുറിച്ച കഷണങ്ങൾ കണിവെക്കാൻ പാടില്ല. ചെറിയൊരു വെള്ളരിക്ക, നാളികേരം, ചക്ക, മാങ്ങ, അങ്ങനെ എല്ലാം ഓരോന്നായാലും മതി. പരമാവധി വാൽക്കണ്ണാടി തന്നെ വെക്കുക. ഒരു കുടുംബമായാൽ വാൽക്കണ്ണാടി വേണം എന്നാണ് പ്രമാണം. അഷ്ടമംഗല്യ കൂട്ടിലാണെങ്കിലും വാൽക്കണ്ണാടി നിർബന്ധമാണ്. ഇത്രയും സാധനങ്ങൾ ഒരുക്കി വെച്ചതിനുശേഷം ഒരു വിളക്ക് കിഴക്കുപടിഞ്ഞാറ് രണ്ട് തിരിയിട്ട് കത്തിച്ച് കെടാവിളക്കായി വെക്കാം. രാവിലെ ആദ്യം കാണുന്ന അമ്മക്ക് അത് അഞ്ച് തിരിയാക്കി മാറ്റാം.
അഞ്ച് തിരി ആക്കിയതിനു ശേഷം ഓരോരുത്തരെയും കൊണ്ടുവന്ന് വിഷുക്കണി തൊഴീക്കണം. അവർ ആദ്യമായിട്ട് കാണുന്നത് വിഷുക്കണിയാവണം. വീട്ടിൽ പശു ഉണ്ടെങ്കിൽ തൊഴുത്തിൽ വിഷുക്കണി കാണിക്കാം. തൊഴുത് ഭഗവാനെ സങ്കൽപ്പിച്ച് പുണ്യതയുടെ, ശ്രീത്വത്തിൻ്റെ, നന്മയുടെ, ഐശ്വര്യത്തിൻ്റെ, സമാധാനത്തിൻ്റെ, സന്തോഷത്തിൻ്റെ എല്ലാം കാരകനായി നിൽക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ നമസ്കരിക്കണം.
എല്ലാരും കണി കണ്ടു കഴിഞ്ഞു എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ വിഷു കൈനീട്ടം കൊടുക്കണം. സമ്പത്തനുസരിച്ച് നൂറിൻറെയും അഞ്ഞൂറിൻറെയും രണ്ടായിരത്തിൻറെയും നോട്ടുകൾ കൈകളിൽ കൊടുക്കുന്ന രീതിയാണ് ഇപ്പോഴുളളത്. അതല്ല ശരിയായ രീതി.
കുടുംബനാഥനായി നിൽക്കുന്ന ആൾ വിഷുക്കണിയുടെ അടുത്ത് തന്നെ ഒരു പലകയിട്ട് ഇരിക്കണം. കുടുംബനാഥൻ സ്വർണ്ണവും ചില്ലറ നാണയവും നെല്ലും അരിയും കണിക്കൊന്നയുടെ അൽപ്പം പൂവും കൂടെ കൂട്ടി എല്ലാവർക്കും രണ്ട് കൈകൊണ്ട് കൊടുക്കണം. മേടിക്കുന്ന ആളും ചമ്രം പടിഞ്ഞിരുന്ന് രണ്ടു കൈകൊണ്ട് തന്നെ മേടിക്കണം. അങ്ങനെ കുടുംബനാഥൻ ഓരോ വ്യക്തിക്കും മൂപ്പുമുറ അനുസരിച്ച് കൈനീട്ടം കൊടുക്കണം. സ്വർണം ഓരോരുത്തർക്കും വേറെ വേറെ കൊടുക്കണം എന്നില്ല. കൈനീട്ടം വാങ്ങിയതിനു ശേഷം സ്വർണം തിരിച്ചു നിലത്തു വെച്ചാൽ മതി. കുടുബനാഥന് അതെടുത്തു അടുത്ത ആൾക്ക് കൊടുക്കാം.
നെല്ലും അരിയും ചേരുന്നതിന് അക്ഷതം എന്നാണ് പറയുക. അത് ശ്രീയാണ്. കൊന്നപ്പൂവും അങ്ങനെ തന്നെ. കൈനീട്ടം സൂക്ഷിച്ചു വെക്കണം. കൂവളത്തില ശിവനുവേണ്ടി സൃഷ്ടിക്കപ്പെട്ടപോലെ വിഷുവിനായി സൃഷ്ടിക്കപ്പെട്ടതാണ് കണിക്കൊന്ന. വിഷു വന്നെത്തുമ്പോൾ വിഷുവിനെ വിളിച്ചറിയിക്കാൻ, നന്മയൊരുക്കാൻ ആണ് വിഷുക്കണിപ്പൂവ് എന്ന് പറയുന്ന കൊന്നപ്പൂവ് ഉണ്ടാകുന്നത്. വിഷുകൈനീട്ടം ലഭിച്ചുകഴിഞ്ഞാൽ ഓരോരുത്തരും കുടുംബനാഥനെ നമസ്കരിക്കണം. ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ!